26 സെപ്തംബർ 2024,  അമൃതപുരി​–
ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനാ​യി മാതാ അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികൾ അമ്മയുടെ 71-ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു  പ്രഖ്യാപിച്ചു.  ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കും.  

അമൃതാ സർവകലാശാലയുടെ സഹായത്തോടെ​ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന വയനാടിന്റെ പരിസ്ഥിതിലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കും.​ ഇത് വഴി ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതൽ കൃത്യത ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കും.​  

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ അമ്മയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ സംഘം  സ്ഥലം സന്ദർശിച്ചു  സൂക്ഷ്മമായി അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ കൂടുതൽ മേഖലകളിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കാൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചത്.