ചോദ്യം : ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എല്ലാറ്റിലും ഈശ്വരന്‍റെ ഗുണങ്ങള്‍ കാണേണ്ടേ? പക്ഷേ, ചിലവ മനുഷ്യര്‍ക്കു ദ്രോഹമായിത്തീരുന്നതെന്തുകൊണ്ടാണു്?

അമ്മ: ഒരു വസ്തുവും നമുക്കു ദ്രോഹം ചെയ്യുന്നതായിട്ടില്ല. അഥവാ ഉണ്ടെന്നു പറയുകയാണെങ്കില്‍ അതു നമ്മള്‍ പ്രയോഗിച്ചതിന്‍റെ പിശകാണു്. വണ്ടി കൊണ്ടുചെന്നു് എവിടെയെങ്കിലും ഇടിച്ചിട്ടു പെട്രോളിനെ കുറ്റം പറഞ്ഞാല്‍ പറ്റുമോ? പെട്രോളൊഴിച്ചു വണ്ടി ഓടിക്കാം. അതേ പെട്രോളൊഴിച്ചു അതിനെ കത്തിക്കാം. ഓരോന്നിന്‍റെയും ഗുണങ്ങള്‍ നമ്മള്‍ പ്രയോഗിക്കുന്നതിനനുസരിച്ചു പ്രതിഫലിക്കുന്നു.

ചോദ്യം : ജീവജാലങ്ങളില്‍ മനുഷ്യനിലാണു് ഈശ്വരപ്രതിഫലനം കൂടുതലുള്ളതെന്നു പറയുന്നതെന്തുകൊണ്ടാണു്?

അമ്മ: വിവേചനശക്തി മനുഷ്യനു മാത്രമേയുള്ളൂ. തീ കാണുമ്പോള്‍ ഈയാംപാറ്റകളും മറ്റും അതിന്‍റെ ആഹാരമാണെന്നു കരുതി അതിനകത്തേക്കു പറന്നുവീണു മരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ തന്‍റെ വിവേചനശക്തികൊണ്ടു് അതിന്‍റെ പ്രയോജനം മനസ്സിലാക്കി അതുപയോഗിച്ചു് ആഹാരം പാകം ചെയ്യുവാന്‍ പഠിച്ചു. ഇരുട്ടുള്ള സ്ഥലത്തു പ്രകാശം പരത്തുവാന്‍ ഉപയോഗിച്ചു. വിവേചനമുള്ളവനു തീ ഉപയോഗമുള്ള സാധനം. അതില്ലാത്തവനാകട്ടെ അപകടകാരിയും. മനുഷ്യനു തീ പ്രയോജനപ്പെടുന്ന വസ്തുവാണെങ്കില്‍ ഈയാംപാറ്റയുടെ അന്തകനാണു തീ. ഇതുപോലെ പ്രപഞ്ചത്തിലുള്ള ഓരോന്നിലും നല്ലവശവും ചീത്തവശവുമുണ്ടു്. അവയിലെ നല്ലവശം അറിയുന്നവരാണു് ഈശ്വരന്‍റെ തത്ത്വത്തെ ശരിക്കു മനസ്സിലാക്കുന്നതു്. അവരെക്കൊണ്ടു ലോകത്തില്‍ പ്രയോജനം മാത്രമേയുള്ളൂ.

ചോദ്യം : ഈശ്വരന്‍ ഹൃദയത്തില്‍ വസിക്കുന്നതായി പറയുന്നുണ്ടല്ലോ?

അമ്മ: സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ അവിടുന്നു പ്രത്യേകിച്ചു് എന്തിനുള്ളില്‍ വസിക്കാനാണു്? ഒരു ചെറിയ ഗ്ലാസ്സിനുള്ളിലേക്കു് ഒരു വലിയ സഞ്ചി ഒതുക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ഗ്ലാസ്സു കാണാന്‍ കഴിയാത്തവിധം അതു വെളിയിലേക്കു കിടക്കും. ഒരു നദിയില്‍ കുടം മുക്കിയാല്‍ അകത്തും പുറത്തും വെള്ളം നിറഞ്ഞുനില്ക്കും. അതുപോലെ ഈശ്വരന്‍ ഈ രൂപങ്ങളിലൊന്നും ഒതുങ്ങുന്നതല്ല. അതിനുമപ്പുറമാണു്. സര്‍വ്വ ഉപാധികള്‍ക്കും അതീതനായ, സര്‍വ്വവ്യാപകനായ, സര്‍വ്വശക്തനായ അവിടുത്തെപ്പറ്റി നമുക്കു സങ്കല്പിക്കാന്‍ കഴിയുമോ? പിന്നെ നമ്മുടെ സൗകര്യത്തിനു വേണ്ടി നമുക്കു ഭാവന ചെയ്യുന്നതിനുവേണ്ടി ഒരു പ്രത്യേക വാസസ്ഥാനം പറയുന്നു. അവിടുന്നു ഹൃദയത്തില്‍ വസിക്കുന്നതായി പറയുന്നവരുണ്ടു്. അവര്‍ക്കു് അവിടുന്നു ഹൃദയത്തിലാണു്. വീട്ടിനകത്താണെന്നു കരുതുകയാണെങ്കില്‍ അവിടെയാണു്. അതു് ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചിരിക്കും. തന്നെ കൊല്ലാനായി നല്കിയ വിഷത്തെപ്പോലും ഈശ്വരപ്രസാദമായി കണ്ടപ്പോള്‍ മീരയ്ക്കതു വിഷമല്ലാതായിത്തീര്‍ന്നു. പ്രഹ്ളാദന്‍ തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു കണ്ടു. അവിടുന്നു് എല്ലാവരിലുമുണ്ടെന്നു വിശ്വസിച്ചു ജീവിക്കുന്നവര്‍ അവിടുത്തെ പൂര്‍ണ്ണമായി ദര്‍ശിക്കുന്നു. ആ വിശ്വാസമില്ലാത്തവനു് ഈശ്വരദര്‍ശനം ഒരിക്കലും സാദ്ധ്യമല്ല.

ചോദ്യം : ഈശ്വരന്‍ നിര്‍ഗ്ഗുണനാണെന്നു പറയുന്നതോ?

അമ്മ: ഈശ്വരന്‍ നിര്‍ഗ്ഗുണനാണു്, പക്ഷേ, അവിടുത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്കു് ഉപാധിയോടു കൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്കു ദാഹമുണ്ടു്. വെള്ളം വേണം. എന്നാലതു കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ആ പാത്രം നമ്മള്‍ ഉപേക്ഷിക്കും. ഈശ്വരനെ നിര്‍ഗ്ഗുണഭാവത്തില്‍ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണു്. അതിനാല്‍ ഭക്തന്‍റെ സങ്കല്പമനുസരിച്ചു് ഈശ്വരന്‍ രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണു നമുക്കു് എളുപ്പമായിട്ടുള്ളതു്. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധി സഹായകമാണു്. മരത്തില്‍ കയറാന്‍ അറിഞ്ഞുകൂടാത്ത ഒരാളിനു കൈയില്‍ ഒരു തോട്ടിയുണ്ടെങ്കില്‍ മാമ്പഴം പിച്ചിയെടുക്കാം. അതുപോലെ നമ്മിലിരിക്കുന്ന നല്ല ഗുണങ്ങളെ പുറത്തുകൊണ്ടു വരുവാന്‍ ഒരു ഉപാധി വേണ്ടിയിരിക്കുന്നു. ഈശ്വരശക്തി ലോകത്തില്‍ പ്രകടമാകുന്നതു് ഈ ഉപാധികളില്‍ക്കൂടിയാണു്. എന്നാലവിടുന്നു നിര്‍ഗ്ഗുണന്‍തന്നെ. ചോക്ലേറ്റുകൊണ്ടു് ഒരു രൂപം നിര്‍മ്മിച്ചാല്‍ കാണുമ്പോള്‍ ഒരു രൂപമുണ്ടു്, പക്ഷേ, ചൂടു തട്ടിയാല്‍ അലിഞ്ഞില്ലാതാകും.

ചോദ്യം : അമ്മേ, ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളതു്? വാസ്തവത്തില്‍ എന്താണു് ഈശ്വരന്‍?

അമ്മ: ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല, അനുഭവിച്ച് അറിയേണ്ടതാണു്. തേനിന്‍റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയുമോ?

രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്‍റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകള്‍ക്കതീതനാണു്, പരിമിതികള്‍ക്കപ്പുറമാണു്. അവിടുന്നു് എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ടു്. പ്രത്യേകിച്ചു് ഒരു രൂപമെടുത്തുവെന്നു പറയാന്‍ പറ്റുകയില്ല. ഇന്നതാണെന്നു വിശേഷിച്ചു പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്കു സങ്കല്പിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും അതിനപ്പുറവും കവിഞ്ഞു നില്ക്കുന്നതാണു ബ്രഹ്മം.

ചോദ്യം : ഈശ്വരനെക്കുറിച്ചു ചിന്തിക്കണമെങ്കില്‍ ഒരു ധാരണ നമുക്കുണ്ടായിരിക്കണ്ടേ?

അമ്മ: ഈശ്വരന്‍ ഗുണാതീതനാണു്. അവിടുത്തെക്കുറിച്ചു വാക്കാല്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെ, നമ്മുടെ ബുദ്ധിക്കു മനസ്സിലാകുന്നതിനുവേണ്ടി ഈശ്വരന്‍ ചില ഗുണങ്ങളോടുകൂടിയവനാണെന്നു പറയുന്നു. ആ ഗുണങ്ങളാകട്ടെ ത്യാഗികളായ മഹാത്മാക്കളില്‍ പ്രതിഫലിച്ചു കാണാം. അങ്ങനെയുള്ളവരാണു ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍. സത്യം, ധര്‍മ്മം, ത്യാഗം, സ്നേഹം, ദയ, കരുണ തുടങ്ങിയവയാണു് ഈശ്വരന്‍റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണു് ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കുകയുള്ളൂ. വിത്തിനുള്ളില്‍ പൂവും കായും എല്ലാമുണ്ടെങ്കിലും അതു മണ്ണിനടിയില്‍പ്പോയി അഹമാകുന്ന തോടു പൊട്ടിക്കഴിയുമ്പോഴാണു് അവയൊക്കെ പുറത്തുവരുന്നതു്. തോടുപൊട്ടി അതു വളര്‍ന്നു കഴിയുമ്പോള്‍ എല്ലാ രീതികളിലും ഉപകാരമേയുള്ളൂ. സ്വന്തം ചുവടു മുറിക്കുമ്പോഴും വൃക്ഷം തണലു നല്കുന്നു.
ത്യാഗത്തിലൂടെ ഹൃദയം കണ്ണാടിപോലെയാകുമ്പോള്‍ ഈശ്വരന്‍റെ സ്വരൂപം എന്തെന്നറിയാന്‍ കഴിയും. അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റും. ഭഗവദ്ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കും.