സി. രാധാകൃഷ്ണന്‍
1
മസ്‌ലിനുടുത്ത മഹാരാജാവിന്‍
നഗ്‌നതകണ്ടു ചിരിച്ചതിനാല്‍
അരചന്‍ പണ്ടടിമയൊരുത്തനെ
നരകിപ്പിച്ചൂപോല്‍.
തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂ
എല്ലെല്ലാമത്രെ.
പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,
കൊല്ലാക്കൊല ചെയ്തൂ.
അതുകൊണ്ടരിശം തീരാഞ്ഞവനെ
മുതുകില്‍ വന്‍ചുമടേറ്റി
ചാട്ടയടിച്ചു നടത്തീപോലും
പെരുവഴിയൂടൊരു കാതം
2
തൊണ്ട വരണ്ടും വേദനകൊണ്ടും
പ്രാണനൊടുങ്ങാറാകെ
വിമ്മി വിതുമ്മിക്കേണൂ പാവം
‘അമ്മേ തുണ നീയേ!’
3
അന്നവതാരം ചെയ്തു വഴിയില്‍
പൊന്നത്താണിപ്പെരുമ.
അവൻ്റെ ചുമലിലെ ഭാരം പേറി
അവൻ്റെ കൂടെ നടന്നു!
അവൻ്റെ മുതുകത്തടിയേല്ക്കാതെ
അദ്ഭുതകവചം തീര്‍ത്തു!
4
ഇരയെക്കൈവിട്ടത്താണിയിലായ്
അരചനു നോട്ടം പക്ഷേ
അരമനവരെയതു കൊണ്ടെത്തിക്കാന്‍
അരചന്നായീല!
ആനകള്‍ നൂറു കിണഞ്ഞുപിടിച്ചും
അനങ്ങിയില്ലത്താണി!
ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍
പേര്‍ത്തും കല്ലായ് മാറി!
5
വഴിയോരങ്ങളിലിന്നും നില്പു
ഞങ്ങടെ’യമ്മത്താണി’.
തളരുന്നേരമിറക്കാം ഭാരം
മാളോര്‍ക്കവയുടെ ചുമലില്‍.
ആളും തരവും നോക്കുന്നില്ല
ചുമടെന്തെന്നും ചോദിപ്പീല
എല്ലാമൊരുപോലെന്നേ നില്പൂ
നമ്മുടെ’യമ്മത്താണി’.
ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാം
നെഞ്ചിലെ ഭാരം സര്‍വ്വം
ഒരു കുട്ടച്ചെമ്മണ്ണാകിലും
ഒരു കൂടപ്പൊന്നായാലും
ഒരുപോലെന്ന’മ്മത്താണി’
ഭുവനേശ്വരി വാണരുളുന്നൂ!