പുറംലോകത്തു ശാന്തിയുണ്ടാകണമെങ്കിൽ അകത്തെ ലോകം ശാന്തമാകണം. ബുദ്ധിപരമായൊരു സങ്കല്പമല്ല ശാന്തി. അതൊരു അനുഭവമാണു്.

കാരുണ്യവും സൗഹൃദവുമാണു് ഒരു നേതാവിനെ ധീരനാക്കുന്നതു്. സമ്പത്തും ആയുധങ്ങളും അതുപയോഗിക്കാൻ കഴിയുന്നവരുമുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും യുദ്ധം ചെയ്യാം. എന്നാൽ, കാരുണ്യവും സൗഹാർദ്ദവും നല്കുന്ന ശക്തിയെ ജയിക്കാൻ ആർക്കും കഴിയില്ല.

നമ്മുടെ മനസ്സിനും കണ്ണിനും കാതിനും കൈകൾക്കും എല്ലാം മറ്റുള്ളവരുടെ ദുഃഖവും വേദനയും അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണു്. അങ്ങനെ സാധിച്ചിരുന്നെങ്കിൽ, എത്രയെത്ര ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു.

എത്രയോ പേർക്കു് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമായിരുന്നു! അനാഥരായിപ്പോകാതെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നു! ജീവിക്കാൻവേണ്ടി ശരീരം വില്ക്കുന്ന എത്രയോ സ്ത്രീകളെ സഹായിക്കാമായിരുന്നു!

നരകയാതന അനുഭവിക്കുന്ന എത്രയോ രോഗികൾക്കു മരുന്നും ചികിത്സയും ലഭിക്കുമായിരുന്നു. പണത്തിൻ്റെയും സ്ഥനമാനങ്ങളുടെയും പേരിൽ നടത്തിയ എത്രയെത്ര സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നു…!

ഈ പ്രകൃതി വലിയ ഒരു പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തു ചേർന്നു സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യപൂർണ്ണമായിത്തീരുന്നതു്.

സകലമനസ്സുകളും സ്നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ, കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കു് ഒന്നിച്ചു പ്രയത്‌നിക്കാം.

കാരുണ്യത്തിൻ്റെ ആദ്യപാഠങ്ങൾ, നാം ജീവനില്ലെന്നു ധരിച്ചു് അവഗണിക്കുന്ന കല്ലിനോടും മണ്ണിനോടും പാറയോടും തടിക്കഷ്ണത്തോടും സ്നേഹവും ആദരവും കാണിച്ചുവേണം ആരംഭിക്കാൻ.

ജഡ പദാർത്ഥങ്ങളായ അവയോടു സ്നേഹവും സഹതാപവും തോന്നിയാൽ, പിന്നെ പ്രകൃതിയിലുള്ള വൃക്ഷങ്ങളെയും ലതകളെയും പക്ഷികളെയും മൃഗങ്ങളെയും കടലിനെയും നദിയെയും പർവ്വതങ്ങളെയും ഒക്കെ സ്നേഹിക്കാനും കരുണകാട്ടാനും എളുപ്പമാകും.

ഇത്രയുമായാൽ, പിന്നെ സഹജീവികളായ മനുഷ്യനോടു കാരുണ്യം സ്വാഭാവികമായുണ്ടാകും.