സി. രാധാകൃഷ്ണന്‍

എട്ടും നാലും കൂട്ടിയതപ്പടി
തെറ്റിപ്പോയീ ക്ലാസ്സില്‍
കിട്ടീ തുടയില്‍ തൊലിയാസകലം
പൊട്ടിപ്പോംവരെ പൊടിപൂരം

അന്തിക്കമ്മയ്ക്കരികെയെത്തി
നൊന്തുവിറച്ചു പരുങ്ങി
പൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-
ടൊട്ടിത്തേങ്ങിയ നേരം

അതു പോരെന്നൊരു കൂമന്‍ മൂളി
അതു നേരെന്നൊരു കൂമത്യാരും
കുറ്റിച്ചൂളാനേറ്റുപിടിക്കെ
മുതുകു തലോടിപ്പാടിത്തന്നു
കൗസല്യാസ്തുതി അമ്മ.

അതിൻ്റെ താളലയങ്ങളില്‍നിന്നും
പൊങ്ങീലിവനിന്നോളം
എന്തൊരു രസമീയമൃതാനുഭവസുഖ-
സുന്ദരമധുരസ്മരണ
തെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരു
വെള്ളാരങ്കല്‍പ്പൊലിമ.