ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിതത്തിനു പൂര്‍ണ്ണത കൈവരികയുള്ളൂ. ഇതിൻ്റെ അഭാവമാണു്, ഇന്നുള്ള പ്രശ്‌നങ്ങള്‍ക്കു കാരണം. ആദ്ധ്യാത്മികത കൂടാതെ ലോകത്തുനിന്നും അശാന്തിയകറ്റുവാന്‍ കഴിയില്ല.
വളരെ പ്രശസ്തയായ ഒരു സിനിമാനടി ഈയിടെ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞു കേട്ടു. സ്നേഹിക്കുവാന്‍ ആരും ഉണ്ടായില്ലത്രേ. പ്രതീക്ഷിച്ച വ്യക്തിയില്‍നിന്നും സ്നേഹം കിട്ടാതെ വന്നാല്‍ പിന്നെ ജീവിതമില്ല. അതാണിന്നത്തെ ലോകം.
എന്നാല്‍ ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടാല്‍ ഇതു സംഭവിക്കില്ല. എന്താണു യഥാര്‍ത്ഥജീവിതമെന്നും എന്താണു യഥാര്‍ത്ഥ സ്നേഹമെന്നും അതു നമ്മെ പഠിപ്പിക്കും.
മനുഷ്യനെ മരണത്തിലേക്കു തള്ളിവിടാതെ, അമരത്വത്തിലേക്കു നയിക്കുന്ന ധര്‍മ്മത്തെ ഉദ്ധരിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ ആരും തയ്യാറാകുന്നില്ല. പകരം ജീവിതം ദുഃഖമാണെന്നു പറഞ്ഞു കണ്ണീരൊഴുക്കുന്നു, ആത്മഹത്യ ചെയ്യുന്നു.
ധര്‍മ്മം പഴഞ്ചനാണെന്നു പറഞ്ഞു് ആക്ഷേപിക്കുന്നു. ഇതു പറയുന്നതിനു മുന്‍പു്, ആദ്യം അതനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകട്ടെ. എന്താണു യഥാര്‍ത്ഥ ജീവിതമെന്നു്, എന്താണു ജീവിതത്തിൻ്റെ സുഖവും സൗന്ദര്യവുമെന്നു് അപ്പോള്‍ ബോദ്ധ്യമാകും.