ശ്രീ മാതാ അമൃതാനന്ദമയീ ദേവി
ജീവിതാവലോകനം
പ്രണവം പാടിയാടുന്ന അറേബ്യന്‍ സമുദ്രത്തിനും സാഗരസംഗീതത്തിനു് അനുപല്ലവിയുതിര്‍ക്കുന്ന കായംകുളം കായലിനും ഇടയ്ക്കായി, വിണ്ണിലുയര്‍ന്നു പരിലസിക്കുമ്പോഴും മണ്ണിനോടുള്ള ബന്ധംമറക്കാത്ത സംസ്‌കാരത്തിന്റെ പ്രതീകമെന്നോണം തലയുയര്‍ത്തിനില്ക്കുന്ന ആശ്രമമന്ദിരം. നാമസങ്കീര്‍ത്തനവും വേദമന്ത്രധ്വനികളും പരിപാവനമാക്കുന്ന ക്ഷേത്രസന്നിധി. എന്നാല്‍ ആത്മീയസൗരഭ്യം വഴിഞ്ഞൊഴുകുന്ന ഈ ആശ്രമത്തിന്റെ അപൂര്‍വ്വസൗഭാഗ്യം ഇതൊന്നുമല്ല; ജനകോടികളുടെ അമ്മയും ഗുരുവും ആരാധനാമൂര്‍ത്തിയുമായ സദ്ഗുരു മാതാ അമൃതാനന്ദമയീദേവി (അമ്മ)യുടെ ദിവ്യമംഗളസാന്നിദ്ധ്യംതന്നെ.
1129ലെ കന്നിമാസത്തിലെ കാര്‍ത്തികനാള്‍ (1953 സെപ്തംബര്‍ 27) പ്രഭാതത്തില്‍ കൊല്ലം ജില്ലയിലെ ‘പറയകടവ്’ എന്ന കടലോരഗ്രാമത്തില്‍ ഘനശ്യാമവര്‍ണ്ണയായ ഒരു പെണ്‍കുഞ്ഞു ജനിച്ചു. കരഞ്ഞുകൊണ്ടല്ല, പുഞ്ചിരിച്ചുകൊണ്ടാണു ശിശു മാതൃഗര്‍ഭത്തില്‍നിന്നു പൃഥ്വീമാതാവിന്റെ മടിത്തട്ടിലേക്കുവന്നതു്. ആറാംമാസത്തില്‍ സ്ഫുടമായി സംസാരിക്കുകയും ഏഴാംമാസത്തില്‍ ഓടിക്കളിക്കുകയും ചെയ്ത ചൊടിയും ചുറുചുറുക്കും തികഞ്ഞ ആ ബാലികയെ ‘സുധാമണി’ എന്നാണു മാതാപിതാക്കള്‍ നാമകരണം ചെയ്തത്.
നിഷ്‌കളങ്കമായ ശ്രീകൃഷ്ണപ്രേമം സുധാമണിയുടെ ജന്മസിദ്ധമായ സവിശേഷതയായിരുന്നു. തീരെ കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ സുധാമണി പലപ്പോഴും ധ്യാനനിമഗ്‌നയായിരിക്കാറുണ്ടു്. ശ്രീകൃഷ്ണന്റെ ഒരു ചിത്രം എപ്പോഴും കൂടെക്കൊണ്ടുനടക്കും. അതില്‍ നോക്കി പ്രാര്‍ത്ഥിക്കും സംസാരിക്കും ഭഗവന്നാമങ്ങള്‍ ജപിക്കും. പില്ക്കാലത്തു് അമ്മ പറയാറുണ്ടു്, ‘കുഞ്ഞിലേ മുതല്‍ എനിക്കു് ഈശ്വരനാമത്തോടു് അതിരറ്റ പ്രേമമായിരുന്നു. ഓരോ ശ്വാസത്തിലും വിടാതെ നാമം ജപിക്കും. സ്ഥലമോ കാലമോ ഒന്നും നോട്ടമില്ല.’ കേവലം അഞ്ചുവയസ്സുള്ളപ്പോള്‍ത്തന്നെ സുധാമണി ശ്രീകൃഷ്ണപ്രേമം വഴിഞ്ഞൊഴുകുന്ന അര്‍ത്ഥസമ്പുഷ്ടങ്ങളായ ഗീതങ്ങള്‍ സ്വയം രചിച്ചു പാടുകയും എല്ലാംമറന്നു നൃത്തംവയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും, ഈ ഭക്തിഭാവങ്ങളുടെ ആഴം വേണ്ടവണ്ണം ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കു കഴിഞ്ഞില്ല. ഇതുകാരണം ധാരാളം കഷ്ടപ്പാടുകള്‍ സുധാമണിക്കു ബാല്യത്തിലെ സഹിക്കേണ്ടതായിവന്നു. ഒന്നാംക്ലാസ്സില്‍ ചേരുന്നതിനുമുമ്പുതന്നെ വീട്ടുജോലികളുടെ ഭാരംതാങ്ങാന്‍ ആ ബാലിക നിയോഗിതയായി. പഠിക്കുവാന്‍ വളരെ മിടുക്കിയായിരുന്നെങ്കിലും മാതാവിന്റെ അനാരോഗ്യം കാരണം സുധാമണിയുടെ സ്‌കൂള്‍ജീവിതം അഞ്ചാം ക്ലാസ്സില്‍വച്ചു് അവസാനിച്ചു.
അതോടെ ഗൃഹ ജോലികളുടെ മുഴുവന്‍ ഭാരവും സുധാമണിയുടെ ചുമലിലായി. മുറ്റമടിക്കുക, തൊണ്ടുതല്ലുക, പാത്രങ്ങള്‍ കഴുകുക, ആഹാരം പാകംചെയ്യുക, ഇളയസഹോദരങ്ങളെ സ്‌കൂളിലയയ്ക്കുക, പശു, കോഴി തുടങ്ങിയ വീട്ടുമൃഗങ്ങളെ സംരക്ഷിക്കുക, ഇങ്ങനെ നീളുന്ന ജോലികള്‍ രാവിലെ മൂന്നു മണിമുതല്‍ അര്‍ദ്ധരാത്രിവരെ നീണ്ടുനില്ക്കും. ഇടവിടാതുള്ള ഈ ജോലികള്‍ക്കിടയിലും സുധാമണിയുടെ മനസ്സു് മുഴുവന്‍ ശ്രീ കൃഷ്ണസ്മരണയില്‍ തങ്ങിനില്ക്കും. കൃഷ്ണകഥകളുമായി ബന്ധിച്ചു് ഓരോ ജോലിയും ചെയ്യും. സഹോദരന്മാരെ അണിയിച്ചൊരുക്കുമ്പോള്‍ കൃഷ്ണനെയും ബലരാമനെയുമാണു് അണിയിച്ചൊരുക്കുന്നതു്. വസ്ര്തങ്ങള്‍ കഴുകുമ്പോള്‍ ഗോപീഗോപന്മാരുടെ വസ്ര്തങ്ങളാണു കഴുകുന്നതു്. താറാവുകളെത്തേടി നടക്കുമ്പോള്‍ പശുക്കളെത്തേടി നടക്കുന്ന കൃഷ്ണനാണു താന്‍ എന്നിങ്ങനെ സര്‍വ്വദാ ഭാവനചെയ്യും.
ഉത്കടമായ ഈശ്വരപ്രേമത്തോടൊപ്പംതന്നെ അനിതര സാധാരണമായ മനുഷ്യസ്‌േനഹവും സുധാമണിയുടെ പ്രത്യേകതയായിരുന്നു. പശുക്കള്‍ക്കുവേണ്ടി മരച്ചീനിത്തൊലിയും കഞ്ഞിവെള്ളവും ശേഖരിക്കുവാന്‍ അയല്‍വീടുകളില്‍ പോകേണ്ടിവരുമ്പോള്‍ അവിടുത്തെ പ്രായംച്ചെന്ന അമ്മമാര്‍ അവരുടെ ദുഃഖകഥകള്‍ കുഞ്ഞിനോടു വിവരിക്കും. വാര്‍ദ്ധക്യം ബാധിച്ചു നിസ്സഹായരായിത്തീര്‍ന്ന അവരോടു മക്കളും, പേരക്കിടാങ്ങളും കാട്ടുന്ന അവഗണനകളും ക്രൂരതകളും സുധാമണിയുടെ ഹൃദയമലിയിക്കും. കാരുണ്യശീലയായ ആ കുട്ടി അവരെ കുളിപ്പിക്കുകയും നല്ല വസ്ര്തങ്ങള്‍ ധരിപ്പിക്കുകയും, പലപ്പോഴും സ്വന്തം വീട്ടില്‍ക്കൊണ്ടുപോയി ആഹാരം കഴിപ്പിക്കുകയും ചെയ്യും. അച്ഛനമ്മമാറിയാതെ അവര്‍ക്കു വീട്ടില്‍നിന്നു സാധനങ്ങള്‍ എടുത്തു നല്കാനും സുധാമണി മടികാട്ടിയില്ല. കള്ളി വെളിച്ചത്താകുമ്പോള്‍ രക്ഷിതാക്കളില്‍നിന്നു കടുത്ത ശിക്ഷകള്‍ ലഭിക്കും. എന്നാല്‍ യാതൊരു വിധ ദണ്ഡനങ്ങള്‍ക്കും സുധാമണിയില്‍ ജന്മസിദ്ധമായി മൊട്ടിട്ടിരുന്ന ദീനാനുകമ്പയെ തളര്‍ത്താന്‍ കഴിഞ്ഞില്ല.
ലോകത്തില്‍ ഇത്രയധികം സ്വാര്‍ത്ഥതയും ദുഃഖവും കാണുന്നതു സുധാമണിയെ വേദനിപ്പിച്ചു. ആ ദുഃഖം സുധാമണിയുടെ ഈശ്വരപ്രേമം ഒന്നുകൂടി ദൃഢതരമാക്കി. കൃഷ്ണനാമം ചുണ്ടിലും കൃഷ്ണരൂപം ഹൃദയത്തിലും നിരന്തരം സൂക്ഷിച്ചും ജോലിയില്‍നിന്നു് ഒഴിവുകിട്ടുന്ന രാത്രിസമയങ്ങളില്‍ ഉറങ്ങാതെ ഭാവോന്മത്തയായി സ്വയം മറന്നു കീര്‍ത്തനങ്ങള്‍ പാടിയും നൃത്തം വച്ചും സുധാമണി ദിനരാത്രങ്ങള്‍ കഴിച്ചു. പരിശുദ്ധമായ ആ പ്രേമഭക്തിയും നിരന്തരധ്യാനവും അചിരേണ സഫലമായി. കൂടെക്കൂടെ കൃഷ്ണദര്‍ശനങ്ങളുണ്ടായി. പ്രപഞ്ചം മുഴുവന്‍ കൃഷ്ണമയമായിക്കണ്ടു. ഒടുവില്‍ ശ്രീകൃഷൈ്ണക്യബോധത്തില്‍ സുധാമണി ചിരപ്രതിഷ് ഠിതയായി.
ശ്രീകൃഷ്ണസായുജ്യത്തിലൂടെ പരബ്രഹ്മത്തിന്റെ പുരുഷഭാവത്തെ സാക്ഷാത്കരിച്ച സുധാമണിയുടെ ലീലാസാധനയുടെ അടുത്തഘട്ടം പ്രകൃതിസ്വരൂപിണിയായ പരാശക്തിയെ സാക്ഷാത്കരിക്കലായിരുന്നു. ജഗദംബികയുടെ ഒരു യാദൃച്ഛികദര്‍ശനത്തിലൂടെ ഉണര്‍ന്ന പ്രേമഭക്തി അനിര്‍വ്വചനീയമായ ഈശ്വരോന്മാദത്തിന്റെ ഭാവത്തിലേക്കു് അതിവേഗം വിക സിച്ചു. ഇക്കാലത്തു ബാഹ്യപ്രജ്ഞയില്ലാതെ ദിവസങ്ങള്‍തന്നെ സുധാമണി സമാധിയില്‍ ലയിച്ചുകഴിയുക സാധാരണമായിത്തീര്‍ന്നു.
ഉന്നതമായ ഇത്തരം ആദ്ധ്യാത്മികഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വീട്ടുകാരും നാട്ടുകാരും സുധാമണിയോടു ദാക്ഷിണ്യമില്ലാതെ പെരുമാറി. ഒടുവില്‍ ഗൃഹം ഉപേക്ഷിച്ചു ജഗദംബയില്‍മാത്രം ശരണാഗതിയടഞ്ഞുകൊണ്ടു രാപകല്‍ വെളിയില്‍ത്തന്നെ കഴിഞ്ഞ സുധാമണിക്കു്, വിശാലമായ മാനം മേല്ക്കൂരയായും കടല്‍മണ്ണു മെത്തയായും ചന്ദ്രനും നക്ഷത്രങ്ങളും; ദീപങ്ങളായും തീര്‍ന്നു.
വീട്ടുകാരും നാട്ടുകാരും ഇങ്ങനെ കൈവെടിഞ്ഞ ഘട്ടത്തില്‍ ജഗദംബയുടെ ലീലയെന്നോണം പശു, പട്ടി, പൂച്ച, ആടു്, പ്രാവു്, പാമ്പു്, അണ്ണാന്‍, തത്ത, ഗരുഡന്‍ തുടങ്ങിയവയെല്ലാം സുധാമണിയുടെ മിത്രങ്ങളായി. ദേഹസംരക്ഷണത്തിനാവശ്യമായ ആഹാരം യഥാസമയം എത്തിച്ചുകൊടുത്തതു് ഈ ജീവികളായിരുന്നു. ഉറ്റമിത്രമായ പട്ടി പരിചാരകനെപ്പോലെ സദാ സുധാമണിയെ സംരക്ഷിക്കും. അതു് എവിടെനിന്നെങ്കിലും ആഹാരപ്പൊതികൊണ്ടു വന്നു സമര്‍പ്പിക്കും. പരുന്തു്, മത്സ്യം കൊത്തിക്കൊണ്ടുവന്നു നിക്ഷേപിക്കും. നല്ല ആഹാരം ചീത്ത ആഹാരം എന്നു ഭേദമില്ലാത്ത സുധാമണി അതെടുത്തു കഴിക്കുകയും ചെയ്യും. ധ്യാനത്തില്‍ നിന്നുണരുമ്പോള്‍ പശു അകലെനിന്നാണെങ്കില്‍പ്പോലും ഓടിയെത്തി മുന്നില്‍വന്നു് അകിടുകാട്ടി കിടക്കും. അമ്പാടിക്കണ്ണനെപ്പോലെ സുധാമണി പാല്‍ കുടിക്കും. താന്‍ നൃത്തം ചെയ്താല്‍ പറവകളും തത്തകളും ഒന്നിച്ചു നൃത്തംചെയ്യും. കരഞ്ഞാല്‍ അവയും കണ്ണീരൊഴുക്കും. സമാധിയില്‍ ലയിച്ചു പ്രാണന്‍ വിടുമെന്ന ഘട്ടം വരുമ്പോള്‍പട്ടി കുരച്ചു ബഹളമുണ്ടാക്കും. അല്ലെങ്കില്‍ പാമ്പു ദേഹത്തിഴഞ്ഞു് ഉണര്‍ത്തും. ജഗദംബയുടെ വൈവിദ്ധ്യമാര്‍ന്നതും വാത്സല്യപൂര്‍ണ്ണവുമായ വിവിധമുഖങ്ങള്‍ സുധാമണി ഈ പക്ഷിമൃഗാദികളിലൂടെ അനുഭവിച്ചു.
സുധാമണിയുടെ പ്രേമഭക്തി ക്രമേണ കഠിനതപസ്സിന്റെ രൂപംപ്രാപിച്ചു. ഊണില്ല, ഉറക്കില്ല ദേഹധര്‍മ്മങ്ങളിലൊന്നും ശ്രദ്ധയില്ല. തുളസിയിലയും വെള്ളവും മാത്രം ആഹാര മാക്കി ആറുമാസം തീവ്രമായ ഈശ്വരധ്യാനത്തില്‍ മുഴുകി. കോരിച്ചൊരിയുന്ന മഴയും ചീറിയടിക്കുന്ന കടല്‍ക്കാറ്റും മദ്ധ്യാഹ്നസൂര്യന്റെ ചൂടും ആ തപസ്സിനു വിഘ്‌നമായില്ല. ദേശകാലബോധം മറന്ന ഭക്തിയുടെ പാരമ്യത്തില്‍ ജഗദംബ പ്രത്യക്ഷയായി. ദിവ്യജ്യോതിസ്സായി സ്വഭക്തയില്‍ ലയിച്ചു.
അധികം വൈകാതെതന്നെ പരബ്രഹ്മത്തിന്റെ നിര്‍ഗ്ഗുണസ്വരൂപത്തെയും അമ്മ സാക്ഷാത്കരിച്ചു. പ്രപഞ്ചസൃഷ്ടിസ്ഥിതിലയകാരണമായ ഓങ്കാരനാദം ഉള്ളില്‍നിന്നും തനിയെ ഉണര്‍ന്നു. പ്രപഞ്ചം മുഴുവന്‍ ഒരു കുമിള കണക്കെ തന്നിലടങ്ങിയിരിക്കുന്നതായി അമ്മ ദര്‍ശിച്ചു. സകല ദേവീദേവസ്വരൂപങ്ങളും സ്വാത്മാവില്‍ ലീനമായിരിക്കുന്നതായി അനുഭവവേദ്യമായി.
പ്രപഞ്ചം മുഴുവന്‍ തന്റെ അംശമായി അനുഭവിച്ചറിഞ്ഞതോടെ സര്‍വ്വചരാചരങ്ങളുടെയും അമ്മയാണു താനെന്നഭാവം സുധാമണിയില്‍ ഉണര്‍ന്നു. ‘മര്‍ത്ത്യലോകത്തിന്റെ ദുഃഖമകറ്റുക’ എന്ന മഹായജ്ഞത്തിനു് അമ്മ തന്നെത്തന്നെ സമര്‍പ്പിച്ചു.
അമ്മ ദുഃഖിതരുടെ കണ്ണുനീരൊപ്പി, ദുര്‍ബ്ബലര്‍ക്കു് ആത്മവിശ്വാസം പകര്‍ന്നു. തന്റെ ആദ്ധ്യാത്മികശക്തിയുടെ സ്വാഭാവികമായ പ്രകാശനം എന്ന നിലയില്‍ ഭക്തജനങ്ങളുടെ അ കമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ സഫലമാക്കി. ജന്മഗൃഹംതന്നെ ആശ്രമമാക്കിയ അമ്മ ഭാരതീയ സന്ന്യാസപാരമ്പര്യം അനുസരിച്ചു ശിഷ്യരെ സ്വീകരിച്ചു് അവര്‍ക്കു പരിശീലനമേകി ക്കൊണ്ടു് ആദ്ധ്യാത്മികതയുടെ അനശ്വരസന്ദേശം ജനസാ മാന്യത്തിലെത്തിക്കാന്‍ സ്വയം പ്രതിബദ്ധയായി.
‘ഓങ്കാരത്തിന്‍ പൊരുളേ, ഓമനമക്കളേ, ഓമനയായി വളരൂ, ഓങ്കാരത്തില്‍ ചേരൂ’ എന്ന ദിവ്യസന്ദേശവുമായി അമ്മ ജനമദ്ധ്യത്തില്‍ ഇറങ്ങിച്ചെന്നു. രാജ്യമെമ്പാടും വിദേശത്തും നാമസങ്കീര്‍ത്തനങ്ങളും സമൂഹപൂജയും സത്സംഗങ്ങളും നയിച്ചു. ആ യജ്ഞവേദികളെതന്നെ ബഹുജനങ്ങളുമായി വൈയക്തികബന്ധം സ്ഥാപിക്കുവാനുള്ള വേദികളാക്കി. പതിനായിരങ്ങള്‍ അമ്മയെ ദര്‍ശിക്കുവാന്‍ തിങ്ങിക്കൂടിയപ്പോഴും അമ്മ ഒരാളെപ്പോലെും നിരാശനാക്കി തിരിച്ചയച്ചില്ല. മാതൃവാത്സല്യധാര ചൊരിഞ്ഞും പ്രാര്‍ത്ഥനകള്‍ സഫലമാക്കിയും ജനലക്ഷങ്ങളെ ആകര്‍ഷിച്ചുകൊണ്ടു്, മര്‍ത്ത്യഹൃദയങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടു്, ആത്മീയജീവിതത്തിനും ലോകസേവനത്തിനും അമ്മ അവര്‍ക്കു പ്രചോദനമരുളുന്നു.
ഒരുകാലത്തു കേരളീയര്‍ക്കുപോലും അജ്ഞാതമായിരുന്ന ഈ തീരദേശഗ്രാമം അമൃതപുരി എന്ന പേരില്‍ ഇന്നു ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാണു്. മാതൃദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രതിദിനം വന്നണയുന്ന ഭക്ത സഹസ്രങ്ങളുടെയും സാധകരുടെയും അഭയകേന്ദ്രമായി ‘വസുധൈവ കുടുംബകം’ എന്ന ആര്‍ഷസങ്കല്പത്തിന്റെ ലഘുചിത്രമായി ലോകമെങ്ങും പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒരു ആദ്ധ്യത്മികപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി, അമ്മയുടെ ജന്മഗേഹം വികാസപരിണാമങ്ങളെ പ്രാപിച്ചിരിക്കുന്നു.
അമൃതപുരി ആശ്രമത്തില്‍ അമ്മയുടെ ശിക്ഷണത്തില്‍ ആദ്ധ്യാത്മിക സാധനയിലും ലോകസേവനത്തിലും വ്യാപൃതരായി മൂവായിരത്തിലധികം അന്തേവാസികള്‍ താമസിച്ചു വരുന്നു. അക്ഷീണമായ ലോകസേവനത്തിലൂടെ ജാതിമത ധനികദരിദ്ര ഉച്ചനീച ഭേദമില്ലാതെ ദശലക്ഷങ്ങളുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും സ്വന്തം ചെവിയില്‍കേട്ടു് ആശ്വാസംപ കര്‍ന്ന ചരിതമാണു് അമ്മയുടെതു്. ദുഃഖിതരുടെ കണ്ണുനീര്‍ അമ്മ സ്വന്തം കൈകൊണ്ടു് ഒപ്പിയെടുക്കുന്നു.
ഇതെന്റെ അമ്മയാണു്, അമ്മ സദാ എന്റെ കൂടെയുണ്ടെന്ന ബോധമുണര്‍ത്തി ശാന്തിയും ആത്മവിശ്വാസവും പകരുന്നു. പ്രായഭേദമെന്യേ, സ്ര്തീപുരുഷ ഭേദമെന്യേ മാതൃസന്നിധിയില്‍ ഏവരും നിഷ്‌കളങ്കശിശുക്കളായി മാറുന്നു. ആ ദിവ്യ സന്നിധിയില്‍ ചിത്തങ്ങള്‍ ശുദ്ധമാകുന്നു. ഹൃദയങ്ങള്‍ ഭക്തി നിര്‍ഭരമാകുന്നു. മനുഷ്യവ്യക്തിത്വങ്ങള്‍ ശുഭകരമായ പരിവര്‍ത്തനത്തിനു വിധേയമാകുന്നു.