2004ല്‍ സുനാമി തിരകള്‍ ഏഷ്യാ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളെയും ആക്രമിച്ചു. അത് കേരളത്തിലെ കടലോര ഗ്രാമമായ ആലപ്പാടിനെയും വെറുതെ വിട്ടില്ല.
അന്ന് ആശ്രമത്തിലുണ്ടായിരുന്ന 20,000 ഓളം വരുന്ന സ്വദേശീയരും വിദേശീയരുമായ ഭക്തന്മാരെ രക്ഷിച്ചതോടൊപ്പം, അനേകായിരം വരുന്ന നാട്ടകാരുടെയും എല്ലാം നഷ്ടപ്പെട്ട അന്യസംസ്ഥാനക്കാരായ ജനങ്ങളുടെയും ദുഃഖം അമ്മ സ്വന്തം നെഞ്ചിലേറ്റി. അവര്‍ക്ക് താങ്ങും തണലുമായി അമ്മ നില നിന്നു. കേരളം, തമിഴ്‌നാട്, ആന്റമാന്‍ ദ്വീപുകള്‍, ശ്രീലങ്ക എന്നീ സ്ഥലങ്ങളില്‍ മാതാ അമൃതാനന്ദമയീ മഠം സുനാമി ബാധിതര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തി.
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള അഭയകേന്ദ്രങ്ങള്‍ തമിഴ്‌നാട്ടിലും കേരളത്തിലും അമ്മ സുനാമി കഴിഞ്ഞ് 2 ആഴ്ചക്കകം പണിതു നല്‍കി. അവര്‍ക്ക് വേണ്ട ആഹാരം, വസ്ര്തം, ചികിത്സ എന്നിവ അന്നുമുതല്‍ മഠം നല്കി വന്നു. സുനാമി ഏല്പിച്ച മാനസികാഘാതത്തില്‍ നിന്നും അവര്‍ക്ക് ശാന്തിയും സമാധാനവും ആത്മവിശ്വാസവും വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥകളും മഠം ചെയ്തു.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്റമാന്‍ നിക്കൊബാര്‍ ദ്വീപുകള്‍, ശ്രീലങ്ക എന്നിവിടങ്ങളിലായി 6200 ഓളം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്.
ഒരുവശത്ത് കായലും മറുവശത്ത് കടലുമായ ഒരു ദ്വീപിലാണ് അമൃതപുരി ആശ്രമം സ്ഥിതിചെയ്യുന്നത്. പതിനൊന്നുകിലോമീറ്ററില്‍ ഈ ദ്വീപില്‍ പാലമൊന്നുമുണ്ടായിരുന്നില്ല. സുനാമി സമയത്ത് വള്ളത്തിലൂടെ അക്കരെ കടക്കാന്‍ ശ്രമിച്ച നാട്ടുകാരായ കുറച്ചുപേര്‍ മരിച്ച വിവരം അമ്മയെ അഗാധദുഃഖത്തിലാഴ്ത്തി. ”ഒരു പാലമുണ്ടായിരുന്നെങ്കില്‍ അത്രയധികം ആളുകള്‍ മരിക്കുമായിരുന്നില്ല. ഒരു പാലം ഉണ്ടാവണം” എന്ന് അന്ന് അമ്മ തീരുമാനിച്ചു. ഒരു വര്‍ഷത്തിനകം അമൃതസേതു എന്ന പാലം പണിതു് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം 2006ല്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇനിയൊരു സുനാമി വന്നാല്‍ മുപ്പതു മിനിട്ടിനകം ഗ്രാമവാസികളെയെല്ലാം അക്കരെയെത്തിക്കാന്‍ ഈ പാലം സഹായിക്കും.
കേരളത്തിലെ തീരപ്രദേശത്ത് ഒരു ലക്ഷം കാറ്റാടിത്തൈകള്‍ നടുകയുണ്ടായി. ഇനിയുമൊരു സുനാമി ഉണ്ടായാല്‍ ഈ കാറ്റാടി തൈകള്‍ നാശത്തെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പതിനായിരം കുട്ടികള്‍ക്ക് 10 ദിവസത്തെ യോഗ, സംസ്‌കൃതം, ഇംഗ്ലീഷ് പരിശീലനക്ലാസുകള്‍ നീന്തല്‍ക്ലാസുകള്‍, കൗണ്‍സിലിംഗ് എന്നിവ നടത്തി. കുട്ടികളുടെ മാനസിക വിഭ്രാന്തിയേയും വെള്ളത്തോടുള്ള പേടിയേയും മാറ്റി ജീവിതത്തില്‍ പലതും നേടാനുണ്ടെന്ന പ്രത്യാശയുണ്ടാക്കാന്‍ കുട്ടികളെ ഇതു സഹായിച്ചു.
കുട്ടികള്‍ നഷ്ടപ്പെട്ട, വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്‌വരായ 7 സ്ത്രീകള്‍ക്ക് 2 വര്‍ഷത്തോളം നീണ്ടുനിന്ന വൈദ്യചികിത്‌സയിലൂടെ കൃത്രിമബീജദാനം നടത്തി, 9 കുട്ടികളുടെ അമ്മമാരായി വീണ്ടും മാതൃത്വത്തിന്റെ അമൃതം നുണയാറാക്കി.
ഇതു കൂടാതെ കേരളം തമിഴ്‌നാട് എന്നീ തീരദേശങ്ങളിലെ നൂറുകണക്കിന് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കി. ആലപ്പുഴ, കൊല്ലം, കൊച്ചി എന്നീ ജില്ലകളിലെ കുടുംബങ്ങള്‍ക്ക് പാചകപാത്രം വാങ്ങാനായി ഒന്നര കോടി രൂപ മഠം വിതരണം ചെയ്തു.
സുനാമി ബാധിത പ്രദേശങ്ങളിലെ 2500 ഓളം യുവതിയുവാക്കള്‍ക്ക് മാതാ അമൃതാനന്ദമയീ മഠത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സിംഗ്, സെക്യൂരിട്ടി, ഡ്രൈവിംഗ്. ബിഎഡ് എന്നീരംഗങ്ങളില്‍ പരിശീലനവും തൊഴിലവസരവും ഇതിനോടകം നല്‍കിയിട്ടുണ്ട്.
കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സുനാമി ബാധിച്ച എല്ലാ ജില്ലകളിലും മാതാ അമൃതാനന്ദമയി മഠമാണ് ആദ്യമായി വീടുകള്‍ പണിതു നല്‍കിയത്.
സുനാമി വീടുപണി തുടങ്ങിയ കാലത്തുണ്ടായിരുന്ന ചെലവ് രണ്ടുവര്‍ഷത്തിനകം മൂന്നിരട്ടിയായി. ഈ സുനാമി പുനരധിവാസ പദ്ധതിയില്‍ പങ്കുകൊണ്ട ആശ്രമ അന്തേവാസികളുടെയും ഭക്തരുടെയും എല്ലാം ശ്രമദാനവും കൂടി ചേര്‍ത്താല്‍ ചിലവ് 200 കോടി രൂപയ്ക്കുംമേലെ വരുമെന്നാണ് കണക്കാക്കുന്നത്.