2004ലെ സുനാമിക്കു ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ആന്റമാന്‍ നിക്കൊബാര്‍ ദ്വീപുകളിലും ശ്രീലങ്കയിലും അമ്മ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഭവനനിര്‍മ്മാണ പരിപാടികളും പറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്ന് എല്ലാം നഷ്ടപ്പെട്ട്, ജീവിതം തന്നെ വഴിമുട്ടിനിന്നവര്‍ക്ക് അമ്മ താങ്ങും തണലുമായി.
അതിനുമുന്‍പ് ഗുജറാത്തിലെ ഭുജ്ജില്‍ ഭൂകമ്പമുണ്ടായപ്പോഴും, മുബൈയിലും ഒറീസ്സയിലും വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തില്‍ ആഴ്ത്തിയപ്പോഴും, തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളില്‍ അഗ്നിബാധയുണ്ടായപ്പോഴും, അമേരിക്കയില്‍ കത്രീന കൊടുങ്കാറ്റ് വിതച്ചപ്പോഴും, ഹൈത്തിയില്‍ ഭൂകമ്പം വന്‍നാശനഷ്ടങ്ങള്‍ വരുത്തിയപ്പോഴും അമ്മ എല്ലാ സഹായവുമായി അവിടെയെല്ലാം ഓടിയെത്തി.
അമേരിക്കന്‍ കടല്‍ത്തീരങ്ങളെ കത്രീന കൊടുങ്കാറ്റ് ആക്രമിച്ചപ്പോള്‍ അമേരിക്കയ്ക്ക് പത്തുലക്ഷം ഡോളര്‍ (ഏകദേശം 4.5 കോടി രൂപ) അമ്മ നല്‍കുകയുണ്ടായി.
2005ല്‍ പാകിസ്ഥാനിലും കശ്മീരിലും ഭൂമികുലുക്കം ഉണ്ടായപ്പോള്‍ അമ്മ ഒരു സംഘം സേവകരെ അയച്ച് അവിടുള്ളവരെ സഹായിച്ചുഭക്ഷണം, മരുന്ന്, കമ്പിളി തുടങ്ങിയ ആവശ്യ സാധനങ്ങള്‍ എത്തിച്ചു.
2005ല്‍ മുംബയിലേയും 2006ല്‍ ഗുജറാത്തിലേയും വെള്ളപ്പൊക്ക സമയത്ത് ഡോക്ടര്‍മാരേയും ആംബുലന്‍സുകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അവര്‍ക്ക് ഭക്ഷണവും മരുന്നും ചികില്‍സയും നല്‍കി.
2010ല്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും വെള്ളപ്പൊക്കം ജനങ്ങളുടെ ജീവനും ജീവിതവും നശിപ്പിച്ചപ്പോള്‍ പ്രാഥമിക ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ദുരിതബാധിതര്‍ക്കായി വീടുകളുടെ പണി ആരംഭിച്ചു.
കേവലം ഇരുപത്ദിവസം കൊണ്ട്, എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് അമ്മ കര്‍ണ്ണാടകയിലെ റൈയിച്ചൂരില്‍ 108 ഓളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗവണ്‍മെന്റിന് കൈമാറി. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍, റൈയിച്ചൂരിലെ ഏറ്റവും വലിയ ഗ്രാമം തന്നെ അമ്മ ദത്തെടുത്തു. 2010 ആഗസ്റ്റ് മാസത്തോടെ ഇപ്പോള്‍ അവിടെ 1700 ഓളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു.