നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല.
ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും.
കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും.
പല മക്കളും അമ്മയോടു വന്നു പറയാറുണ്ടു്, ”അമ്മാ, എനിക്കു ഹൃദയം തുറന്നു ചിരിക്കാന്‍ പറ്റുന്നില്ല. ആരോടും ഹൃദയം തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല. എനിക്കെപ്പോഴും ദുഃഖമാണമ്മാ…”
മക്കള്‍ സ്വയം ചോദിച്ചു നോക്കൂ, എന്താണു് എൻ്റെ ദുഃഖത്തിനു കാരണം, എന്തിൻ്റെ കുറവുകൊണ്ടാണു ദുഃഖം? എന്താണു് എനിക്കു ഭാരമായിട്ടുള്ളതു്?’ മക്കള്‍ക്കു് ഉത്തരം കണ്ടെത്തുവാന്‍ സാധിക്കും.
ദാ… പ്രകൃതിയിലേക്കു നോക്കൂ. വൃക്ഷത്തിലേക്കു നോക്കൂ. അതു കാറ്റില്‍ ആനന്ദിച്ചു് ആടിക്കൊണ്ടിരിക്കുന്നു. കിളികളെ നോക്കൂ. സര്‍വ്വതും മറന്നു പാടിക്കൊണ്ടിരിക്കുന്നു. നദിയിലേക്കു നോക്കൂ. അതു കളകളനാദം പാടി ഒഴുകി ഉല്ലസിക്കുന്നു. ചെടികളിലേക്കു നോക്കൂ. സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും നോക്കൂ. എവിടെയും ആനന്ദം മാത്രം.
ഇവയുടെ നടുവില്‍ ഇരുന്നു നാം മാത്രം എന്തിനു ദുഃഖിക്കുന്നു. നാം മാത്രം ഇങ്ങനെ ദുഃഖിക്കുവാന്‍ എന്താണു കാരണം. ആലോചിക്കുക, അപ്പോള്‍ മനസ്സിലാകും. ഇവയ്‌ക്കൊന്നും ഞാനെന്ന ഭാവമില്ല. അതുള്ളതു നമുക്കുമാത്രം. ഞാന്‍ അതാണു്, ഞാന്‍ ഇതാണു്, എനിക്കു് ഇതാകണം, എനിക്കു് ഇതുവേണം എന്നെല്ലാമാണു് എപ്പോഴും നമ്മുടെ ചിന്ത.
നമ്മള്‍ കരുതുന്ന ഈ ഞാന്‍ ഒരിക്കലും കൂടെവരുന്നതല്ല. ഈ ഞാനെന്ന ഭാവംകൊണ്ടു യാതൊരു പ്രയോജനവുമില്ല. ഈ ഞാനിനെ മുറുകെപ്പിടിച്ചുകൊണ്ടിരുന്നാല്‍ ദുഃഖം മാത്രമേയുള്ളൂ. അതിനാല്‍ മക്കള്‍, ഈ ഞാനിനെ വിട്ടു പുറത്തേക്കു വരൂ. അപ്പോള്‍ മക്കള്‍ക്കു് ഉല്ലസിക്കുവാന്‍ കഴിയും. ആനന്ദിക്കുവാന്‍ കഴിയും. മക്കള്‍ ഉല്ലസിക്കൂ, ആനന്ദിക്കൂ…