പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ.
പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം.
അന്തരീക്ഷത്തിനൊരു പ്രത്യേക സുഗന്ധവും നവോന്മേഷവും ഉണ്ടാകുന്നു. ഏതാനും മാസങ്ങൾ മുൻപുവരെ വാടിത്തളർന്നു നിന്ന വൃക്ഷങ്ങളാണു്. ഇപ്പോൾ അവയ്‌ക്കൊരു പുനർജ്ജന്മം കിട്ടിയിരിക്കുന്നു; ശക്തിയും സൗന്ദര്യവും കൈ വന്നിരിക്കുന്നു.
പ്രകൃതി നല്കുന്ന ഈ മാതൃകപോലെ, രാജ്യങ്ങളും രാഷ്ട്രനേതാക്കളും യുദ്ധത്തിനെക്കുറിച്ചുള്ള അവരുടെ പഴയകാല വീക്ഷണവും മാറ്റണം. യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനോടു കാണിച്ചിട്ടുള്ള ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.
യുദ്ധം പ്രാകൃത മനസ്സിൻ്റെ ചിന്തയാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുത്തൻപൂവും തളിരും കായും ഫലവും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ശുഭപ്രതീക്ഷയുടെയും ഒരു പുതുയുഗത്തിനു പിറവി നല്കാൻ നമുക്കു കഴിയും.
ശാന്തിക്കു നിദാനം കാരുണ്യമാണു്. കാരുണ്യം എല്ലാവരിലുമുണ്ടു്. എങ്കിലും അനുഭവത്തിലൂടെ അതു പ്രവൃത്തിയിൽ കൊണ്ടുവരാൻ അത്ര എളുപ്പമല്ല. അതിനു് അവനവന്റെ ഹൃദയത്തിലേക്കു തിരിഞ്ഞു് ഒരു അന്വേഷണം നടത്തണം.
”എൻ്റെ ഹൃദയം ജീവസ്സുറ്റതാണോ? അവിടെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവ വറ്റാതെ കിടക്കുന്നുണ്ടോ? മറ്റൊരാളുടെ ദുഃഖത്തിലും വേദനയിലും എൻ്റെ ഹൃദയം ആർദ്രമാകാറുണ്ടോ? അവരുടെ വേദനയിൽ ഞാൻ കരളലിഞ്ഞു കരഞ്ഞിട്ടുണ്ടോ?
അന്യരുടെ കണ്ണീർ തുടയ്ക്കാൻ, അവരെ ആശ്വസിപ്പിക്കാൻ, അവർക്കു് ഒരു നേരത്തെ ആഹാരമോ വസ്ത്രമോ കൊടുത്തു സഹായിക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ?” ഈ വിധത്തിൽ ആഴത്തിൽ ആത്മാർത്ഥമായി ചിന്തിക്കണം. അപ്പോൾ കാരുണ്യത്തിൻ്റെ വെൺനിലാവു മനസ്സിൽ താനേ ഉദിച്ചുയരും.