മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ.
ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ ഓരോരുത്തരും വിചാരിച്ചു.
ആദ്യത്തയാൾ ചിന്തിച്ചു, ‘അവൻ്റെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവൻ അന്യമതസ്ഥനാണെന്നു തോന്നുന്നു. ഞാനെന്തിനു് അവനുവേണ്ടി തീകൂട്ടണം?’
രണ്ടാമത്തെ ആൾ ചിന്തിച്ചു, ‘ഇവൻ എൻ്റെ ശത്രു രാജ്യക്കാരനാണു്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവൻ. എൻ്റെ വിറകും തീപ്പെട്ടിയുംകൊണ്ടു് അങ്ങനെ ഇവൻ തീകായേണ്ട. അതെനിക്കൊട്ടും സഹിക്കില്ല.’
മൂന്നാമൻ, കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, ‘ഇവനെ എനിക്കറിയാം. ഇവൻ എൻ്റെ മതത്തിനു് എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വിഭാഗത്തിൽപ്പെടുന്നവനാണു്. എൻ്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ചു് ഇവൻ തീകായുന്നതു് എനിക്കു സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയില്ല!’
നാലാമൻ വിചാരിച്ചു, ‘ദാ! അവൻ്റെ തൊലിയുടെ നിറം കണ്ടില്ലേ? എനിക്കു് ഈ വർഗ്ഗത്തിനോടു വെറുപ്പാണു്. ഞാനിവനു തീകൂട്ടിക്കൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’
അങ്ങനെ അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പിൽ എല്ലാവരും മരവിച്ചു മരിച്ചുപോയി. യഥാർത്ഥത്തിൽ ഇവർ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തുമരവിച്ച അവരുടെ മനോഭാവംകൊണ്ടാണു്. നമ്മൾ ഇതുപോലെ ആകുകയാണു്. രാജ്യത്തിൻ്റെയും ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിൻ്റെയും പേരുപറഞ്ഞു പരസ്പരം കലഹിക്കുകയാണു്.
ശാന്തിയുടെ പേരിൽ നമ്മൾ ഒരുപാടു സമ്മേളനങ്ങൾ നടത്താറുണ്ടു്. ഒരു മേശയ്ക്കു ചുറ്റുമിരുന്നു വെറുതെ സംസാരിച്ചാൽ എന്തു മാറ്റമുണ്ടാകാനാണു്? എല്ലാം കഴിഞ്ഞു പരസ്പരം ഹസ്തദാനം ചെയ്തു പിരിയുമ്പോൾ, ഹൃദയത്തിൽ നിറയുന്ന സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും കുളിർമ്മ, സുഖമുള്ള ഒരു അനുഭവമായി കൈവെള്ളയിലേക്കു് ഊറിവരാറുണ്ടോ? ഇല്ലെങ്കിൽ, അവിടെ സംവാദവും ഉണ്ടാവില്ല. സംവാദത്തിനു സൗഹാർദ്ദം വേണം, നല്ല ഹൃദയഭാവം വേണം. പക, മുൻവിധി, പ്രതികാരം ഇവ ഉയർത്തുന്ന മതിലുകൾ അപ്രത്യക്ഷമാകുമ്പോൾ മാത്രമേ സൗഹാർദ്ദം ഉണ്ടാവൂ.