ഇരുപത്തിഏഴു തവണ ലോകമെമ്പാടും സഞ്ചരിച്ച അമ്മ, പതിനായിരകണക്കിനു ആദ്ധ്യാത്മിക ജ്ഞാനയജഞങ്ങള്‍ നടത്തിയിട്ടുണ്ട്. ജനിച്ച ഗൃഹം തന്നെ ആശ്രമമാക്കി, ക്രമേണ അതിനെ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആസ്ഥാനകേന്ദ്രമാക്കി രൂപാന്തരപ്പെടുത്തിയ അമ്മ കൈരളിയുടെ ശബ്ദം ഐക്യരാഷ്ട്രസഭവരെ എത്തിച്ചു.

1993 ല്‍ ഷിക്കാഗോയില്‍ നടന്ന വിശ്വമതമഹാസമ്മേളനത്തില്‍ 150 രാജ്യങ്ങളില്‍ നിന്നെത്തിയ 6500 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് അമ്മ സംസാരിച്ചു.

1995 ല്‍ ഐക്യരാഷ്ട്രസഭയുടെ 50ാം വാര്‍ഷികം ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടന്നപ്പോള്‍ അമ്മയുടെ ദിവ്യസാന്നിദ്ധ്യത്തോടൊപ്പം മലയാളത്തിന്റെ മധുരമൊഴിയും ലോകം കേട്ടു.

2000 ല്‍ പുതയുഗപ്പിറവി ആഘോഷിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നേഷസ്സിന്റെ ജനറല്‍ അസംബ്ലി ഹാളില്‍ അമ്മ പ്രത്യേക ക്ഷണിതാവായി മുഖ്യപ്രഭാഷണം നടത്തി.

2002 ല്‍ ജനീവയിലെ ഐക്യരാഷ്ട്രസഭയില്‍ വെച്ച് ”ലോകവനിതാ മത/ആദ്ധ്യാത്മിക നേതാക്കന്മാരുടെ സമ്മേളനത്തില്‍” അമ്മ പ്രധാനപ്രഭാഷണം നടത്തി. സ്ര്തീയില്‍ ഉറങ്ങുന്ന അനന്തശക്തിയായ മാതൃത്വത്തെ ഉണര്‍ത്താനുള്ള അമ്മയുടെ ആഹ്വാനമായിരുന്നത്. അന്ന് ആ സദസ്സ് സമാധനത്തിനുള്ള ‘ഗാന്ധികിങ്ങ്’ പുരസ്‌കാരം നല്‍കി അമ്മയെ ആദരിച്ചു.

2004 ല്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ വെച്ചു നടന്ന വിശ്വമതമഹാസമ്മേളനത്തിലും അമ്മ പ്രധാന പ്രഭാഷകരിലൊരാളായിരുന്നു. ലോകം ഇന്നു അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സസൂക്ഷ്മം വിലയിരുത്തുകയും പ്രയോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമാണ് അമ്മയുടെ ഈ പ്രഭാഷണം.

2010 ല്‍ ബഫല്ലോയിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അമ്മയ്ക്ക് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ബിരുദം ഏറ്റുവാങ്ങിക്കൊണ്ട് അമ്മ യഥാര്‍ഥവിദ്യാഭ്യാസം പുതുതലമുറകള്‍ക്കു പകര്‍ന്നു നല്‍കേണ്ടുന്നതിനെപ്പറ്റി പ്രൗഡമായ പ്രഭാഷണം നടത്തി.

2014 ൽ വത്തിക്കാനിൽ വച്ച് പോപ്‌ ഫ്രാന്സിനോടൊപ്പം അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യണമെന്ന ആഹ്വാനവുമായി ലോകമത നേതാക്കളുമായി ഒത്തുചേര്‍ന്നു. ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ എല്ലാ മതനേതാക്കളും ഒപ്പുവച്ചു.
ലോകത്തുനിന്നും അടിമത്തം തുടച്ചുനീക്കുന്നതിന് കത്തോലിക്ക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ് മതനേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, യഹൂദ, മുസ്ലിം മത നേതാക്കളും ഒരുമിച്ച് അണിനിരന്ന ചരിത്രനിമിഷത്തിനായിരുന്നു വത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്. അവരെ അഭിസംബോധന ചെയ്തു അമ്മ സംസാരിക്കുകയുണ്ടായി .

നമ്മള്‍ ആചരിക്കാന്‍ മറന്നു പോകുന്ന ജീവിതമൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനും നടപ്പാക്കാനുമാണ് മഹാപുരുഷന്മാര്‍ അവതരിക്കുന്നത്.

ശിഷ്യന്മാര്‍ക്കും ഭക്തന്മാര്‍ക്കും സര്‍വ്വജ്ഞയും മഹാഗുരുവാണ് അമ്മ. എന്നാല്‍ സമൂഹത്തിന്റെ സമൂലമായ വളര്‍ച്ചയേയും വികാസത്തെയും കുറിച്ച് അമ്മയ്ക്ക് തനതായ വീക്ഷണമുണ്ട്.

മനുഷ്യന്‍ പ്രപഞ്ചത്തിന്റെയും ഈശ്വരന്റെയും ഭാഗമാണ്. അതു കേവലം ബാഹ്യമായൊരരു ബന്ധം മാത്രമല്ല, ആന്തരികമായ ഐക്യമാണ്. ആത്മബന്ധമാണത്. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടു മാത്രമേ അതറിയാനും ദൃഢപ്പെടുത്താനും സാധിക്കയുള്ളു. അതിനുള്ള മാര്‍ഗ്ഗമാണ് ആത്മീയത. എല്ലാം ഒന്നാണ്, ഒരൊറ്റശക്തിയുടെ വിവിധ ഭാവങ്ങളും രൂപങ്ങളുമാണെന്നുള്ള വിശ്വാസവും അനുഭവജ്ഞാനവുമാണ് യഥാര്‍ത്ഥ മതവും ആത്മീയതയുമെന്നാണ് അമ്മ പഠിപ്പിക്കുന്നത്. ആ വിശ്വാസവും അതില്‍ നിന്നുടലെടുക്കുന്ന പ്രേമവും കാരുണ്യവും മാത്രമാണു ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം.

വേദനിക്കുന്ന മനസ്സുകള്‍ക്ക് ആത്മീയ ശാന്തി പകര്‍ന്നു കൊടുക്കുന്ന അമ്മ വിശക്കുന്ന വയറിനു ഭക്ഷണവും നല്‍കുന്നു. രണ്ടിനും തുല്യ പ്രധാന്യം നല്‍കുന്ന അമ്മ, കര്‍മ്മവും ധ്യാനവും സമന്വയിപ്പിക്കാനാണ് പഠിപ്പിക്കുന്നത്. കര്‍മ്മത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍ക്ക് ആത്മീയതയില്‍ സ്ഥാനമില്ലെന്ന് അമ്മ ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാല്‍ കര്‍മ്മത്തില്‍ മാത്രം ഊന്നി ജീവിതം നയിക്കുന്ന മനസ്സുകള്‍ക്ക് ആത്മീയതയുടെ താങ്ങും തണലും ആവശ്യമാണെന്നും അമ്മ ഉദ്‌ഘോഷിക്കുന്നു.
രണ്ടുതരത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ഇന്നു ലോകത്തിലുള്ളതെന്ന് അമ്മ പറയുന്നു:
1. ആഹാരവും വസ്ര്തവും കിടപ്പാടവും കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍.
2. സ്നേഹവും കാരുണ്യവും കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍.

ഇതില്‍ രണ്ടാമത്തെതാണ് ഒന്നാമതായി പരിഗണിക്കേണ്ടത്. കാരണം, മനസ്സില്‍ സ്നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ര്തവും കിടപ്പാടവും ഇല്ലാതെ കഷ്ടപ്പെടുന്നവരെ നമ്മള്‍ നിറഞ്ഞമനസ്സോടെ സേവിക്കുകയും സഹായിക്കുകയും ചെയ്യും എന്ന് അമ്മ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

വിശ്രമമില്ല അമ്മയ്ക്ക് – ഒരു ദിവസം പോലും അവധിയും എടുക്കാറില്ല. വര്‍ഷത്തില്‍ 365 ദിവസവും അമ്മ കര്‍മ്മനിരതയാണ്.

മാനവരാശിയുടെ ശാന്തിക്കും സമൂഹത്തിന്റെ ഉദ്ധാരണത്തിനും വേണ്ടി രാപ്പകലില്ലാതെ ത്യഗോജ്ജ്വലമായ സേവനമനുഴിക്കുന്ന അമ്മ, ലോകത്തില്‍ എവിടെയായാലും മണിക്കൂറുകള്‍ ഒരേ ഇരുപ്പിലിരുന്ന് പതിനായിരങ്ങളെ നേരിട്ടു കാണാറുണ്ട്. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടു കേള്‍ക്കുന്നു. അവയെ സ്വന്തം നെഞ്ചിലേറ്റി അതിനു പരിഹാരം കാണാനും അമ്മ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു.

നിസ്സീമമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രത്യക്ഷരൂപമാണമ്മ. ഈ മഹാപ്രതിഭാസത്തിനു മുന്‍പില്‍ വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. ഇവിടെ, ധ്യാനത്മകമായ മനസ്സിന്റെ നിശ്ചലതയാണു നമുക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്.