രാഹുല്‍ മേനോന്‍

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് അമ്മയെ ആദ്യമായി കാണുന്നതു്. എൻ്റെ മാതാപിതാക്കള്‍ അമ്മയുടെ വലിയ ഭക്തരായിരുന്നു. അവര്‍ ആശ്രമത്തില്‍ പോകുമ്പോഴൊക്കെ എന്നെ തീര്‍ച്ചയായും കൊണ്ടു പോയിരുന്നു. എനിക്കാണെങ്കില്‍ ആശ്രമത്തില്‍ പോകാന്‍ വലിയ ഇഷ്ടവുമായിരുന്നു. വീട്ടിലെ ദിനചര്യകളില്‍ നിന്നെല്ലാം ഒരു മോചനമായിരുന്നു ആശ്രമ ജീവിതം; സ്‌കൂളില്‍ പോകണ്ട, പഠിക്കണ്ട.

ഇടയ്ക്കിടയ്ക്കു് അമ്മയുടെ ദര്‍ശനത്തിനു പോകാം, ആ സുഗന്ധമനുഭവിച്ചുകൊണ്ടു് അമ്മയുടെ മടിയില്‍ കിടക്കാം, അമ്മയില്‍നിന്നു പ്രസാദമായി മിഠായി വാങ്ങാം. അതെല്ലാം വളരെ സന്തോഷകരമായ അനുഭവമായിരുന്നു. വളര്‍ന്നപ്പോള്‍ ആശ്രമത്തിലെ സേവനപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലുമൊക്കെ പങ്കെടുക്കുവാന്‍ തുടങ്ങി. നാട്ടില്‍ ഞങ്ങള്‍ ഒരു ഭജന ഗ്രൂപ്പുണ്ടാക്കി. വിശേഷ അവസരങ്ങളില്‍ ഭക്തരുടെ വീടുകളില്‍ ഭജന പാടി.

കോളേജു പഠിത്തം അവസാനിച്ചപ്പോള്‍ എൻ്റെ ജീവിതം മറ്റൊരു
വഴിയിലേക്കു തിരിഞ്ഞു. ജോലി തേടി ഞാന്‍ ആദ്യം ചെന്നൈയിലേക്കു പോയി. അവിടുന്നു മുംബൈയിലേക്കും പിന്നീടു് ഒരു കമ്പനിയുടെ സെയില്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയായി ദുബായിലേക്കും പോയി. വിവാഹിതനായി, ഒരു കുഞ്ഞിൻ്റെ അച്ഛനായി. പ്രതീക്ഷിച്ച ശമ്പളം കിട്ടിയില്ലെങ്കിലും ഭാര്യയ്ക്കും ഒരു ജോലിയായി. ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ അല്ലലില്ലാത്ത ഒരു ജീവിതം നയിക്കാന്‍ തുടങ്ങി.

ഹൃദയത്തിൻ്റെ ഒരു കോണില്‍ അമ്മ എപ്പോഴും ഉണ്ടായിരുന്നു, എങ്കിലും ചെറുപ്പത്തില്‍ ശീലിച്ചിരുന്ന സാധനകളൊക്കെ ഞാന്‍ മാറ്റിവച്ചു. എൻ്റെ വീട്ടിലെ അമ്മ അപ്പോഴും പതിവായി അമൃതപുരി ആശ്രമത്തില്‍ പോയിക്കൊണ്ടിരുന്നു. എന്നോടു സംസാരിക്കുമ്പോഴൊക്കെ അമ്മയ്ക്കു വള്ളിക്കാവിലമ്മയുടെ ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ദുബായില്‍വച്ചു മുടക്കദിവസങ്ങള്‍, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞാന്‍ വീട്ടില്‍ അലസമായിരിക്കാറാണു പതിവു്. ചിലപ്പോള്‍ ഭാര്യയും കുഞ്ഞുമൊത്തു പുറത്തു കറങ്ങാന്‍ പോകും.

അങ്ങനെയൊരവസരത്തില്‍, സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു തിരിച്ചു കാറോടിച്ചു വരുമ്പോഴാണു് ആ ദുരന്തം സംഭവിച്ചതു്. ഞാന്‍ ചെറുതായി മദ്യപിച്ചിരുന്നു. അതിൻ്റെ ക്ഷീണംകൊണ്ടു കാറോടിക്കുന്നതിനിടെ ഒന്നു മയങ്ങിപ്പോയിരിക്കാം. ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കുറച്ചു പേരുടെ ഇടയിലേക്കു വണ്ടി ഓടിച്ചു കയറ്റിയിരിക്കയാണു്. പലര്‍ക്കും പരിക്കുപറ്റി. ഒരാള്‍ മരിച്ചിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റു് എനിക്കു സംഭവിച്ചിരിക്കുന്നു.

അടുത്ത ദിവസംതന്നെ ഞാന്‍ പോലീസ്‌സ്റ്റേഷനില്‍ പോയി തെറ്റു് ഏറ്റുപറഞ്ഞു കീഴടങ്ങി. കോടതി വിധി പറയാന്‍ ഏകദേശം മൂന്നു മാസമെടുത്തു മുപ്പത്തിനാലു ലക്ഷം (ഏകദേശം 3.4 കോടി രൂപ) ബ്ലഡ് മണിയും അഞ്ചു ലക്ഷം (അന്‍പതു ലക്ഷം രൂപ) പിഴയും രണ്ടു വര്‍ഷം തടവും.

ഇത്രയും വലിയ സംഖ്യ പിഴയടയ്ക്കുന്നതിനു് എനിക്കു് ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. അമ്മയോടു പ്രാര്‍ത്ഥിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. അതുവരെ തിരക്കുകള്‍ക്കിടയില്‍ പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്നു കരുതിയിരുന്ന ഞാന്‍ ദിവസവും മൂന്നു പ്രാവശ്യം അര്‍ച്ചന ചെയ്യാന്‍ തുടങ്ങി, ബാക്കി സമയം മുഴുവന്‍ മനസ്സില്‍ അമ്മയുടെ പാദം കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

പിഴ കുറച്ചുതരണമെന്നു് അപേക്ഷിച്ചു ഞാന്‍ ഗവണ്‍മെന്റിനു് ഒരു പെറ്റീഷന്‍ കൊടുത്തു. ഒരു വര്‍ഷത്തേക്കു് ഒന്നും സംഭവിച്ചില്ല. അമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ആദ്യഫലം കണ്ടതു ഞാന്‍ ജയിലില്‍ പോയ ഉടനെയാണു്. എൻ്റെ ഭാര്യയ്ക്കു് ഉയര്‍ന്ന ശമ്പളത്തോടുകൂടി കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി ലഭിച്ചു. ഭാര്യയെയും കുഞ്ഞിനെയും കുറിച്ചുള്ള വേവലാതിക്കു തത്കാലത്തേക്കു് ആശ്വാസമായി.

അടുത്ത അദ്ഭുതം നടന്നതു റംസാന്‍ അവസാനിക്കാറായപ്പോഴാണു്. ഈ സമയത്തു ദുബായില്‍ കുറച്ചു കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കാറുണ്ടു്. എന്നാല്‍ ഇതിനു് ആ നാട്ടിലുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാറുള്ളു. എന്നാല്‍ അത്തവണ തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ എൻ്റെ പേരും ഉണ്ടായിരുന്നു. എൻ്റെ ജയില്‍ ശിക്ഷയില്‍ ഇളവുകിട്ടി. മാത്രമല്ല, അന്‍പതു ലക്ഷം രൂപയുടെ പിഴയും ഒഴിവായിക്കിട്ടി.

എന്നാല്‍ 3.4 കോടിയുടെ ബ്ലഡ് മണിയെ സംബന്ധിച്ചു സര്‍ക്കാരിനു് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. മരിച്ചയാളുടെ വീട്ടുകാര്‍ക്കു മാത്രമേ അതില്‍ എന്തെങ്കിലും നീക്കുപോക്കു ചെയ്യാനുള്ള അധികാരമുള്ളു. അദ്ദേഹത്തിൻ്റെ മാതാപിതാക്കള്‍ക്കു് എന്നോടു ദയവു തോന്നിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായില്ല. ഞാന്‍ മുഴുവന്‍ സംഖ്യയും അടയ്ക്കണം എന്നുതന്നെ അവര്‍ നിര്‍ബ്ബന്ധം പിടിച്ചു.

വീട്ടിലെ അമ്മ വീണ്ടും വള്ളിക്കാവിലമ്മയെ കണ്ടു സങ്കടം പറഞ്ഞു. ദുബായിലെ നിയമം കടുത്തതായതുകൊണ്ടു് ഒട്ടും സമയം കളയാതെ ഞാന്‍ പുതുതായി പണി കഴിപ്പിച്ച വീടു വിറ്റു പണമയയ്ക്കാനാണു് അമ്മ നിര്‍ദ്ദേശിച്ചതു്. എൻ്റെ അമ്മ ഉടനെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വീടു വിറ്റു, എന്നാല്‍ പണമയയ്ക്കുന്നതിനു മുന്‍പു് അദ്ഭുതങ്ങളില്‍ അത്ഭുതം സംഭവിച്ചു.

ജയിലിലെ ഉച്ചഭാഷിണിയില്‍ ഒരു അറിയിപ്പു വന്നു. ”നിങ്ങളെ മോചിപ്പിച്ചിരിക്കുന്നു, നിങ്ങള്‍ക്കു ജയില്‍ വിട്ടു പോകാം.” തടവറയില്‍ നിന്നു പുറത്തു വന്ന ഞാന്‍ ഓടി അധികൃതരുടെ അടുത്തെത്തി, എന്താണു സംഭവിച്ചതു് എന്നന്വേഷിച്ചു. പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ആരോ ഞാനടയ്ക്കാനുള്ള 3.4 കോടി രൂപ അടച്ചു എന്നാണു് അവര്‍ പറഞ്ഞതു്!

എൻ്റെ അമ്മ വിവരമറിഞ്ഞു് അമൃതപുരിയിലേക്കു് ഓടിച്ചെന്നു, അമ്മയുടെ മുന്നില്‍ നിന്നു തേങ്ങി, ”അമ്മേ, അമ്മേ, മോൻ്റെ പിഴ അമ്മ അടച്ചു തീര്‍ത്തു അല്ലേ?” അമ്മ ഉത്തരമൊന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ടു് എൻ്റെ അമ്മയോടു് അടുത്തിരിക്കാന്‍ പറഞ്ഞു. എൻ്റെ അമ്മയുടെ ആവേശം കണ്ട പലരും കാര്യമെന്താണെന്നു തിരക്കിയിരുന്നു. അതുകൊണ്ടാണു് ഈ കഥ എഴുതാമെന്നു ഞാന്‍ നിശ്ചയിച്ചതു്. നമ്മുടെ പ്രിയപ്പെട്ട അമ്മ നമുക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിനു് എൻ്റെ അനുഭവംതന്നെ തെളിവാണല്ലോ.

തീരാദുരിതങ്ങള്‍ വരുമ്പോള്‍ എല്ലാവരും ജോത്സ്യൻ്റെ അടുത്തേക്കോടും. എല്ലാ പ്രവചനങ്ങള്‍ക്കും അതീതനാണു ഗുരുവെന്നും സദ്ഗുരുവിൻ്റെ ഒരു സങ്കല്പംകൊണ്ടു് ഒരാളുടെ ഭാവിതന്നെ മാറുമെന്നും നമുക്കു് അറിയില്ല. 2012 കടന്നു കിട്ടാന്‍ എനിക്കു കഴിയില്ലെന്നു പല ജോത്സ്യന്മാരും എൻ്റെ അമ്മയോടു പറഞ്ഞിട്ടുണ്ടു്. കാലൻ്റെ ദൂതന്മാര്‍ എന്നെ കാണാതിരിക്കാനായി അമ്മ എന്നെ തടവറയില്‍ ഒളിപ്പിച്ചതാകാം, എനിക്കു പുതിയ ഒരു ജീവിതം നീട്ടിത്തന്നതാകാം.

അമ്മേ, ഞാന്‍ എങ്ങനെയാണു നന്ദി പറയുക? അവിടുത്തെ അനുഗ്രഹം ഏറ്റു വാങ്ങാന്‍, അവിടുന്നു് എന്നിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിച്ചു ജീവിക്കാന്‍ എനിക്കു കെല്പു തരണേ!