അടുത്ത ശ്വാസം നമ്മുടെതെന്നു പറയുവാന്‍ നമുക്കാവില്ല. അതിനാല്‍ മക്കള്‍, ഒരു നിമിഷം പോലും ദുഃഖിച്ചു കളയാതെ സന്തോഷിക്കുവാന്‍ ശ്രമിക്കണം. അതിനു് ഈ ‘ഞാനി’നെ വിടാതെ പറ്റില്ല.
ഈ അറിവു് ഋഷികള്‍ നമുക്കു കനിഞ്ഞരുളിയ വരപ്രസാദമാണു്. ഇനി ഒരു നിമിഷം പോലും നഷ്ടമാക്കാതെ, ഈ ജ്ഞാനത്തോടെ ജീവിക്കുവാന്‍ മക്കള്‍ തയ്യാറാകണം. അതില്ലയെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമായിത്തീരും.
നാളെയാകട്ടെ എന്നു ചിന്തിക്കുവാന്‍ പാടില്ല. കാരണം നാളത്തെ ജീവിതം എന്നതു വെറും ഒരു സ്വപ്‌നം മാത്രമാണു്. എന്തിനു്, ഇപ്പോള്‍ തന്നെ, നമ്മള്‍ വെറും സ്വപ്‌നത്തിലാണു ജീവിക്കുന്നതു്. സാധാരണ സ്വപ്‌നം, ഒരു രാത്രി കൊണ്ടവസാനിക്കുമെങ്കില്‍, ഇതു് ഒരു ദീര്‍ഘകാല സ്വപ്‌നമാണെന്നു മാത്രം.
ഈ സ്വപ്‌നത്തില്‍ നിന്നു് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാന്‍ കഴിയൂ. ഈ സ്വപ്‌നത്തില്‍നിന്നും നാം ഈശ്വരനിലേക്കാണുണരുന്നതു്. ഈ ഉറപ്പു നമുക്കുണ്ടാവണം. എങ്കിലേ ഈ സ്വപ്‌നം വിട്ടുണരുവാന്‍ കഴിയൂ.
കടന്നുപോകുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണു്. ഒരിക്കലും അതു നഷ്ടമാകുവാന്‍ പാടില്ല. നാളെയാകാമെന്നു ചിന്തിച്ചു സ്വപ്‌നത്തില്‍ മുഴുകുന്നതു വിഡ്ഢിത്തമാണു്. ‘നാളെ’യെന്നതു് ഉത്തരം കിട്ടാത്ത ചോദ്യമാണു്.
നാലും നാലും കൂടി ഒന്‍പതു് എന്നു കൂട്ടുന്നതുപോലെയാണതു്. നാലും നാലും കൂടി കൂട്ടിയാല്‍ ഒരിക്കലും ഒന്‍പതു് ആകാന്‍ പോകുന്നില്ല. അതിനാല്‍, നമുക്കു ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിമിഷമാണു് ഏറ്റവും വിലപ്പെട്ടതു്. അതു നഷ്ടമാകുവാന്‍ ഒരിക്കലും അനുവദിക്കരുതു്.
ഇതു മനസ്സിലാക്കി മക്കള്‍ എപ്പോഴും ഹൃദയം തുറന്നു ചിരിക്കുവാന്‍ പഠിക്കുക. മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ശ്രമിക്കുക. ചിന്തയിലും നോട്ടത്തിലും സ്പര്‍ശത്തിലും മനസാ വാചാ കര്‍മ്മണാ ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത ഒരു മനസ്സിന്നുടമകളായിത്തീരാന്‍ ശ്രമിക്കുക.