അമൃതനികേതന്‍, പാരിപ്പള്ളി
1987ല്‍ പാരിപ്പള്ളിയിലുള്ള ഒരു അനാഥാലയം ഏറ്റെടുക്കുന്നതോടെയാണ്, അമ്മ തന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവിടുത്തെ കുട്ടികളുടെ ദുരിതപൂർണ്ണമായ അവസ്ഥകണ്ട് മനസ്സലിഞ്ഞ അമ്മ, അമൃതപുരിയില്‍ ആദ്യമായി ഒരു പ്രാർത്ഥനാ മന്ദിരം പണിയാന്‍ ഭക്തന്മാര്‍ നല്കിയ പണം ആ കുട്ടികളുടെയും സ്‌കൂളിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിനിയോഗിച്ചു. ഇന്ന് അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. അവരുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും കലാസംസ്‌കാരിക വികാസവും നോക്കി നടത്തുന്ന പാരിപ്പള്ളിയിലെ അനാഥാലയമാണ് അമൃതനികേതന്‍. സാഹിത്യത്തിലും സംഗീതത്തിലും നൃത്തത്തിലും വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലുമൊക്കെയുള്ള ഇവരുടെ മികവ് സംസ്ഥാന തലത്തില്‍ ഇതിനോടകം തെളയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കെനിയയിലും ഹെയിത്തിയിലും അമ്മ അനാഥാലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
അമൃതകുടീരം ഭവനദാനപദ്ധതി
സാധുക്കൾക്ക് വിടുവെച്ചു നല്കുന്ന പദ്ധതി മഠം ആദ്യമായി ആരംഭിച്ചത് 1990ലാണ്. ആ കാലഘട്ടത്തില്‍ നിർമ്മിച്ചു നല്‍കിയ വീടുകള്‍ കൂടാതെ, 1998ല്‍ മഠം തുടങ്ങിവെച്ച ഭവനദാന പദ്ധതിയാണ് ‘അമൃതകുടീരം.’ ആദ്യത്തെ 30,000 വീടുകള്‍ അഞ്ചു വർഷം കൊണ്ടു (2002ല്‍) പൂർത്തീകരിച്ചു. ഭുജില്‍ ഭൂകമ്പത്തെ തുടർന്നു ദത്തെടുത്ത 3 ഗ്രാമങ്ങളിലായി പണിതു നല്കിയ 1200 വീടുകളും ഇതില്‍ ഉൾപ്പെടും.
ഇപ്പോള്‍ ഭാരതമൊട്ടുക്ക് 100,000 അമൃതകുടീരം ഭവനങ്ങള്‍ പണിഞ്ഞു നല്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളം കൂടാതെ, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ, മഹാരാഷ്ട്രാ, രാജസ്ഥാന്‍, ഡൽഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഒറീസ്സാ, ബംഗാള്‍ എന്നിവിടങ്ങളിലും അമൃതകുടീരം ഭാവനനിർമ്മാണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
അമൃതനിധി പ്രതിമാസ പെൻഷൻ
ഭാരതത്തിലുടനീളം ഏതാണ്ട് ഒരുലക്ഷത്തോളം വിധവകളോ വികലാംഗരോ ആയ സാധുക്കൾക്ക് പ്രതിമാസം പെൻഷൻ നല്കാനുള്ള പദ്ധതിയാണ് അമൃതനിധി. പുതിയ അപേക്ഷകരായ അർഹതപ്പെട്ടവരെ മഠത്തിന്റെ കഴിവനുസരിച്ച് വർഷം തോറും പുതുതായി ഈ അമൃതനിധി പദ്ധതിയില്‍ ചേർത്തു വരുന്നു.
വൃദ്ധരായ സ്വന്തം മാതാപിതാക്കളെ സഹായിക്കാതെ, കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലും കൊടുക്കാതെ, അവരെ സ്വന്തം വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്ന മക്കളുള്ള, സ്വാർത്ഥത നിറഞ്ഞ ഇന്നത്തെ സമൂഹത്തിലാണ് , അന്യനെ സ്‌നേഹിക്കുന്നതിലൂടെ സേവിക്കുന്നതിലൂടെ നിസ്വാർത്ഥതയ്ക്കും ത്യാഗത്തിനും സ്ഥാനമുണ്ട് , മഹത്വമുണ്ട് എന്ന് അമ്മ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വൃദ്ധാശ്രമങ്ങള്‍
തമിഴ്‌നാട്, കേരള, കർണ്ണാടക എന്നിവിടങ്ങളില്‍ വൃദ്ധാശ്രമങ്ങള്‍ പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ ഒക്കല്ഹോമയിലും ഒരു വൃദ്ധാശ്രമം ഉണ്ട്.
ജനശിക്ഷണ്‍ സംസ്ഥാന്‍
ശിവകാശിയിലും ഇടുക്കി ജില്ലയിലും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ മഠത്തിന്റെ മേൽനോട്ടത്തില്‍ നടത്തുന്ന സ്വയം തൊഴില്‍ കണ്ടെത്തുന്ന പരിശീലന പദ്ധതിയാണ് ജനശിക്ഷണ്‍ സംസ്ഥാന്‍.
അമൃതശ്രീ
അമൃതശ്രീ എന്ന പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്തി നിത്യോപയോഗ സാധനങ്ങളുടെ ഉദ്പാദനത്തിലും വിപണനത്തിനും ആവശ്യമായ സാധന സാമഗ്രികളും ധനസഹായവും നല്കി വരുന്നു. 10 മുതല്‍ 20വരെ അംഗങ്ങളുള്ള 5000-ത്തോളം യൂണിറ്റുകള്‍ 4 സംസ്ഥാനങ്ങളിലായി അമൃതശ്രീയ്ക്കുണ്ട്
നീതി പ്രതിഷ്ഠാന്‍
സാധുക്കൾക്ക് സൗജന്യ നിയമോപദേശം നല്കുസന്ന സംഘടനയാണ് ‘അമൃതകൃപാ നീതി പ്രതിഷ്ഠാന്‍’
സൗജന്യ വിവാഹം
പ്രതിവർഷം നൂറുകണക്കിന് സാധുക്കൾക്ക് സൗജന്യ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. അവരുടെ കല്യാണവസ്ത്രങ്ങള്‍ ആഭരണങ്ങള്‍ ഭക്ഷണം എന്നിവയ്ക്കുവേണ്ട ചെലവുമുഴുവനും ആശ്രമമാണ് വഹിക്കുന്നത്.