ഒരു ഭക്തൻ: അമ്മേ ഈശ്വരനുവേണ്ടി ഞാൻ പലതും ത്യജിച്ചു. എന്നിട്ടും ശാന്തി അനുഭവിക്കുവാൻ കഴിയുന്നില്ല.

അമ്മ: മോനേ, എല്ലാവരും ത്യാഗത്തെക്കുറിച്ചു പറയും. പക്ഷേ നമുക്കു് എന്താണു ത്യജിക്കുവാനുള്ളത്. നമുക്കെന്താണു സ്വന്തമായിട്ടുള്ളത്? ഇന്നു് നമ്മൾ നമ്മുടെതെന്നു കരുതുന്നതെല്ലാം നാളെ നമ്മുടെതല്ലാതായിത്തീരും. എല്ലാം ഈശ്വരൻ്റെതാണു്, അവിടുത്തെ അനുഗ്രഹംകൊണ്ടുമാത്രമാണു നമുക്കിന്നു അവ അനുഭവിക്കാൻ കഴിയുന്നത്.

നമുക്കു സ്വന്തമായിട്ടു് എന്തെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ രാഗദ്വേഷങ്ങൾ മാത്രമാണ്. അവയെയാണു ത്യജിക്കേണ്ടത്. ഇന്നു നമ്മൾ പലതും ത്യജിക്കുന്നുവെങ്കിലും മനസ്സുകൊണ്ടു് അവയോടുള്ള ബന്ധം നമ്മൾ വിടുന്നില്ല. അതാണു ദുഃഖത്തിനു കാരണമാകുന്നത്. ബന്ധുക്കളും പണവും സ്ഥാനമാനങ്ങളുമൊന്നും ശാശ്വതമായ ശാന്തി തരുന്നില്ലെന്നു് ഉള്ളിൽത്തട്ടി മനസ്സിലാകുമ്പോൾ മാത്രമാണു് യഥാർത്ഥമായ ത്യാഗം വരുന്നത്. ഗീത എന്താണു് പഠിപ്പിക്കുന്നത്? മമത ത്യജിച്ചു കർമ്മം ചെയ്യാനല്ലേ?

അമ്മ ഒരു കഥ പറയുവാൻ തുടങ്ങി, ”ഒരിടത്തു് ഒരു പണക്കാരനുണ്ടായിരുന്നു. ഒരു ദിവസം മുതലാളിയെ കാണുന്നതിനായി അദ്ദേഹത്തിൻ്റെ കൂട്ടുകാർ വന്നു. അവർ വെളിയിൽനിന്ന സേവകനോടു മുതലാളി എവിടെ എന്നന്വേഷിച്ചു. സേവകൻ അകത്തുപോയി നോക്കിയിട്ടു വന്നു പറഞ്ഞു. ”മുതലാളി കല്ലെണ്ണിക്കൊണ്ടിരിക്കുകയാണ്.” ഇത്ര സമ്പത്തുള്ള ആൾ കല്ലെണ്ണുകയോ? അതിഥികൾ അതിശയിച്ചു. അല്പസമയം കഴിഞ്ഞു പണക്കാരൻ വന്നപ്പോൾ അവർ കാര്യം തിരക്കി. ‘ഞാൻ പണമെണ്ണിക്കൊണ്ടിരിക്കുമ്പോൾ അതു കല്ലെന്നു് ധരിക്കാൻ മാത്രം മണ്ടനാണോ ഇവൻ’ പണക്കാരൻ അതിശയിച്ചു.

”എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയെങ്കിൽ ക്ഷമിക്കണം” പണക്കാരൻ സുഹൃത്തുക്കളോടു പറഞ്ഞു. വന്നവർ പോയിക്കഴിഞ്ഞപ്പോൾ പണക്കാരൻ വേലക്കാരനെ വിളിച്ചു കുറെ ശാസിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞു. മുതലാളിയെ കാണുവാൻ അദ്ദേഹത്തിൻ്റെ ഒരു സുഹൃത്തു വന്നു. സുഹൃത്തു വേലക്കാരനോടു മുതലാളിയെ തിരക്കി. വേലക്കാരൻ അകത്തുചെന്നു നോക്കിയിട്ടു പറഞ്ഞു. ”മുതലാളി ശത്രുവിനെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്.” അന്നും പണക്കാരൻ പണമെണ്ണി അലമാരയിൽ വയ്ക്കുകയായിരുന്നു. വേലക്കാരൻ മനഃപൂർവ്വം തന്നെ അപമാനിച്ചു എന്നു ധരിച്ച പണക്കാരൻ കോപംകൊണ്ടു വിറച്ചു. ഇവനിത്ര ധിക്കാരിയോ? അയാൾ വേലക്കാരനെ അടിച്ചുപുറത്താക്കി. പോകാൻനേരം വേലക്കാരനെ വിളിച്ചു് ഒരു പാവയെക്കൊടുത്തിട്ടു പറഞ്ഞു. ”നിന്നെക്കാൾ മണ്ടനായി ആരെയെങ്കിലും കാണുകയാണെങ്കിൽ അവർക്കിതു കൊടുക്കണം.” സേവകൻ യാതൊന്നും പറയാതെ നടന്നുനീങ്ങി.

മാസങ്ങൾ കുറെ കഴിഞ്ഞു. ഒരു രാത്രി പണക്കാരൻ്റെ വീട്ടിൽ കൊള്ളക്കാർ കയറി. അവർ പണക്കാരനെ ഭീഷണിപ്പെടുത്തി സമ്പത്തു മുഴുവൻ അപഹരിച്ചു. എതിരിടാൻ ശ്രമിച്ച പണക്കാരനെ മുകളിലത്തെ നിലയിൽനിന്നും തള്ളി താഴത്തിട്ടു. കൊള്ളക്കാർ സമ്പത്തുമായി സ്ഥലംവിട്ടു. നേരം വെളുത്തു ബന്ധുക്കൾ വന്നുനോക്കുമ്പോൾ മുതലാളി മുറ്റത്തു കിടക്കുന്നു. എഴുന്നേല്ക്കാൻ വയ്യ. പല ചികിത്സകളും ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. സമ്പത്തു മുഴുവൻ നഷ്ടമായതുമിച്ചം. മക്കളും ഭാര്യയും അതോടെ പണക്കാരനെ ഉപേക്ഷിച്ചു. വേദനയും സഹിച്ചു ഭക്ഷണവും കിട്ടാതെ അയാൾ അവിടെ കിടന്നു. അടുത്ത വീട്ടുകാർ നല്കുന്നതെന്തെങ്കിലും കഴിക്കും. നോക്കുവാൻ ആരുമില്ല. മുതലാളിയുടെ കഷ്ടപ്പാടുകൾ പഴയ സേവകൻ അറിഞ്ഞു. സേവകൻ മുതലാളിയെ കാണുവാൻ വന്നു. കൈയിൽ പഴയ പാവയുമുണ്ട്. വന്നയുടൻ പാവയെ പണക്കാരനു നീട്ടി. മുതലാളിക്കു കാര്യം മനസ്സിലായി. അയാൾ ചോദിച്ചു. ”നീ വ്രണത്തിൽ കുത്തുകയാണോ?”

സേവകൻ പറഞ്ഞു, ”ഇപ്പോഴെങ്കിലും അങ്ങയ്ക്കു ഞാൻ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായിക്കാണുമല്ലോ. സമ്പാദിച്ചുകിട്ടിയ പണത്തിൽനിന്നു് അങ്ങേക്കു ഒരു കല്ലിൻ്റെ വിലയെങ്കിലും ഇന്നു കിട്ടുന്നുണ്ടോ. അങ്ങയുടെ സമ്പത്തല്ലേ അങ്ങയുടെ ശത്രുവായി മാറിയത്, അങ്ങയെ ഈ നിലയിൽ എത്തിച്ചത്! സമ്പത്തു കാരണം എല്ലാം നഷ്ടമായില്ലേ. അങ്ങനെയുള്ള പണത്തെ സ്നേഹിച്ച അങ്ങയെക്കാളും മണ്ടൻ ആരാണ്? ഇതുവരെ അങ്ങയെ സ്നേഹിച്ചവർ അങ്ങയെയല്ല, അങ്ങയുടെ പണത്തെയാണു സ്നേഹിച്ചത്. പണം നഷ്ടമായപ്പോൾ അങ്ങവർക്കു വെറും പിണം. ഇന്നു് എല്ലാവരും അങ്ങയെ വെറുത്തു. ഇനിയെങ്കിലും ആ ഈശ്വരൻ മാത്രമാണു ശാശ്വതബന്ധു എന്നറിഞ്ഞു് അവിടുത്തെ വിളിക്കൂ.”

ഇങ്ങനെ പറഞ്ഞെങ്കിലും വേലക്കാരൻ സ്നേഹപൂർവ്വം തൻ്റെ പഴയ യജമാനനെ ശുശ്രൂഷിക്കാൻ ആരംഭിച്ചു. പണക്കാരനു പശ്ചാത്താപമായി. ”ഇനി ഞാൻ എങ്ങോട്ടു പോകുന്നു എന്നു് എനിക്കറിയില്ല. എന്തിനിത്രയും നാൾ ജീവിച്ചു എന്നുമറിയില്ല. ഞാൻ ഭാര്യയും മക്കളും സമ്പത്തുമാണു ശാശ്വതമെന്നു കരുതി അവർക്കുവേണ്ടി ജീവിച്ചു. ഈശ്വരനെ ഒരു നിമിഷം കൂടി ഓർത്തില്ല. എന്നാൽ അവയെല്ലാം നഷ്ടമായി. പ്രഭോ എന്നു വിളിച്ചു തലകുമ്പിട്ടു നിന്നവരാരും ഇന്നു തിരിഞ്ഞു നോക്കുന്നില്ല. പുച്ഛിച്ചുതുപ്പുന്നു.” ”അങ്ങയെ നോക്കുവാൻ ആരുമില്ലെന്നോർത്തു വിഷമിക്കേണ്ട, ഈശ്വരനുണ്ട്.” ആ സേവകൻ തൻ്റെ മുതലാളിയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തെ വേണ്ടവണ്ണം സേവിച്ചുകൊണ്ടു സേവകൻ അവിടെക്കഴിഞ്ഞു.”

അമ്മ പറഞ്ഞു നിർത്തി. എല്ലാവരുടെയും പിന്നിലായി ഇരുന്നിരുന്ന ഒരു ഭക്തൻ ഉച്ചത്തിൽ കരയുവാൻ തുടങ്ങി. അദ്ദേഹം ആദ്യമായാണു് അമ്മയെക്കാണുവാൻ വരുന്നതു്. ദുഃഖം നിയന്ത്രിക്കാനാവാതെ വാവിട്ടുകരയുന്ന ആ ഭക്തനെ അമ്മ അടുത്തുവിളിച്ചു് ആശ്വസിപ്പിച്ചു. അയാൾ കരഞ്ഞുകൊണ്ടു് പറഞ്ഞു, ”അമ്മേ അമ്മ പറഞ്ഞതു് എൻ്റെ കഥയാണ്. എൻ്റെ പണമെല്ലാം നഷ്ടമായി. ഭാര്യയും മക്കളും എന്നെ വെറുത്തു. ഇന്നു് എനിക്കൊരാശ്വാസം എൻ്റെ പഴയ വേലക്കാരൻ മാത്രമാണ്.” ഭക്തൻ്റെ കണ്ണുനീർ തുടച്ചുകൊണ്ടു് അമ്മ പറഞ്ഞു. ”മോനേ! കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അതോർത്തു ദുഃഖിക്കണ്ട. ഈശ്വരൻ മാത്രമേ ശാശ്വതമായുള്ളൂ. മറ്റുള്ളതെല്ലാം ഇന്നല്ലെങ്കിൽ നാളെ നഷ്ടമാകും. മോനതറിഞ്ഞു ജീവിച്ചാൽ മതി. ദുഃഖിക്കേണ്ട.”

അമ്മ അടുത്തുനിന്നിരുന്ന ബ്രഹ്മചാരി ബാലഗോപാലനോടു് ‘മനസ്സേ നിൻ സ്വന്തമായി’ എന്നു തുടങ്ങുന്ന കീർത്തനം പാടുവാൻ പറഞ്ഞു. ബാലു പാടി…….,

മനസ്സേ നിൻ സ്വന്തമായിട്ടൊരുത്തരുമില്ലെന്നുള്ള
പരമാർത്ഥമെല്ലായ്‌പ്പോഴും സ്മരിക്കുക നീ
അർത്ഥശൂന്യമാകുമോരോ കർമ്മങ്ങളെ ചെയ്തുകൊണ്ടു
വ്യർത്ഥമായി സംസാരത്തിലലയുന്നു നീ
ആരാധിച്ചേക്കാം ജനങ്ങൾ ‘പ്രഭോ പ്രഭോ’യെന്നു വിളിച്ചാ-
യതല്പകാലം മാത്രം നിലനില്പതാം
ഇത്രനാൾ മറ്റുള്ള ജനം ആരാധിച്ച നിൻ്റെ ദേഹം
പ്രാണൻപോമ്പോളുപേക്ഷിപ്പാൻ ഇടയായിടും.
ഏതു പ്രാണപ്രേയസിക്കു വേണ്ടിയിത്രയെല്ലാം നിങ്ങൾ
പാടുപെടുന്നുണ്ടോ ജീവൻ വെടിഞ്ഞുപോലും
അപ്പെൺമണിപോലും തവ മൃതദേഹം കാണുന്നേരം
പേടിച്ചു പിൻമാറും കൂടെ വരികയില്ല.
മായ തൻ്റെ വലയ്ക്കകത്തകപ്പെട്ടു കൊണ്ടു ജഗ-
ന്മാതാവിൻ്റെ നാമത്തെ നീ മറന്നിടൊല്ലേ
നേതി നേതി വാദം കൊണ്ടോ വേദതന്ത്രാദികൾ കൊണ്ടോ
ദർശനങ്ങളാറുകൊണ്ടോ സാദ്ധ്യമായിടാ
നിത്യാനന്ദനിമഗ്നനായ് ജീവജാലങ്ങളിലെന്നും
സത്യസ്വരൂപനാമീശൻ കുടികൊള്ളുന്നു.
സ്ഥാനമാനധനമെല്ലാം സ്ഥിരമാണെന്നോർത്തിടൊല്ലേ
സത്യവസ്തു ഒന്നേയുള്ളൂ ജഗദംബിക.
വിത്തധനാദികളെല്ലാം എത്രയേറെ നല്കിയാലും
ശുദ്ധഹൃദയമാണവൾക്കേറ്റവും പ്രിയം
ഭക്തിലാഭം കൊതിച്ചല്ലോ മാമുനിമാരെക്കാലത്തും
ശുദ്ധമാനസന്മാരായി തപം ചെയ്യുന്നു.
കാന്തമിരുമ്പിനെപ്പോലെ ആകർഷിക്കുമല്ലോ ജഗന്നാ-
ഥൻ ശക്തിയുക്തനാകും ജീവാത്മാവിനെ.
കാളിമാതാവിൻ്റെ നാമം കാമനകൾ വിട്ടുകൊണ്ടു
ആമോദത്താൽപ്പാടിപ്പാടി നൃത്തമാടിടാം.
ദയാമയിയാകും ദേവി ഭയരൂപമെടുത്താലും
പദതാരിൽക്കിടക്കുവോർ ധന്യരാണവർ.
ശാശ്വതമല്ലീ ശരീരം ശവമാണെന്നോർത്തുകൊണ്ടു
ശുദ്ധാത്മാവിനെയറിവാൻ പരിശ്രമിക്കൂ.