അമ്മ – ജഗദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീ ദേവി – ഭൂജാതയായ പവിത്രഭൂമി ഇന്ന് ‘അമൃതപുരി’യാണ്. ഇവിടെയാണ് മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആസ്ഥാനം. കൊല്ലം ജില്ലയിലെ ആലപ്പാടു പഞ്ചായത്തില്‍ അറബിക്കടലിനും കായംകുളം കായലിനുമിടയ്ക്കുള്ള പ്രകൃതി രമണീയമായ ഒരു ദ്വീപ്. അമ്മയുടെ ബാല്യകാലത്തെ കുഞ്ഞിളം കാലടികള്‍ പതിഞ്ഞു പാവനമായ ഈ മണ്ണിനു അനേകം അമൃതകഥകള്‍ പറയാനുണ്ട്. പിറന്നയിടം തന്നെ ആശ്രമാക്കി മാറ്റിയ, ചരിത്രത്തില്‍ അന്യാദൃശമായ ദൃഷ്ടാന്തം കാഴ്ചവയ്ക്കുന്ന മഹാഗുരുവിന്റെ, ആഗോള ആധ്യാത്മിക പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രം അമൃതപുരിയാണ്.

1978 മുതല്‍ അമ്മ ശിഷ്യരായ മക്കളെ ഇവിടെ താമസിപ്പിക്കാനാരംഭിച്ചു. ഭക്തജനങ്ങള്‍ക്ക് അമ്മ ദര്‍ശനം നല്കിയിരുന്നത് അമ്മയുടെ ജന്മഗൃഹത്തിലെ തൊഴുത്തില്‍ വച്ചായിരുന്നു. അതാണ് ആദ്യത്തെ ആശ്രമ കെട്ടിടം. 1981ല്‍ ആശ്രമം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ആത്മാന്വേഷണത്തിലും ലോകസേവനത്തിലും തല്പരരായ 3000ത്തിലധികം അന്തേവാസികളുള്ള ബൃഹത്തായ സമൂഹമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവരില്‍ സന്ന്യാസിമാരും വാനപ്രസ്ഥരും ഗൃഹസ്ഥരും ബ്രഹ്മചാരികളുമുള്‍പ്പെടും. നാനാജാതിമതസ്ഥരായ വിഭിന്ന ദേശവിദേശവാസികളുണ്ട് ഈ അന്തേവാസി സമൂഹത്തില്‍. വേദശാസ്ത്ര പഠനം, ശാസ്ത്രശ്രവണവും സ്വാധ്യായവും ചര്‍ച്ചകളും സംസ്‌കൃതവും ധ്യാന, ജപ, യോഗാദികളും അര്‍ച്ചന ഭജനകളും ഗുരുസേവയും- അങ്ങനെ നാനാമുഖമായ സാധനകള്‍ അമൃതപുരിയില്‍ മുടങ്ങാതെ നടക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ഇവിടെ അനവരതം നടന്നുകൊണ്ടിരിക്കുന്നു. ലോകമെങ്ങും അമ്മ നടപ്പിലാക്കികൊണ്ടിരിക്കുന്ന മഹത്‌സംരംഭങ്ങള്‍ രൂപം കൊള്ളുന്നത് ഇവിടെ വെച്ചാണ്. എല്ലാം അമ്മയുടെ മഹനീയ അധ്യക്ഷതയ്ക്കു കീഴില്‍. ജ്ഞാനഭക്തികര്‍മ്മയോഗങ്ങളുടെ സമന്വയവും അദ്വൈതദര്‍ശനത്തിന്റെ പ്രായോഗികമായ പ്രായോക്താവുമാണമ്മ.

അമ്മയുടെ സാന്നിധ്യമാണ് അമൃതപുരിയുടെ അദ്വിതീയത. പര്യടനവേളകളല്ലാത്തപ്പോളെല്ലാം അമ്മ ഇവിടെ സാന്നിധ്യം ചെയ്യുന്നു; ദര്‍ശനം നല്കി ഏവരെയും ധന്യരാക്കുന്നു. അമ്മ നയിക്കുന്ന ധ്യാനം, ഭജന, ശിഷ്യരുടെ സംശയങ്ങള്‍ക്കു മറുപടി നല്കുന്ന ചോദ്യോത്തരവേളകള്‍ എന്നിവ അമൃതപുരി മഠത്തിന്റെ ദിനസരിയുടെ ഭാഗമാണ്. അദ്വൈതദര്‍ശനമാണ് അമ്മ ഉപദേശിക്കുന്നതെങ്കിലും, എല്ലാ മതവിശ്വാസികളേയും ഒരേപോലെ ഉള്‍ക്കൊള്ളുന്നത് അമ്മയുടെ സവിശേഷതയാണ്. അവരവരുടെ മതം പിന്തുടരാന്‍ പ്രോത്‌സാഹിപ്പിക്കുന്ന അമ്മ, അവരുടെ അചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായ വിധത്തില്‍ ശിഷ്യര്‍ക്ക് മന്ത്രദീക്ഷയും നല്‍കുന്നുണ്ട്.

Satsang with Amma

ആധ്യാത്മിക സാംസ്‌കാരിക ദേശീയ വിശേഷദിനങ്ങളും അമ്മയുടെ സാന്നിധ്യത്തിന്റെ നിറവില്‍ തികഞ്ഞ മികവോടെ അമൃതപുരി ആശ്രമത്തില്‍ ആഘോഷിച്ചു വരുന്നു.