പണ്ടൊക്കെ അഞ്ചു വയസ്സാകുമ്പോഴാണു കുട്ടികളെ സ്‌കൂളിലേക്കയച്ചിരുന്നതു്. ഇന്നു രണ്ടര വയസ്സാകുമ്പോഴേ, കുഞ്ഞുങ്ങളെ എഴുത്തിനിരുത്താന്‍ കൊണ്ടുവരികയാണു്. അമ്മയുടെ അടുത്തും പലരും കൊണ്ടുവരാറുണ്ടു്.

അഞ്ചു വയസ്സുവരെ കുഞ്ഞുങ്ങളെ സ്നേഹിക്കാനേ പാടുള്ളൂ. അവരുടെ സ്വാതന്ത്ര്യത്തിനു് ഒരു തടസ്സവും ഉണ്ടാകുവാന്‍ പാടില്ല. അവര്‍ക്കു് ഇഷ്ടംപോലെ കളിക്കാന്‍ കഴിയണം. തീയിലും കുളത്തിലും ഒന്നും ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രം.

കുഞ്ഞുങ്ങള്‍ എന്തു കുസൃതി കാട്ടിയാലും അവരെ സ്നേഹിക്കുവാന്‍ മാത്രമേ പാടുള്ളൂ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതുപോലെ അഞ്ചു വയസ്സുവരെ സ്നേഹത്തിന്റെ മറ്റൊരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണം.

എന്നാല്‍ ഇന്നതല്ല സ്ഥിതി, നന്നേ ചെറുപ്പത്തില്‍തന്നെ അവരെ സ്‌കൂളിലേക്കയക്കുകയാണു്. ഇതുമൂലം ആ കുഞ്ഞുങ്ങള്‍ക്കു കിട്ടുന്നതു ടെന്‍ഷന്‍ മാത്രം.

നല്ല സുഗന്ധമുള്ള സുന്ദരപുഷ്പങ്ങളായി വിരിയേണ്ട മൊട്ടുകളില്‍ പുഴുവിനെ കടത്തിവിടുന്നതുപോലെയാണിതു്. പുഴു തിന്നു നശിച്ച മൊട്ടുകള്‍ വിരിഞ്ഞാല്‍തന്നെയും വികൃതമായിരിക്കും.

ചെറുപ്പത്തിലേ വഹിക്കേണ്ടിവരുന്ന അമിതഭാരം കാരണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുംതോറും അവരുടെ മനസ്സു് മുരടിക്കുകയാണു്. ഇതു മാറണമെങ്കില്‍, ആദ്യം അച്ഛനമ്മമാര്‍ ആദ്ധ്യാത്മിക സംസ്‌കാരം ഉള്‍കൊള്ളണം. അതു കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നു കൊടുക്കണം.

ജീവിതത്തില്‍ ആദ്ധ്യാത്മികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചു് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഭൗതികവിദ്യാഭ്യാസവും മറ്റും നമ്മുടെ വയറുനിറയ്ക്കാന്‍ വേണ്ട ജോലി നേടിത്തരാന്‍ ഉപകരിക്കും. പക്ഷേ, അതുകൊണ്ടു മാത്രം ജീവിതം പൂര്‍ണ്ണമാകുന്നില്ല