അമ്മയുടെ തിരുവോണ സന്ദേശത്തിൽ നിന്ന് 2024
സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം പങ്കുവെക്കാൻ ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെ സ്വപ്നം കാണാൻ, ഓണം അവസരമേകുന്നു. ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും എന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.
മഹാവിഷ്ണുവിനെയും മഹാബലിയെയും മറന്ന ഒരു ഓണം നമുക്കില്ല. ഭഗവാന്റെ അവതാരദിനത്തിൽ ഭഗവാനെയും ഭക്തനെയും നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതാണ് തിരുവോണം. നമ്മളിലെ ഭക്തനെ ഉണർത്തുക, നമ്മളിലെ ഭഗവാനെ സാക്ഷാത്കരിക്കുക എന്നതാണ് തിരുവോണത്തിന്റെ ലക്ഷ്യം.
ഓണം സർവ്വചരാചരങ്ങളും തമ്മിലുള്ള താളാത്മകതയുടെ ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം, ജീവജാലങ്ങൾ തമ്മിലുളള ആരോഗ്യകരമായ ബന്ധം, കർഷകനും മണ്ണുമായുള്ള ആരോഗ്യകരമായ ബന്ധം എല്ലാറ്റിനെയും ഓണം പ്രതിനിധീകരിക്കുന്നു.
സ്നേഹത്തിലും ആദരവിലും നന്മയിലും അധിഷ്ഠിതമായ ആ ബന്ധത്തിൻറെ ഊഷ്മളതയെ വീണ്ടെടുക്കുവാൻ
ഈ തിരുവോണം നമുക്ക് പ്രചോദനമാകട്ടെ. അതിലേക്ക് ഉയരുവാൻ ഉണരുവാൻ എല്ലാ മക്കൾക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.