വി.എ.കെ. നമ്പ്യാര്‍

ഒരു ദിവസം രാവിലെ എൻ്റെ വീട്ടിലെ ജോലിക്കാരി ലക്ഷ്മി ഉറക്കെ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി വന്നു, ”അദ്ഭുതം സംഭവിച്ചു സാര്‍! മഹാദ്ഭുതം സംഭവിച്ചു.”

”കരച്ചില്‍ നിര്‍ത്തു്. കാര്യമെന്താണെന്നു പറ.” ഞാന്‍ പറഞ്ഞു.

ദില്ലിയില്‍ പ്രതിരോധകാര്യാലയത്തിലെ ഒരു ജീവനക്കാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവു പളനിവേലു. എൻ്റെ ക്വാര്‍ട്ടേഴ്‌സിനോടു തൊട്ടുള്ള വേലക്കാരുടെ ഫ്ലാറ്റിലാണു ലക്ഷ്മിയും ഭര്‍ത്താവും താമസിച്ചിരുന്നതു്. വേലക്കാരുടെ ഫ്ലാറ്റില്‍ താമസിക്കുന്ന പുരുഷന്മാര്‍ അധികവും മദ്യപാനികളായിരുന്നു. രാത്രിയില്‍ കുടിച്ചു വഴക്കുണ്ടാക്കുന്നതു് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ വഴക്കിനിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നേ ഞാന്‍ കരുതിയുള്ളൂ.

ലക്ഷ്മി പറയാന്‍ തുടങ്ങി, ”എൻ്റെ മൂത്ത മകള്‍ക്കു കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുണ്ടു്. ഒരു വര്‍ഷം മുന്‍പു് അവള്‍ക്കു പെട്ടെന്നു് ഒരസുഖം വന്നു. ബോധമില്ലാതെ, സംസാരിക്കാനോ അനങ്ങാനോ വയ്യാതെ അവള്‍ കിടപ്പിലായി. വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമൊക്കെ ആരുടെയെങ്കിലും സഹായമില്ലാതെ പറ്റാതായി. കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ കൂടെയാണു താമസം.”

”ഒരു മുറി മാത്രമുള്ള നിങ്ങളുടെ ഫ്ലാറ്റില്‍ സുഖമില്ലാത്ത നിങ്ങളുടെ മകളുംകൂടി ഉണ്ടെന്നു നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ലല്ലോ ലക്ഷ്മി!”

”സാര്‍, അവള്‍ക്കു് എണീക്കാനോ നടക്കാനോ വയ്യാത്തതു കൊണ്ടു് അവള്‍ ഞങ്ങളുടെ കൂടെ ഉണ്ടെന്നു് ആര്‍ക്കുമറിയില്ല, ഞാന്‍ ആരോടും പറഞ്ഞതുമില്ല. കുറെ ഡോക്ടര്‍മാരെ കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. മക്കള്‍ അവളുടെ ഭര്‍ത്താവിൻ്റെ കൂടെയാണു്.

”ലക്ഷ്മി എന്താണു് അദ്ഭുതം സംഭവിച്ചതു് എന്നു പറയാന്‍ തുടങ്ങി. തലേദിവസം വെളുപ്പിനു് അഞ്ചുമണിക്കു് അവള്‍ക്കു് അമ്മയുടെ സ്വപ്‌നദര്‍ശനം ഉണ്ടായി പോലും.

അതു കേട്ടപ്പോള്‍ എനിക്കു് ആശ്ചര്യമായി. ”എന്തു്? അമ്മ നിൻ്റെ സ്വപ്‌നത്തില്‍ വന്നുവെന്നോ? ഇരുപതു വര്‍ഷമായി ഞാന്‍ അമ്മയുമായി അടുത്തിട്ടു്. എനിക്കിതു വരെ സ്വപ്‌നത്തില്‍ അമ്മയുടെ ദര്‍ശനം ഉണ്ടായിട്ടില്ല, അമ്മ എൻ്റെയടുത്തു വന്നിട്ടില്ല. നീ കഴിഞ്ഞ മാസമാണു് ആദ്യമായി അമ്മയെ കാണുന്നതു്. എന്തൊരു അനുഗ്രഹം ലക്ഷ്മി! എന്താണു സംഭവിച്ചതു്?”

”സാറേ, എന്താ സംഭവിച്ചതു് എന്നെനിക്കറിയില്ല. അമ്മ എൻ്റെ മുറിയില്‍ നില്ക്കുന്നതാണു ഞാന്‍ കണ്ടതു്. എന്തൊരു വലുപ്പമായിരുന്നു അമ്മയ്ക്കു്! ഞാന്‍ അമ്മയുടെ മുട്ടിനോളമേ ഉണ്ടായിരുന്നുള്ളൂ. ദേവീരൂപത്തിലുള്ള അമ്മയുടെ ഒരു പടം നിങ്ങളുടെ പൂജാമുറിയിലില്ലേ? അതുപോലെ നിറമുള്ള ഒരു സാരിയാണു് അമ്മ ഉടുത്തിരുന്നതു്. അമ്മയെ കണ്ടപ്പോഴേക്കും ഞാന്‍ ‘അമൃതേശ്വരൈൃ നമഃ, അമൃതേശ്വരൈൃ നമഃ!’ എന്നു ജപിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അമ്മ ചെറുതായി വന്നു, സാധാരണ നിലയിലായി. ഒരു മൊന്തയില്‍ വെള്ളവും കര്‍പ്പൂരവും കൊണ്ടുവരാന്‍ എന്നോടു് അമ്മ പറഞ്ഞു.

”അതോടെ സ്വപ്‌നം അവസാനിച്ചു, അവളെഴുന്നേറ്റു. സ്വപ്‌നത്തില്‍ വിറയ്ക്കുന്ന കൈകളോടെ തൊഴുതുകൊണ്ടു ഭര്‍ത്താവും കൂടെയുണ്ടായിരുന്നു എന്നാണു് അവള്‍ പറഞ്ഞതു്.

”എന്നിട്ടു് ഇന്നാണു് അദ്ഭുതം സംഭവിച്ചതു സാറേ. മോളുടെ ബഹളം കേട്ടാണു ഞങ്ങള്‍ ഉറക്കമുണര്‍ന്നതു്, ‘അമ്മേ, എനിക്കു സുഖമായി, അമ്മേ, എനിക്കു സുഖമായി. അമൃതാനന്ദമയിയമ്മ എന്നെ സുഖമാക്കി!’ ഞങ്ങള്‍ നോക്കുമ്പോള്‍ അവളാരും താങ്ങാതെ എണീറ്റിരിക്കുന്നു. അദ്ഭുതംതന്നെ. കഴിഞ്ഞ ഒരു വര്‍ഷമായി കിടന്നകിടപ്പിലായിരുന്നു അവള്‍. ഒറ്റ ദിവസംകൊണ്ടു് ഉറക്കമെഴുന്നേറ്റതുപോലെ എഴുന്നേറ്റു നില്ക്കുന്നു, ഭര്‍ത്താവിനെയും മക്കളെയുമൊക്കെ ഓര്‍ക്കുന്നു. ദേവിയമ്മയാണു് അസുഖം മാറ്റിയതു് എന്നു് അവള്‍ പറയുന്നു. ഏറ്റവും അദ്ഭുതമെന്താണെന്നോ? അവളിതുവരെ അമ്മയെ കണ്ടിട്ടില്ല എന്നു മാത്രമല്ല, അമ്മയെക്കുറിച്ചു കേട്ടിട്ടുപോലുമില്ല.

”തലേദിവസം അമ്മ വീട്ടില്‍ വന്നുവെന്നും അമ്മതന്നെയാണു മകളുടെ അസുഖം മാറ്റിയതെന്നും ലക്ഷ്മിയും മകളും വിശ്വസിക്കുന്നു.

2006 ജൂലായിലാണു ലക്ഷ്മി ഞങ്ങളുടെ ഗവണ്‍മെൻ്റ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കായി വരുന്നതു്. ഞാനും എൻ്റെ ഭാര്യ സുധയും അവരോടു് ഇടയ്ക്കിടയ്ക്കു് അമ്മയുടെ കഥകള്‍ പറയാറുണ്ടു്. കുറച്ചു് ആത്മീയഗുണങ്ങളുള്ളവളായിരുന്നു ലക്ഷ്മി. ഞങ്ങള്‍ പറയുന്നതു മനസ്സിലാകും. വിശ്വസിക്കുകയും ചെയ്യും. പൂജാമുറിയിലുള്ള അമ്മയുടെ ഫോട്ടോ വളരെ ഭക്തിയോടെയാണു ലക്ഷ്മി നോക്കാറുള്ളതു്.

ഉത്തരഭാരതപര്യടനത്തിനിടയ്ക്കു് എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ അമ്മ ദില്ലിയിലെത്താറുണ്ടു്. 2007ല്‍ അമ്മ ദില്ലിയില്‍ വന്നപ്പോള്‍ ജോലിക്കാരുടെ ഫ്ലാറ്റുകളിലെല്ലാം അമ്മയുടെ പരിപാടിയുടെ നോട്ടീസെത്തിക്കാനും പുഷ്പവിഹാറില്‍ നടക്കുന്ന അമ്മയുടെ പരിപാടിസമയത്തു ഞങ്ങളൊരുക്കുന്ന വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്തു വന്നു് അമ്മയുടെ ദര്‍ശനം വാങ്ങിക്കാന്‍ ആര്‍ക്കൊക്കെയാണു താത്പര്യം എന്നറിയാനും ഞങ്ങള്‍ ലക്ഷ്മിയെ ഏല്പിച്ചിരുന്നു. അവിടത്തെ വീട്ടുജോലിക്കാരൊന്നും അമ്മയെ കാണുകയോ അമ്മയെക്കുറിച്ചു കേള്‍ക്കുകയോ ചെയ്തിട്ടുള്ളവരായിരുന്നില്ല. എല്ലാവര്‍ക്കും നോട്ടീസു കൊടുത്തു കഴിഞ്ഞു ലക്ഷ്മി ഞങ്ങളുടെ അടുത്തു വന്നു. അമ്മയെക്കുറിച്ചു് ആര്‍ക്കും അറിയില്ലെന്നും അന്‍പതു പേരുപോലും അമ്മയുടെ ദര്‍ശനത്തിനു വരുമോ എന്നു സംശയമാണെന്നും ലക്ഷ്മി പറഞ്ഞു. ഏതായാലും ഒരു പ്രാവശ്യം കൂടി ലക്ഷ്മിയും അവരുടെ ഭര്‍ത്താവും എല്ലാവരെയും കണ്ടു് അമ്മയെപ്പറ്റി സംസാരിച്ചു.

അമ്മയുടെ ദര്‍ശനദിവസം ഒരു ബസ്സു് ഏര്‍പ്പാടാക്കി എല്ലാവരെയുംകൂട്ടി വരാന്‍ ഞങ്ങള്‍ ലക്ഷ്മിയെ ഏ ത്തിച്ചു. അമ്മയുടെ ദില്ലി സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള തിരക്കുകളുമായി ഞാന്‍ ഓടിനടക്കുകയായിരുന്നു. പെട്ടെന്നു പരിഭ്രമിച്ചുകൊണ്ടുള്ള ലക്ഷ്മിയുടെ ഫോണ്‍വിളി വന്നു. അമ്മയെ കാണാന്‍ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകള്‍ വന്നിരിക്കുന്നുവത്രേ. രണ്ടു ബസ്സു കൂടിയെങ്കിലും എന്തായാലും വേണ്ടിവരും എന്നു പറഞ്ഞാണു വിളിക്കുന്നതു്. അന്നു ലക്ഷ്മിയും ഭര്‍ത്താവുംകൂടി ഇരുന്നൂറ്റിയന്‍പതു പേരെയെങ്കിലും അമ്മയുടെ ദര്‍ശനത്തിനു കൊണ്ടുവന്നു.

മൂന്നു ബസ്സില്‍, നില്ക്കാന്‍പോലും സ്ഥലമില്ലാതെ തിങ്ങി ഞെരുങ്ങിയാണവര്‍ വന്നതു്. ഒരാളുടെയും പ്രലോഭനമില്ലാതെ സ്വന്തമിഷ്ട പ്രകാരമാണു് എല്ലാവരും അമ്മയെ കാണാന്‍ വന്നതു്. അമ്മ ലക്ഷ്മിയെയും അവരുടെ ഭര്‍ത്താവിനെയും വിളിച്ചു് ഓരോരുത്തരെയായി ദര്‍ശനത്തിനു വിടാന്‍ പറഞ്ഞു. അന്നു് ആ പാവപ്പെട്ട വീട്ടുവേലക്കാര്‍ അമ്മയെ ആദ്യമായി കണ്ടു. അതിനു കാരണമായതോ! അമ്മയെ അതുവരെ കണ്ടിട്ടില്ലാത്ത ലക്ഷ്മിയും അവരുടെ ഭര്‍ത്താവും. ആദ്യം പറഞ്ഞ കാര്യം, സംഭവിച്ചതു് അമ്മയുടെ വൈഭവംകൊണ്ടു മാത്രമാണു്.

ലക്ഷ്മിയുടെ നിഷ്‌കളങ്കമായ ഭക്തി കണ്ടപ്പോള്‍ അവളോടു കൃപ കാണിക്കണേ എന്നു് അര്‍ച്ചന ചെയ്യുന്ന സമയത്തു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ലക്ഷ്മിക്കു് എന്താണു് ആവശ്യമുള്ളതെന്നു് എനിക്കു് അറിവുണ്ടായിരുന്നില്ല. പക്ഷേ, അമ്മ അറിഞ്ഞു. കൃപാവര്‍ഷവുമായി ലക്ഷ്മിയുടെ വീട്ടിലേക്കു ചെന്നു് അവള്‍ക്കു് ഒരു പുതിയ ജീവിതം കൊടുത്തു.