അമ്മയുടെ കാരുണ്യത്തിനും പ്രേമത്തിനും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ല. ചെറിയവരെന്നും വലിയവരെന്നുമില്ല. രാജ്യങ്ങളും ഭാഷയും സംസ്‌കാരവും കടന്ന് അതൊഴുകുന്നു. തന്നെ ആശ്രയിക്കുന്ന എല്ലാവരിലും ആത്മീയവും ഭൗതികവുമായ അനുഗ്രഹം നിര്‍ലോഭം അമ്മ ചൊരിയുന്നു.

Being one with the other

സകലജീവരാശികളിലേക്കും ഒഴുകുന്ന പ്രേമമാണമ്മ. ത്യാഗമാണമ്മയുടെ മന്ത്രം. സ്‌നേഹമാണമ്മയുടെ ശക്തി. കാരുണ്യമാണമ്മയുടെ കാതല്‍.

”ലോകത്തിലെ എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍കഴിയണം. എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം കിട്ടണം. ആക്രമണമോ, ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസമെങ്കിലും ഉണ്ടാകണം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റായാലും ശരി ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥമായി സേവനം ചെയ്തു് ആ പണംകൊണ്ട് പാവപ്പെട്ടവരെ, ലോകത്തുള്ള അഭയാര്‍ത്ഥികളെ സഹായിക്കണം. ഇതാണമ്മയുടെ പ്രാര്‍ത്ഥന.”

every action is worship

ത്യാഗോജ്ജ്വലമായ കര്‍മ്മപഥത്തിലൂടെ അമ്മ യാത്രതുടങ്ങിയിട്ട് നാലുപതിറ്റാണ്ടുകളായി. സ്വയം ലോകത്തിനു സമര്‍പ്പിതമായ ജീവിതമാണ് അമ്മയുടേത്. അവസാനശ്വാസം വരെ തന്റെ കൈകള്‍ക്ക് ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പാനും അവരെ തഴുകി ആശ്വസിപ്പിക്കാനും കഴിയണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്.
അമ്മയുടെ കാരുണ്യം പോലെ, അമ്മയുടെ കര്‍മ്മമണ്ഡലത്തിനും അതിരുകളില്ല. ഈ വിശ്വത്തോളം വലിപ്പമുണ്ടതിനും.

ഇന്നു മാതാ അമൃതാനന്ദമയീ മഠം, അമ്മയുടെ ഭക്തന്മാരിലൂടെ ആയിരകണക്കിനു ശാഖോപശാഖകളായി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നു. മഠത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാത്ത മേഖലകളില്ല.
ആതുരാലയങ്ങള്‍, അനാഥാലയങ്ങള്‍, അശരണര്‍ക്കും ആലംബഹീനര്‍ക്കും താമസിക്കാനിടം, അവര്‍ക്ക് പെന്‍ഷന്‍, ആശുപത്രികള്‍, സ്‌കുളുകള്‍, കോളേജുകള്‍, ടെക്കനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ശാസ്ത്ര ഗവേഷണ പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, ആദിവാസി ക്ഷേമ പരിപാടികള്‍, വൃദ്ധാശ്രമങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നീളുന്ന ആ പട്ടിക.

”ഒന്നും ചോദിച്ച് വാങ്ങരുത്. ആത്മാര്‍ത്ഥമായ ഈശ്വരസമര്‍പ്പണം ഉള്ളിടത്ത് എല്ലാം തനിയെ എത്തിച്ചേരും” എന്ന അമ്മയുടെ വാക്കുകളുടെ പ്രത്യക്ഷോദാഹരണമാണ് അമ്മയുടെ ജീവിതവും സേവനപ്രവര്‍ത്തനങ്ങളും.