സ്വാമി തുരീയാമൃതാനന്ദ പുരി
അന്യനും താനുമെന്നന്തരംഗത്തില്‍
ഭിന്നതതോന്നുന്നതന്ധതമാത്രം!
അന്യനുമവ്വിധം തോന്നിയാല്‍ പിന്നെ
അന്യരല്ലാതാരുമില്ലിവിടെങ്ങും!
ദേഹത്തിനാധാരമെന്തെന്നറിഞ്ഞാല്‍
ലോകത്തിനാധാരമെന്തെന്നറിയാം
ഓതവും പ്രോതവുമാണിവിടെല്ലാം
ഓരോ അണുവിലും ചേതനസ്പന്ദം!
അന്യന്‍ തനിക്കാരുമല്ലെന്നു കണ്ടാല്‍
അന്യന്റെ നെഞ്ചിലേക്കമ്പുതൊടുക്കാം
അന്യന്‍ സഹോദരനെന്നു കാണുമ്പോള്‍
അന്യന്റെ നെഞ്ചിലേക്കന്‍പു ചുരത്തും!
അന്യോന്യമൈത്രിയെഴാതെ പോകുമ്പോള്‍
ചിന്തയില്‍ നഞ്ചുകലര്‍ന്നെന്നു വ്യക്തം!
അന്യനില്‍ തന്മുഖകാന്തി വിരിഞ്ഞാല്‍
ചിന്തയില്‍ പീയുഷധാരാഭിഷേകം!
അന്യോന്യം ചേതനകണ്ടാദരിക്കെ
ദൈവികമായ്ത്തീരും ലോകമീരേഴും!
മൃണ്മയമായ് കാണ്മതേതൊന്നും പിന്നെ
ചിന്മയമായ് കണ്ടു നിര്‍വൃതി നേടാം!