തന്റെ ദിവ്യമായ കാരുണ്യം അമ്മ ഓരോരുത്തരിലേയ്ക്കും ഒഴുക്കുന്നതുപോലെ പല രീതികളിലാണെങ്കിലും അമ്മയുടെ കാരുണ്യാവിഷ്‌ക്കരണരീതികളില്‍ അദ്വതീയം ദര്‍ശനം തന്നെയാണ്. അമ്മയുടെ അനന്യമായ സവിശേഷതയാണ് ദര്‍ശനം.
അമ്മ ഓരോരുത്തരിലും മായാത്ത പ്രേമമുദ്രപതിക്കുന്നത് ദര്‍ശനത്തിലൂടെയാണ്. വാത്സല്യമസൃണമായ ആശ്ലേഷവും കാതില്‍ മന്ത്രിക്കുന്ന മൊഴിമുത്തും ഓരോരുത്തരുടെ ഹൃദയത്തിലും ഒരിക്കലും മായാത്ത സ്നേഹദീപം കൊളുത്തുന്നു. കണ്ണില്‍ നിറഞ്ഞുതുളുമ്പുന്ന കാരുണ്യവും ചുണ്ടില്‍വിരിഞ്ഞുനില്‍ക്കുന്ന പുഞ്ചിരിയുമായി അമ്മ ഏവരെയും തന്നിലേയ്ക്കണയ്ക്കുന്നു. ഓരോരുത്തരുടെ വാക്കുകള്‍ക്കും കാതോര്‍ക്കുന്നു. ഓരോരുത്തര്‍ക്കുംവേണ്ട മറുപടികള്‍ നല്‍കുന്നു. ബുദ്ധിക്കും ഹൃദയത്തിനും കുളിര്‍മയേകുന്നു അമ്മയുടെ വചനങ്ങള്‍. അമ്മയുടെ തിരുസന്നിധിയില്‍ ആ കാരുണ്യകടാക്ഷവും മൃദുഹാസവും മധുമൊഴികളും നുകര്‍ന്ന് സദാ കഴിഞ്ഞുകൂടുവാന്‍ ദര്‍ശകര്‍ ഹൃദയംഗമമായി ആഗ്രഹിച്ചുപോകുന്നു.
ഈ ദര്‍ശനവേളകളില്‍ അമ്മ തന്റെ വിപുലമായ പ്രസ്ഥാനത്തിന്റെ ഭരണസാരഥ്യവും നിര്‍വ്വഹിക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത. ശാസ്ത്രജ്ഞര്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ , ഭരണാധികാരികള്‍ എന്നിങ്ങനെ തുടങ്ങി കലാകാരന്മാര്‍ കൈത്തൊഴില്‍ വിദഗ്ധര്‍ തെഴിലാളികള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍വരെ വിവിധ മേഖലകളിലുള്ളവരെ ഒരുമിച്ചുചേര്‍ത്ത് അമ്മ തന്റെ മഹത്തായ പ്രസ്ഥാനം മുന്നോട്ടുനയിക്കുന്നതിന്റെ പിന്നില്‍ ദര്‍ശനവേളകളില്‍ നടക്കുന്ന അത്ഭുതകരമായ സ്നേഹസ്വാധീനത്തിന്റെ പങ്ക് സര്‍വ്വപ്രമുഖമാണ്.
ലോകം മുഴുവന്‍ അമ്മ കീഴടക്കുന്നത് ഈ ദര്‍ശനത്തിലൂടെയാണ്. ഭാഷാവര്‍ണ്ണ പ്രായലിംഗഭേദങ്ങളില്ലാതെ അമ്മ ഏവര്‍ക്കും നിരന്തരം ഈ ദര്‍ശനം നല്‍കിവരുന്നു. ഇതുകൊണ്ട് ആശ്ലേഷിക്കുന്ന ഗുരു (ഹഗ്ഗിംഗ് സെയ്ന്റ്) എന്ന് വിദേശങ്ങളില്‍ അമ്മയ്ക്ക് ഒരു വിശിഷ്ടകീര്‍ത്തിയുമുണ്ടായിട്ടുണ്ട്. നാട്ടിലാകട്ടെ ആദ്യകാലങ്ങളില്‍ അമ്മയ്ക്കുനേരേ ചിലര്‍ക്ക് ഇതൊരു വിമര്‍ശനായുധവുമായിരുന്നു.
സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കാന്‍ ഏവര്‍ക്കും സാധിക്കുമെന്ന് നമുക്കുതോന്നിപ്പോയേക്കാം. പക്ഷേ അമ്മയ്ക്കല്ലാതെ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാന്‍ ആര്‍ക്കും സാധ്യമാകുന്നില്ല എന്നതല്ലേ സത്യം. കുഷ്ടരോഗിയേയും ലോകസുന്ദരിയേയും, വിയര്‍പു കൊണ്ടുനാറുന്നവനെയും സുഗന്ധതൈലങ്ങള്‍ പൂശിയ അരോഗിയായ ധനികനെയും അങ്ങനെ ആരെയും ജുഗുപ്‌സയില്ലാതെ പുല്‍കുന്ന ഈ കാരുണ്യദര്‍ശനം അമ്മയുടെ മാത്രം സവിശേഷതയാണ്.
കാരുണ്യത്തിന്റെ സ്വാഭാവികമായ ഒഴുക്കാണ് അമ്മയുടെ ദര്‍ശനം. അമ്മയെന്തിനാണ് എല്ലാവരേയും ആശ്ലേഷിക്കുന്നതെന്ന് ചോദ്യത്തിന് ”നദിയെന്തിനാണ് ഒഴുകുന്നതെന്ന ചോദ്യം പോലെയാണത്” എന്നാണ് അമ്മ പ്രതിവചിച്ചത്.
ദിവസവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ദര്‍ശനവേളകള്‍ 24 മണിക്കൂറും കടന്ന അവസരങ്ങള്‍ അനേകമാണ്. കഴിഞ്ഞ 40 വര്‍ഷത്തിനകം 3 കോടിയിലധികം പേരെ അമ്മ നേരിട്ട് കണ്ടു ദര്‍ശനം നല്‍കിക്കഴിഞ്ഞു.
അമ്മയുടെ ഒരു ആശ്ലേഷവും, സ്നേഹമസൃണമായ ഏതാനും വാക്കുകളും മതി, ഒരാള്‍ പരിവര്‍ത്തനത്തിനു വിധേയനാകാന്‍. പിന്നെ ആ വ്യക്തി അമ്മയുടെ മഹനീയമായ ദൗത്യത്തില്‍ പങ്കുചേരുകയായി, സ്നേഹമതിയായി, നിസ്വാര്‍ത്ഥനായി, ലോകസേവന തത്പരനായി, നന്മയുടെ നറുമലരായി..