പ്രകൃതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുപോലെയാണു് ഇന്നത്തെ തലമുറകൾ കഴിയുന്നതു്.
ഇന്നു മനുഷ്യൻ മാത്രമല്ല, മനുഷ്യൻ വളർത്തുന്ന ചെടികളും മൃഗങ്ങളും പക്ഷികളും പോലും പ്രകൃതിയിൽനിന്നു് അന്യമായി കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, ഇന്നത്തെ ബ്ലോക്കുചെടികൾക്കു പ്രതിരോധനശക്തി ഒട്ടുമില്ല. കീടങ്ങളെ ചെറുത്തുനില്ക്കാൻ സ്വയം കഴിയുന്നില്ല. അതു കാരണം മരുന്നടിച്ചു കൊടുക്കേണ്ടി വരുന്നു.
ഇതേപോലെയാണു ബ്ലോക്കു കോഴിയും ബ്ലോക്കു പശുവും. അവർക്കൊക്കെ പ്രത്യേക പരിചരണം വേണം. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ അവയ്‌ക്കൊന്നിനും കഴിയുന്നില്ല.
മനുഷ്യൻ്റെ സ്ഥിതിയും ഇതുപോലെയായി. ഇന്നു പലർക്കും പല രീതിയിലുള്ള അലർജികളുണ്ടു്. പലരും ഇൻഹേലർ വച്ചാണു നടക്കുന്നതു്. എല്ലാവർക്കും ഭാവിയിൽ, ചന്ദ്രനിൽ പോകുന്നവരെപ്പോലെ ശ്വസിക്കാൻ ഓക്സിജൻ ടാങ്കു വച്ചു നടക്കേണ്ടി വരും. പ്രകൃതിയിൽ നിന്നു് അകന്നകന്നു നമ്മുടെ സ്ഥിതി ഗുരുത്വാകർഷണം വിട്ട റോക്കറ്റു പോലെ ആയിരിക്കുന്നു.
ഭൂമിയിൽ ജനപെരുപ്പം കൂടിക്കൂടിവരുന്നു. ഇതു കാരണം, പട്ടിണിമരണം ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങളിലൂടെ പല ഉപായങ്ങളും കണ്ടുപിടിച്ചു. അഞ്ചു ഗ്രാമുള്ള ഭക്ഷണപദാർത്ഥങ്ങൾ നൂറു ഗ്രാമാക്കി ഉത്പാദനം കൂട്ടി. അതിനുവേണ്ടി കണ്ടമാനം വിഷവളം നമ്മൾ ചേർക്കുന്നു. എന്നാൽ അതിൽ നിന്നു നമുക്കു കിട്ടുന്ന ഗുണം ഏറെ കുറഞ്ഞിട്ടുണ്ടു്.
പണ്ടുള്ളവർക്കു നൂറുവയസ്സിലേറെ ആയുസ്സുണ്ടായിരുന്നു. പക്ഷേ, ഇന്നുള്ളവരുടെ ആയുസ്സു് എൺപതും അതിൽ കുറവുമായിരിക്കുന്നു. മാത്രമല്ല, നാലിൽ മൂന്നു ഭാഗം ആളുകൾ രോഗികളുമാണു്. ദിനോസറുകൾപോലുള്ള എത്രയെത്ര മൃഗങ്ങളും പക്ഷികളും നാമാവശേഷമായിക്കഴിഞ്ഞു! ഇനിയും എത്രയോ ജീവജാലങ്ങൾ വംശനാശത്തിൻ്റെ ഭീഷണിയിലാണു്!