27 സെപ്‌റ്റംബർ 2024 , അമൃതപുരി – അമൃതവർഷം 71 ആഘോഷങ്ങൾ
അമ്മയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി, പ്രശസ്ത കവിയും പണ്ഡിതനുമായ പ്രൊഫസർ വി.മധുസൂദനൻ നായർക്ക് പ്രസിദ്ധമായ അമൃതകീർത്തി പുരസ്‌കാരം സമ്മാനിയ്ക്കപ്പെട്ടു. സരസ്വതി ദേവിയുടെ ശിൽപവും 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അമ്മ നേരിട്ട് നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു.

“സാഹിത്യത്തിന് അസാധാരണമായ സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ആത്മീയ ദാർശനിക ആശയങ്ങളും ആധുനിക ചിന്താ ശൈലികളും ഗംഭീരമായ രചനാശൈലിയിൽ സമന്വയിപ്പിച്ചതിനാണ് പ്രൊഫ. മധുസൂദനൻ നായർ അവർകളെ തിരഞ്ഞെടുത്തത് ” എന്ന് അവാർഡ് നിർണയ സമിതിയിലെ അംഗമായ സ്വാമി തുരീയാമൃതാനന്ദ പുരി പറഞ്ഞു.
സമയാകാശങ്ങളിൽ, രാമായണ തീർത്ഥം, വാൽമീകി രാമായണം (സംസ്കൃത ഗ്രന്ഥവും മലയാള വ്യാഖ്യാനവും), വാക്കിന്റെ വിശ്വരൂപം, നാറാണത്തു ഭ്രാന്തൻ തുടങ്ങിയ മധുസൂദനൻ നായരുടെ ശ്രദ്ധേയമായ കൃതികൾ അദ്ദേഹത്തിന്റെ അഗാധമായ ജഞാനത്തിന്റെയും മലയാള സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയുടെയും ഉദാഹരണങ്ങളാണ്.
പ്രൊഫസർ മധുസൂദനൻ നായർ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിൽ മലയാളം വിഭാഗം പ്രൊഫസറായും മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആദരണീയനായ അദ്ധ്യാപകനാണ്. ഭാരത സർക്കാരിന്റെ സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാൽ അദ്ദേഹത്തിന്റെ സാഹിതീ സംഭാവനകൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
തന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരത്തിന് അമ്മയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പുരസ്‌കാര സ്വീകരണ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് തന്റെ ചില ആശയങ്ങൾ പങ്കുവച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “സ്നേഹം എന്നത് പ്രപഞ്ചത്തെ സമ്പൂർണ്ണമായി ലയിപ്പിക്കുന്ന ഒരു അമൃത സാഗരം എന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. സ്നേഹം അമൃതമാകുമ്പോൾ അത് ആനന്ദമാവും, സർവ്വാനന്ദമാവും. ഇത് അമൃതപുരിയാവുന്നത് അങ്ങനെയാണ്. ‘അമൃതേന ആവൃതാം പുരിം’ എന്ന് തൈത്തിരീയം ആരണ്യകത്തിൽ ശരീരത്തെ പറയുന്നു. ഈ ഇരിക്കുന്ന എല്ലാ ശരീരങ്ങളും അങ്ങനെ അമൃതപുരിയായല്ലോ. പ്രപഞ്ചത്തിലെ എല്ലാ ജീവശരീരങ്ങളും അതുപോലെ അമൃതപുരിയാകണമല്ലോ. അതിനായിരിക്കണം മനുഷ്യന്റെ ജ്ഞാനവും വിജ്ഞാനവും ധനവും എല്ലാം. ഒരു ഭേദവും ഇല്ല. മനുഷ്യനുൾപ്പെടെ എല്ലാ ജീവിയും ഒരേ ദേവതയുടെ അമൃതപുരിയാണ് എന്ന് വരുന്ന ഒരു സന്ദേശം എല്ലാ മക്കൾക്കും ആയി കൊടുക്കുന്ന ഇടം എവിടെ ആണോ അവിടെ അമൃതമയമാണ്.

സ്നേഹത്താൽ ഒന്നായ ഒരു ലോകത്തെ മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം തുടർന്നു: “പ്രപഞ്ചം ഒറ്റ സംഗീതത്തിൽ ലയിക്കുമെങ്കിൽ, സ്നേഹത്തിന്റെ ഒറ്റ സംഗീതത്തിൽ പ്രപഞ്ചം മുഴുവൻ ലയിക്കുമെങ്കിൽ, നമുക്ക് യുദ്ധങ്ങളുണ്ടാവില്ല. കലാപങ്ങൾ ഉണ്ടാവില്ല. അടിപിടികൾ ഉണ്ടാവില്ല. ഏറ്റവും കഷ്ടപ്പെടുന്നവരെ കൂടെ കൈ കൊടുത്തു കൂടെ കൊണ്ടുപോകുന്ന, ഏറ്റവും മുറിവേറ്റ മുടന്തനായ കുഞ്ഞാടിനെ കൂടെ ചുവന്നു കൊണ്ടുപോകുന്ന മഹത്വങ്ങൾ ആയി ഓരോ മനുഷ്യനും മാറു മാറാകണം എന്ന ഒരു പ്രാർത്ഥനാ എന്നെപ്പോലൊരാളിൽ ഉണ്ട്. അതാണ് ഞാൻ എന്റെ കവിതകളിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ആ അക്ഷര കർമ്മങ്ങൾക്ക്, ആത്മാർത്ഥതയോടെ ചെയ്തിട്ടുള്ള കർമ്മങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന് ഞാനെന്റെ ശിരസ് നമിക്കുന്നു. ലോകത്തിന് ഇനിയും സ്നേഹത്തിന്റെ മഹാ ഭാഷ്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഈയമ്മ ചിരകാലം വറ്റാത്ത സ്നേഹത്തോടെ തന്നെ നമ്മുടെ കൂടെ ഉണ്ടാകണമേ എന്നും, വരും തലമുറകൾക്കു എല്ലാ ലോകത്തിനും പ്രത്യേകിച്ചു തീരെ കഷ്ടപ്പെടുന്നവർക്ക് എല്ലാർക്കും മനസ്സിൽ എന്നും ആശ്വാസമായി ആനന്ദമായി കൈത്താങ്ങാടയി ഈ പ്രസ്ഥാനം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഒരു ഭേദവും ഇല്ലാതെ എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ ലോകം സുന്ദരമായിരിക്കൂ.”

ഒരാളുടെ കാഴ്ചപ്പാട് അവരുടെ അനുഭവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് തുടർന്ന് അദ്ദേഹം വ്യക്തമാക്കി: “എന്റെ കണ്ണിൽ ദ്വേഷമല്ല സ്നേഹമാണുള്ളതെങ്കിൽ ലോകം മുഴുവൻ എനിക്ക് മധുമയം ആയിരിക്കും. എന്റെ കണ്ണിൽ കാലുഷ്യമുണ്ടെങ്കിൽ ലോകം എനിക്ക് വിഷമയമായിരിക്കും. ലോകം മധുമയമായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. എല്ലാ മനസ്സും ഒരേ സ്നേഹ ശ്രുതിയിൽ ലയിച്ചാൽ ലോകം മുഴുവൻ സുന്ദരമായി തന്നെ ഇരിക്കും. അങ്ങനെ സുന്ദരമാകണമേ എന്നു തന്നെയാണ് എന്റെയും പ്രാർത്ഥന. ഞാൻ അങ്ങനെ എഴുതിയ രണ്ടു വരി ഇവിടെ സമർപ്പിച്ച് പിൻമാറിക്കൊള്ളാം എന്ന് വിചാരിക്കുന്നു.“
ഐക്യം, സ്നേഹം, അനുകമ്പ എന്നീ മൂല്യങ്ങളുടെ ജീവസ്സുറ്റ ചിത്രീകരണമുള്ള ‘അച്ഛൻ പിറന്ന വീട്’ എന്ന തന്റെ കവിതയിലെ ഒരു ഹൃദ്യമായ ഭാഗം ചൊല്ലിക്കൊണ്ടാണ് പ്രൊഫ. മധുസൂദനൻ നായർ പ്രസംഗം അവസാനിപ്പിച്ചത്.
അച്ഛൻ പിറന്ന വീട്
======
ഇവിടെയായിരുന്നച്ഛൻ പിറന്ന വീട്
ഇവിടെയായിരുന്നച്ഛൻ പിരിഞ്ഞ ചൂട്
ഉണർന്നേറ്റാൽ നിലം തൊട്ടു ക്ഷമയോതുന്നു
ഉദിക്കും ദേവന് വെള്ളം ജപിച്ചേകുന്നു.പുരമുറ്റ തുളസിക്കു വലം വയ്ക്കുന്നു
പറവയ്ക്ക് പുലരന്നം പകർന്നൂട്ടുന്നു
ഉറുമ്പുകൾക്കരിപ്പൊടി ചിരട്ട വച്ചേ
തിരുവോണ സദ്യയുണ്ണാൻ ഇലയിട്ടുള്ളൂ.
പുഴമീനിന്നരിയിട്ടു വണങ്ങിയിട്ടേ
പുഴക്കര തേവരെയും തൊഴുമാറുള്ളൂ.പുളിമാവിൻ ഉയർ കൊമ്പിൽ കൊണിയെറിഞ്ഞ്
കുല മാങ്ങയടർത്തുമ്പോൾ അമ്മ ശാസിക്കും
കിളിക്കും അണ്ണാനുമുള്ളതെടുക്കുന്നെന്തേ
നമുക്കു വേണ്ടുന്നതീ കീഴ്ക്കൊമ്പിലുണ്ടല്ലോതനിച്ചുണ്ണാനുള്ളതല്ലീ ഉലകമുണ്ണി
ചതിച്ചു നേടുവാനല്ല പഠിത്തമുണ്ണീ
കുതിച്ചോളൂ കൊതിച്ചോളൂ മത്സരിച്ചോളൂ
മദിക്കാതെ മതിയോളം രസിച്ചു കൊള്ളൂഇവരെല്ലാം ഇല്ലെങ്കിൽ തനിച്ചാവില്ലേ
തനിച്ചായാൽ കുലമുണ്ടോ കുടുംബമുണ്ടോ
കുലമെന്നാൽ പിന്നെ എനിക്കീ പടർന്ന ലോകം
ഇടമെല്ലാം ഉള്ളിൽ ഒറ്റ കുടുംബ കോവിൽഎവിടേയും ഒരു ദൈവം ഇരിക്കുന്നുണ്ട്
ഇരുട്ടിൻ ഉള്ളിലും വെട്ടം അടങ്ങുന്നുണ്ട്ഒരു തുമ്പിച്ചിറകൊന്നു മുറിയും നേരം
ഒരു താളം എവിടെയോ പിഴക്കുന്നുണ്ടാം
ഒരു കാറ്റിൻകണമൊന്നു പനിക്കുന്നേരം
ഒരു പ്രാണൻ എവിടെയോ പിടയുന്നുണ്ടാംഅരുവിക്ക് ജലദോഷം വരുന്നുവെങ്കിൽ
കുരുവിക്കും അതിൻ ദോഷ പകർച്ചയുണ്ടാം
മരുഭൂമിക്കൊരുതുള്ളി തണുപ്പു പെയ്യാൻ
കടൽ നെഞ്ചം എത്രയേറെ തപിച്ചിട്ടുണ്ടാംഒരു പ്രാണിക്കുയിർ ചൂടായ് തിളച്ചുവറ്റാൻ
ഒരു പാടം എത്ര കാലം വിയർത്തിട്ടുണ്ടാം
എവിടെയും ഒരു ദൈവം ഇരിക്കുന്നുണ്ട്
അതിൽ നിന്നും ഒരു കാന്തി പരക്കുന്നുണ്ട്
ഈ കുലത്തിൽ പിറന്ന ഞാൻ മധുവാണെങ്കിൽ
ഉള്ളിലും പുറത്തുമെല്ലാം മധുവാകുന്നു
ഉള്ളിലും പുറത്തും എല്ലാം മധുവാകുന്നു
ചവിട്ടിനിൽക്കുന്ന മണ്ണ് മധുവാകുന്നു
ഒലിക്കുന്ന ജലമാകെ മധുവാകുന്നു
ശ്വസിക്കുന്ന വായുവെല്ലാം മധുവാകുന്നു
മനുഷ്യൻ അന്യോന്യം എന്നും മധുവാകുന്നു
അതിനുമപ്പുറം സർവ്വം മധുവാകുന്നു…
അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പാരായണം വേദിയിലും സദസ്സിലുമുണ്ടായിരുന്ന എല്ലാവരെയും സ്വാധീനിച്ചു. കവിയോടൊപ്പം കണ്ണീർ പൊഴിച്ചുകൊണ്ട് അമ്മയും അതാസ്വദിക്കുന്നത് നമുക്ക് കാണാമായിരുന്നു. അദ്ദേഹത്തിന്റെ വരികൾ അമ്മയുടെ സന്ദേശങ്ങളെ അതിശയകരമായി കവിതയിലേക്ക് കാച്ചിക്കുറുക്കി അലിയിച്ചു ചേർത്തതായി തോന്നി. ആ വാക്കുക്കൾ, അത് കേട്ടവരുടെയെല്ലാം മനസ്സിൽ ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചിട്ടു.
അവാർഡ് സമർപ്പണം പ്രൊഫ. മധുസൂദനൻ നായരുടെ സാഹിത്യ നേട്ടങ്ങൾക്കുള്ള വെറും അംഗീകാരം മാത്രമല്ല, വേദങ്ങളുടെ കാലാതീതമായ ജ്ഞാനത്തെ സമകാലിക ചിന്തകളാൽ സംയോജിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനുള്ള ആദരവിന്റെ നിമിഷവും കൂടിയായിരുന്നു. ആ സംയോജനം വരും തലമുറകൾക്കു വേണ്ടി നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പ്രകൃതിയെ സമ്പന്നമാക്കുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.