‘മാതൃവാണി’ അമ്മയുടെ സന്ദേശവാഹിനി മാതാ അമൃതാനന്ദമയീമഠത്തിന്റെ മുഖപത്രം. 1984ല്‍ അമ്മയുടെ ജന്മദിനത്തിനാണു മാതൃവാണി പ്രസിദ്ധീകരണമാരംഭിച്ചതു്; ‘അമൃതവാഹിനി’യെന്ന പേരില്‍. 1985 നവംബര്‍ മുതല്‍ ‘മാതൃവാണി’യെന്നായി മാസികയുടെ പേരു്.

ഭാരതീയഭാഷകളിലും വിദേശഭാഷകളിലുമായി ആകെ പതിനഞ്ചു ഭാഷകളില്‍ മാതൃവാണി പ്രസിദ്ധീകരിക്കുന്നു. ഓരോ മാസവും മൂന്നു ലക്ഷത്തിലധികം മാതൃവാണി വായനക്കാരിലെത്തുന്നു.

അമ്മയുടെ സന്ദേശമാണു മാതൃവാണിയുടെ ഉള്ളടക്കം. അമ്മയുടെ ഉപദേശങ്ങള്‍ ‘അമ്മയുടെ സന്ദേശം’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കുന്നു. പിന്നെ ലേഖനങ്ങളും കവിതകളും കഥകളും മറ്റു പംക്തികളും. അമ്മ പ്രതിനിധാനം ചെയ്യുന്ന അനാദിയായ ഋഷിപരമ്പരയുടെ, ആചാര്യപരമ്പരയുടെ മൊഴികള്‍ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങളില്‍ മാതൃവാണിയുടെ താളുകളില്‍ ലിപിബദ്ധമാകുന്നു. അമ്മയുടെ വിവിധ സന്ദര്‍ശനപരിപാടികളും ആശ്രമപ്രവര്‍ത്തനങ്ങളുമൊക്കെ മാതൃവാണിയില്‍ വായിക്കാം. അമ്മയുടെ സന്ന്യാസി ബ്രഹ്മചാരി ശിഷ്യന്മാര്‍, പണ്ഡിതന്മാരും സാഹിത്യനിപുണരുമായ ലേഖകര്‍, രാഷ്ട്രനേതാക്കള്‍, സാംസ്‌കാരികനായകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ മാതൃവാണിയുടെ എഴുത്തുകാരില്‍പ്പെടുന്നു.

ജ്യോതിര്‍ഗമയ, ഉണരുവിന്‍ മക്കളേ, അമൃതധാര തുടങ്ങി ആശ്രമം പ്രസിദ്ധീകരിച്ച പല ജനപ്രിയ ഗ്രന്ഥങ്ങളും മാതൃവാണിയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചവയായിരുന്നു. 2008ല്‍ മാതൃവാണി രജതജയന്തി വര്‍ഷാചരണത്തോടു് അനുബന്ധിച്ചു മലയാളം മാതൃവാണി തുടക്കം മുതല്‍ പ്രസിദ്ധീകരിച്ച പല രചനകളും സമാഹരിച്ചു 25 ഗ്രന്ഥങ്ങളായി ‘മാതൃവാണി രജതസ്മൃതി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

അമ്മയുടെ ദിവ്യസന്ദേശം മാതൃവാണിയിലൂടെ ജനമദ്ധ്യത്തിലെത്തിക്കാന്‍ അമ്മയുടെ മക്കള്‍ തുടക്കം മുതലേ മാതൃവാണി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നു. അവര്‍ക്കായി ഓരോ ജന്മദിനത്തിലും അമ്മ സമ്മാനങ്ങളും നല്കുന്നു.

മാതൃവാണി വരിക്കാരയാല്‍ പ്രതിമാസം മാതൃവാണി തപാലില്‍ സ്വന്തം വിലാസത്തില്‍ എത്തിച്ചേരും. ഒരു വര്‍ഷത്തേക്കു 50 രൂപയാണു വരിസംഖ്യ. മൂന്നു വര്‍ഷത്തേക്കു 125 രൂപയും അഞ്ചു വര്‍ഷത്തേക്കു 200 രൂപയും പതിനഞ്ചു വര്‍ഷത്തേക്കു 500 രൂപയുമാണു്. വരിസംഖ്യ മണിയോര്‍ഡറായോ ഡ്രാഫ്റ്റ് ആയോ പ്രസാധകന്‍, മാതൃവാണി, അമൃതപുരി പ.ഒ., കൊല്ലം – 690546 എന്ന വിലാസത്തില്‍ അയച്ചാല്‍ മതിയാകും. അടുത്തുള്ള മാതാ അമൃതാനന്ദമയീമഠം സ്ഥാപനവുമായി ബന്ധപ്പെട്ടും വരിസംഖ്യ അടയ്ക്കാവുന്നതാണു്.