എം.പി. വീരേന്ദ്രകുമാര്‍ – 2011

അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്.

അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ കൂടെ കഴിയാന്‍ അവസരം ലഭിച്ചു. തിരക്കു പിടിച്ച ദിനചര്യകള്‍ക്കിടയില്‍ അത്രയും നേരം അമ്മയുടെ സവിധത്തില്‍ കഴിയാനായതു് അമൂല്യമായൊരു അനുഭവമായാണു ഞാന്‍ കരുതുന്നതു്. എൻ്റെ കൂടെ ‘മാതൃഭൂമി’യിലെ നന്ദനും വെച്ചൂച്ചിറ മധുവുമുണ്ടായിരുന്നു.

അന്നു് അമ്മയുമായി സംസാരിക്കാത്ത കാര്യങ്ങളില്ല. ആദ്ധ്യാത്മികരാഷ്ട്രീയസാമ്പത്തിക സാമൂഹികസാംസ്‌കാരിക മേഖലകളെ സ്പര്‍ശിക്കുന്ന പല വിഷയങ്ങളെക്കുറിച്ചും അമ്മയുമായി സംസാരിച്ചു. ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, ഭൗതിക സംഭവവികാസങ്ങളെ സംബന്ധിച്ചും അമ്മയ്ക്കുള്ള അഗാധമായ ജ്ഞാനം അദ്ഭുതാവഹമായാണു് എനിക്കു് അനുഭവപ്പെട്ടതു്. അച്ചടിദൃശ്യമാധ്യമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അമ്മയ്ക്കു വ്യക്തമായ അവബോധമുണ്ടായിരുന്നു. ഈ രംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചും ആധികാരികതയോടെതന്നെ അമ്മ സംസാരിക്കുകയുണ്ടായി. കുറെ പുതിയ അറിവുകളുമായി അന്നു് ആശ്രമത്തിൻ്റെ പടികളിറങ്ങിയപ്പോള്‍, സ്നേഹവാത്സല്യങ്ങളോടെ അമ്മ ഞങ്ങളെ യാത്ര അയച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ സന്ദര്‍ശനം.

‘മരുഭൂമിയിലെ ചുട്ടുപഴുത്ത മണല്‍ക്കാടുകളിലെവിടെയോ തളര്‍ന്നു വരുന്ന യാത്രക്കാര്‍ക്കു വേണ്ടി ദൈവം ഒരു തണല്‍മരം നടുന്നതുപോലെയാണു്’, ദിവ്യാത്മാക്കള്‍ വരുന്നതെന്നു മഹാകവി വള്ളത്തോള്‍ പാടിയതു് അമ്മയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണെന്നു മുന്‍പൊരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നു. മനുഷ്യഹൃദയങ്ങളില്‍ സ്നേഹത്തിൻ്റെയും ആര്‍ദ്ര വികാരങ്ങളുടെയും ഉറവകള്‍ വറ്റുമ്പോഴാണു യഥാര്‍ത്ഥത്തില്‍ മരുഭൂമികള്‍ ഉണ്ടാകുന്നതു്. അപ്പോള്‍ ദയയുടെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഒരു കണികയെങ്കിലും അനുഭവിക്കാന്‍ നാം കൊതിച്ചുപോകും.

ആലപ്പുഴ ജില്ലയിലെ ഓച്ചിറ പരബ്രഹ്മസന്നിധാനത്തില്‍നിന്നു് ആറുകിലോമീറ്റര്‍ തെക്കുള്ള മാതാ അമൃതാനന്ദമയീ ആശ്രമം ഇന്നു് അന്തര്‍ദ്ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നതു് ഏതെങ്കിലും ഭൗതിക കാരണങ്ങളാലല്ല; പരസഹസ്രങ്ങള്‍ക്കു മാതൃസ്നേഹത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു ആ ഇടമെന്നതുകൊണ്ടാണു്. ‘അമ്മ’ എന്ന സങ്കല്പം ഇന്നും വിശുദ്ധവും അവാച്യവുമായ വാത്സല്യത്തിൻ്റെ പ്രതീകമാണു്. ‘വള്ളിക്കാവിലെ അമ്മ’ അങ്ങനെ വാത്സല്യസ്വരൂപിണിയായ അമ്മയായിത്തീര്‍ന്നിരിക്കുന്നു.

‘പരമമായ പ്രേമസ്വരൂപമാണു ഭക്തി’ എന്നു നാരദമഹര്‍ഷി തൻ്റെ ‘ഭക്തിസൂത്ര’ത്തില്‍ പറയുന്നുണ്ടു്. ജ്ഞാനവും കര്‍മ്മവും യോഗവുമെല്ലാം, വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നദികള്‍, മഹാസമുദ്രത്തില്‍ ചെന്നു വിലയിക്കുന്നതുപോലെ, ഭക്തിയോഗത്തില്‍ സാഫല്യമടയുന്നു. ഭക്തസൂര്‍ദാസും ചൈതന്യമഹാപ്രഭുവും കബീറും തുളസീദാസും ഭക്തിയുടെ അഗാധതകളില്‍ നിര്‍ലീനരായവരാണു്. ഭക്തിയിലൂടെ മാത്രമേ പരമമായ ആനന്ദം അനുഭവ വേദ്യമാകൂ എന്നവര്‍ വിശ്വസിക്കുകയും ചെയ്തു.

‘തളികയിലോ, കുമ്പിളിലോ അല്ലാതെ ജലം കെട്ടി നില്ക്കുകയില്ല. അതുപോലെ ഹരിഭക്തി യിലൂടെ അല്ലാതെ ആനന്ദവും സാദ്ധ്യമല്ലെ’ന്നു തുളസീദാസു് ‘രാമചരിതമാനസത്തി’ല്‍ പറയുന്നു. യോഗേശ്വരനാണു കൃഷ്ണന്‍; ഭഗവദ്ഗീതയുടെ സന്ദേശം ജ്ഞാനകര്‍മ്മഭക്തിയോഗങ്ങളുടെ സമന്വയവുമാണു്. എങ്കിലും കൃഷ്ണനെ പരമമായ പ്രേമത്തിൻ്റെ മൂര്‍ത്തീഭാവമായാണു ഭക്തജനങ്ങള്‍ എക്കാലവും കാണുന്നതു്. ‘യോഗ’ത്തിൻ്റെ സന്ദേശവുമായി അമ്പാടിയിലെത്തിയ ഉദ്ധവരോടു ഗോപികമാര്‍ സംവദിക്കുന്നതിനെ ഭക്തസൂര്‍ദാസു് വിവരിക്കുന്നുണ്ടു്. ”ശരീരവും മനസ്സും എല്ലാം ശ്യാമവര്‍ണ്ണനെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഉദ്ധവാ, താങ്കള്‍ യോഗത്തിൻ്റെ സന്ദേശവുമായാണു് എത്തിയിരിക്കുന്നതു്. എന്നാല്‍ രോമകൂപങ്ങളില്‍പ്പോലും കൃഷ്ണന്‍ നിറഞ്ഞുനില്ക്കുമ്പോള്‍, ഈ യോഗത്തെ പ്രതിഷ്ഠിക്കാന്‍ ഇടമെവിടെ?” എന്നാണു ഗോപികമാര്‍ ചോദിക്കുന്നതു്.

ഭക്തിയുടെയും പ്രേമത്തിൻ്റെയും ഈ നിര്‍വൃതി, അമ്മയുടെ സന്ദേശങ്ങളിലും സങ്കീര്‍ത്തനങ്ങ ളിലും ദര്‍ശനീയമാണു്. സ്മൃതിമധുരങ്ങളും ഹൃദയാവര്‍ജ്ജകങ്ങളുമായ അമ്മയുടെ കീര്‍ത്തനാലാപനം അനിര്‍വ്വചനീയമായ ഭക്തിയുടെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ആ കീര്‍ത്തന ങ്ങളില്‍ കൃഷ്ണനെ കാത്തിരിക്കുന്ന ഒരു കൃഷ്ണഭക്തയുടെ പ്രതീക്ഷ, തുടികൊട്ടി നില്ക്കുന്നു.

”ഒരു നാളില്‍ ഞാനെന്‍ കണ്ണനെക്കാണും
ഒരു ഗാനമാധുരി കേള്‍ക്കും
ഓമനച്ചുണ്ടുകളില്‍ ഓടക്കുഴലുമായ്
ആരോമല്‍ക്കണ്ണനെന്‍ മുന്നില്‍ വരും
അന്നെൻ്റെ ജന്മം സഫലമാകും
അന്നു ഞാനാനന്ദമഗ്നയാകും.”

ഭക്തിയുടെയോ ജ്ഞാനയോഗങ്ങളുടെയോ ശാസ്ത്രീയസിദ്ധാന്തങ്ങളൊന്നും പഠിച്ചറിയാന്‍ അവസരം സിദ്ധിക്കാത്ത, സുധാമണിയെന്ന ഒരു വെറും സാധാരണവനിതയില്‍ വിശ്വ വശീകാരകമായ ശക്തിവിശേഷങ്ങള്‍ എങ്ങനെ വികാസം പ്രാപിച്ചു എന്നതു ഭൗതിക കാഴ്ചപ്പാടിലൂടെ വിവരിക്കാന്‍ പ്രയാസമാണു്. ഒരുവേള, ജന്മാന്തരങ്ങളിലൂടെ നേടിയ അനുഭവ പരിണാമമായിരിക്കാം അതു്.

”കോടിയബ്ദങ്ങള്‍ പിന്നിട്ട കഥകളെന്‍ –
ചാരുസിരയിലുദിച്ചുയര്‍ന്നു.”

എന്നു തൻ്റെ ഒരു സങ്കീര്‍ത്തനത്തില്‍ അമ്മതന്നെ വിശദീകരിച്ചതു് ഇക്കാര്യമായിരിക്കാം. എല്ലാവരും അമ്മയ്ക്കു മക്കളാണു്. പ്രായമോ ജാതിഭേദമോ ഔദ്യോഗിക പദവികളോ ഒന്നും അതിനു ബാധകമല്ല. ‘മക്കളേ, മോനേ’ എന്ന സംബോധനയ്ക്കു മുന്‍പില്‍ എല്ലാ ശിരസ്സുകളും കുനിഞ്ഞുപോകുന്നു. ഉന്നത സ്ഥാനീയര്‍തൊട്ടു സാധാരണ മനുഷ്യര്‍വരെ ‘അമ്മ’യുടെ മുന്‍പില്‍ കൊച്ചുമക്കളായി മാറുന്നതു് അത്യപൂര്‍വ്വമായ ഒരു അനുഭവമാണു്. വിവിധ ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങള്‍ അമ്മ സന്ദര്‍ശിച്ചു കഴിഞ്ഞു. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും അമ്മയെ കാണാന്‍ മക്കളെത്തുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ടോക്കിയോ കമ്മ്യൂണിറ്റി കോളേജില്‍ നടന്ന ഒരു ചടങ്ങിനെപ്പറ്റി സ്വാമി അമൃതസ്വരൂപാനന്ദപുരി വിവരിച്ചതിവിടെ അനുസ്മരിക്കട്ടെ. കോളേജിൻ്റെ മാനേജിങ് ഡയറക്ടറായ ‘തകീകോ കൊല്‍സുമി’യാണു പ്രസ്തുത ചടങ്ങു സംഘടിപ്പിച്ചതു്. അറുപതു വയസ്സുള്ള ആ മാന്യസ്ത്രീയുടെ വസതിയിലാണു് അമ്മയും അനുയായികളും വിശ്രമിച്ചിരുന്നതു്. സാമൂഹിക സേവനം ഐച്ഛികവിഷയമായെടുത്ത മുന്നൂറു വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും മറ്റു പലരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അര മണിക്കൂര്‍ നേരം യഥാര്‍ത്ഥ സാമൂഹികസേവനങ്ങളെ പറ്റി അമ്മ അനുഗ്രഹപ്രഭാഷണം നടത്തി. നിറഞ്ഞ കണ്ണുകളോടെയാണു ജപ്പാന്‍കാര്‍ അമ്മയ്ക്കു വിട നല്കിയതു്. ”അമ്മ വീണ്ടും വരണം, വീണ്ടും!” വികാരനിര്‍ഭരമായിരുന്നു അവരുടെ വാക്കുകള്‍.

വിദേശനാടുകളിലെ വൃദ്ധജനങ്ങളും യുവതീയുവാക്കളും അവരുടെ ദുഃഖങ്ങളെല്ലാം മറന്നു് അമ്മയുടെ സന്ദേശം സശ്രദ്ധം കേള്‍ക്കുന്നു. അവരെ ഏറ്റവും ആകര്‍ഷിക്കുന്നതു് അമ്മയുടെ വാത്സല്യമാണു്. പലരും അമ്മയുടെ കണ്ണുകളിലേക്കു നോക്കി പൊട്ടിക്കരയുന്നു. സ്നേഹം നഷ്ടപ്പെടുന്നവര്‍ക്കു്, നിഷേധിക്കപ്പെടുന്നവര്‍ക്കു് അമ്മ പ്രേമസ്വരൂപിണിയാണു് ത്യാഗസ്വരൂപിണി ആണു്. സ്നേഹസാന്ത്വനങ്ങള്‍ ദ്രുതഗതിയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തു്, തന്നെ സ്നേഹിക്കാനും വിഷമഘട്ടത്തില്‍ ആശ്വസിപ്പിക്കാനും ഒരാളുണ്ടു് എന്ന തോന്നല്‍ നല്കുന്ന അനുഭൂതി അമൂല്യമത്രെ. അമ്മ സ്നേഹാര്‍ദ്രമായൊരു വികാരമാവുന്നതും അതുകൊണ്ടുതന്നെ. ഒരിക്കല്‍ അമ്മയുടെ ദര്‍ശനത്തിനു ശേഷം ഒരു പതിനഞ്ചു വയസ്സുകാരന്‍ അലക്‌സാണ്ട്രി ക്ലിന്‍സു് പറഞ്ഞതു് ഇങ്ങനെയാണു്. ”ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും മാതൃത്വം ഒന്നിച്ചു കൂടിയാലും ഈ അമ്മയുടെ സാര്‍വ്വലൗകിക മാതൃത്വത്തിനു കിടനില്ക്കുകയില്ല!

‘ആത്മസ്വരൂപത്തിൻ്റെ അനുസന്ധാനമാണു ഭക്തി. സാധനയുടെ അന്ത്യഘട്ടത്തില്‍ തനിക്കുണ്ടായ അനുഭൂതിയെപ്പറ്റി അമ്മ ഒരിടത്തു് ഇങ്ങനെ പാടിയിട്ടുണ്ടു്:

”ആനന്ദവീഥിയിലൂടെൻ്റെയാത്മാവു്,
ആടി രസിച്ചു നടന്നൊരുനാള്‍
ആ നിമിഷങ്ങളില്‍ രാഗാദിവൈരികള്‍
ഓടിയൊളിച്ചിതെന്‍ ഗഹ്വരത്തില്‍
എന്നെ മറന്നു ഞാന്‍, എന്നിലൂടന്നൊരു
തങ്കക്കിനാവില്‍ ലയിച്ചു…
മന്ദസ്മിതം തൂകി ആ ദിവ്യജ്യോതിസ്സു്
എന്നിലേക്കാഴ്ന്നു ലയിച്ചു.”

ഈ അനുഭൂതിയെ തുടര്‍ന്നാണു് അമ്മയ്ക്കു് ഏകത്വദര്‍ശനമുണ്ടാകുന്നതു്. പിന്നീടു് അമ്മ ഒരു അദ്വൈതവാദിയുടെ ഭാഷയിലാണു സംസാരിച്ചതു്. ”ഈശ്വരനും നാമും രണ്ടെന്നു കാണുമ്പോ ഴാണു ദുഃഖമുണ്ടാകുന്നതു്. എല്ലാം ഒന്നെന്നു ബോധിച്ചാല്‍ പിന്നെ ദുഃഖമില്ല. ഈശ്വരചിന്ത ചെയ്യുന്ന സമയമൊക്കെ ലാഭം. അല്ലാത്ത കാലമൊക്കെ നഷ്ടമെന്നാണു് എനിക്കു തോന്നുന്നതു്” – ചിന്തോദ്ദീപ കമായ അമ്മയുടെ വാക്കുകള്‍.