സ്വജന്മം കൊണ്ട് ഭൃഗുക്ഷേത്രത്തിന്
പുതുജീവന്‍ നല്കി,
ദിശാബോധമേകിയ തേജസ്വിനിയാണമ്മ.

സാന്ദ്രമൗനഘനാമൃതത്തില്‍
ആമഗ്‌നയായ അമ്മ
തന്റെ മക്കള്‍ക്കു വേണ്ടി
സംവദിച്ച ഭാഷ – മലയാളം.

സ്വാത്മജ്ഞാനത്തിന്റെ വിജ്ഞാനമുത്തുകള്‍
വിശ്വജനനിയുടെ പ്രാണനായി,
ജനങ്ങളുടെ കര്‍ണ്ണപുടങ്ങളിലെത്തിയത്
മലയാളത്തിലൂടെയായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ അകത്തളങ്ങളില്‍
അമൃതവാണിയായി മുഴങ്ങി കേട്ട
ആദ്യത്തെ ഭാരതഭാഷ – മലയാളം.

ലോകം മുഴുവനും
സ്നേഹം കൊണ്ട് കീഴടക്കിയ
അമ്മയുടെ ഭാഷ – മലയാളം.

ഒരു നോക്കു കാണാനും ഒരു വാക്കു കേള്‍ക്കാനും
ക്ഷമയോടെ കാത്തുനില്‍ക്കുന്ന ജനകോടികളെ സ്വന്തം മാറോടടുക്കി,
അവരുടെ വേദനയൊപ്പിയെടുത്ത് സൗമ്യസ്മിതത്തോടെ
അമ്മ ആ ചെവിയില്‍ മന്ത്രിച്ചത് മലയാളത്തിലായിരുന്നു.

ആത്മാനുഭൂതിയുടെ പ്രകാശം പേറുന്ന അമ്മയുടെ ചിന്തകള്‍
നമ്മുടെ ഹൃദയത്തെ തൊട്ടറിയുന്ന സാന്ത്വനമായിത്തീരുന്നു.

കൊടുമുടികളെ കീഴടക്കുകയും
കൈച്ചിമിഴില്‍ കടലിനെ ഒളിപ്പിക്കുകയും ചെയ്യുന്ന വാക്കുകള്‍ –
പച്ചയായ ജീവിതത്തിന്റെ മണമുണ്ടാവാക്കുകള്‍ക്ക്.
ലളിതാഖ്യാനങ്ങളും കഥകളും നിദര്‍ശനങ്ങളുമായി
അവ നമ്മെ ആശ്ലേഷിക്കുമ്പോള്‍ അമ്മ നമ്മുടെ ജീവശ്വാസമായി മാറുന്നു.
മലയാളം അമൃതമായി മാറുന്നു.

അതെ, അമൃതം മലയാളം!

മാതൃ ഭാഷയിലൂടെ അമ്മയുടെ വാങ്മധു ദേശകാലാതീതമായി
എത്തിക്കുകയാണ് ഇവിടെ ഈ അന്തര്‍ജാലം.

ഈശ്വരപ്രേമത്തിന്റെ, സ്നേഹത്തിന്റെ, സേവനത്തിന്റെ,
നിസ്സ്വാര്‍ത്ഥതയുടെ, കാരുണ്യത്തിന്റെ ഇതിഹാസം രചിക്കുന്ന
അമ്മയുടെ ഈ മൊഴിമുത്തുകള്‍ നമ്മുടെ അകക്കണ്ണു തുറക്കുവാന്‍,
ഉണ്‍മ ഉള്‍ക്കാമ്പില്‍ ഉണരുവാന്‍ ഉതകുമാറാകട്ടെ.

മാതൃചരണസേവയില്‍
അന്തര്‍ജാല സംഘം, അമൃതപുരി