ഇന്നു നമ്മുടെ മനസ്സു് കഴിഞ്ഞതിലും വരാന്‍ പോകുന്നതിലുമാണു്. ഇതുമൂലം നഷ്ടമാകുന്നതു്, ആനന്ദിക്കുവാനുള്ള ഈ നിമിഷമാണു്.

ഒരിക്കല്‍ ഒരാള്‍ ഐസ്ക്രീം വാങ്ങിക്കഴിക്കുവാന്‍ മുന്നില്‍ വച്ചു. ഒരു സ്പൂണ്‍ ഐസ്ക്രീം എടുത്തു വായിലിട്ടു. എന്നിട്ടു ചിന്തിച്ചു തുടങ്ങി, ‘ചെറുതായി ഇപ്പോഴും തലവേദനയുണ്ടു്. രാവിലെ മുതല്‍ തുടങ്ങിയതാണു്. ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍ ഒരു വൃത്തിയുമുണ്ടായിരുന്നില്ല. എല്ലാം തുറന്നുവച്ചിരിക്കുകയായിരുന്നു. അതില്‍ വല്ല പല്ലിയോ മറ്റോ വീണിട്ടുണ്ടാകുമോ.

ആ ഹോട്ടലിൻ്റെ അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ എത്രമാത്രം ആഭരണങ്ങളാണുള്ളതു്. അതിൻ്റെ എതിര്‍വശത്തുള്ള തുണിക്കടയില്‍ തൂക്കിയിരിക്കുന്ന വസ്ത്രങ്ങള്‍; എത്രയെത്ര ഫാഷനുകള്‍! ഓ, ഈ ജന്മത്തില്‍ എനിക്കതു വല്ലതും വാങ്ങാന്‍ പറ്റുമോ? ഇപ്പോഴത്തെ ജോലികൊണ്ടു കഷ്ടിച്ചു ജീവിക്കാന്‍തന്നെ പറ്റുന്നില്ല. എന്തൊരു ജന്മമായിപ്പോയി! നല്ല പണമുള്ള കുടുംബത്തില്‍ ജനിച്ചെങ്കില്‍. പഠിക്കാന്‍ പോയ സമയത്തു നന്നായി പഠിച്ചാല്‍ മതിയായിരുന്നു. അതിനും കഴിഞ്ഞില്ല. കഷ്ടം.’

ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടിരുന്നു, ഒപ്പം ഐസ്ക്രീമും കഴിച്ചു കഴിഞ്ഞു. പക്ഷേ, അതിൻ്റെ രുചി എന്തെന്നുകൂടി അറിയാന്‍ സാധിച്ചില്ല. മനസ്സു് മറ്റു ചിന്തകളിലായിരുന്നു. ആ സമയമത്രയും മരിച്ചതിനു തുല്യമായി. കഴിഞ്ഞതും വരാന്‍ പോകുന്നതും ഓര്‍ത്തിരുന്നു് അനുഭവിക്കുവാന്‍ ലഭിച്ച നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തി.

അതാണു പറയുന്നതു്, കഴിഞ്ഞതെല്ലാം ഒരു കാന്‍സല്‍ഡ് ചെക്കുപോലെയാണെന്നു്. കഴിഞ്ഞതിനെക്കുറിച്ചു് ഓര്‍ത്തിരുന്നതുകൊണ്ടു പ്രയോജനമില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതു്, ശവത്തെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നതുപോലെയാണു്. മരിച്ചവര്‍ ഒരിക്കലും കൂടെ വരില്ല. കഴിഞ്ഞ കാലം, ഇനി ഒരിക്കലും കൂടെവരില്ല.

അതു പോലെ വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചു് ആലോചിച്ചിട്ടും പ്രയോജനമില്ല. അതൊരു സ്വപ്‌നം മാത്രമാണു്. സംഭവിക്കാം, സംഭവിക്കാതിരിക്കാം. പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതു് ഈ നിമിഷം മാത്രമാണു്. അതു കൈയിലിരിക്കുന്ന പണംപോലെയാണു്.

നമ്മുടെ ഇഷ്ടത്തിനനുസരിച്ചു് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ആലോചനയില്ലാതെ ചിലവാക്കിയാല്‍, അതുകൊണ്ടു ശരിയായ പ്രയോജനം നമുക്കു ലഭിക്കില്ല; പണവും നഷ്ടമാകും. അതിനാല്‍ ചിന്തിച്ചു ചെലവഴിക്കണം. ഓരോ നിമിഷവും വിവേകബുദ്ധി ഉണര്‍ത്തി വേണം നീങ്ങുവാന്‍. എങ്കില്‍ മാത്രമേ കര്‍മ്മത്തില്‍ ധീരതയോടെ മുന്നേറുവാന്‍ സാധിക്കൂ. ഈ തത്ത്വം നമ്മള്‍ ഉള്‍ക്കൊള്ളണം. ഈ ഒരു നിശ്ചയദാർഢ്യം നമ്മുടെ മനസ്സിനുണ്ടായിരിക്കണം.