ഏഴു ഓറഞ്ചു കഴിച്ചവനു് ആദ്യത്തെ ഓറഞ്ചിൻ്റെ രുചി ഏഴാമത്തെ ഓറഞ്ചില്‍ കിട്ടില്ല. അനുഭവിച്ചു വരുമ്പോള്‍ ഒരു വിരക്തി വരും. അതിലല്ല ആനന്ദം എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആനന്ദത്തിൻ്റെ ഉറവ തേടും.

പട്ടി എല്ലില്‍ കടിക്കും. രക്തം വരുമ്പോള്‍ അതു നുണയും. അവസാനം രക്തം വാര്‍ന്നു് അതു തളര്‍ന്നുവീഴും. അപ്പോഴാണറിയുന്നതു്, എല്ലിലെ മാംസത്തില്‍നിന്നല്ല, തൻ്റെ മോണകീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്. പാല്പായസം നമുക്കിഷ്ടമാണു്. പക്ഷേ, കുറച്ചധികമായി കഴിച്ചുകഴിയുമ്പോള്‍ മതിയെന്നു തോന്നും. പിന്നീടു് ഇരട്ടി വേണമെന്നു തോന്നും. അതുപോലെ ഭൗതികത ഒരിക്കലും അനുഭവിച്ചു തീര്‍ന്നിട്ടു പിന്തിരിയാന്‍ പറ്റില്ല. അതിനാല്‍ വൈരാഗ്യം കൈക്കൊണ്ടാല്‍ മാത്രമേ, ലോകവസ്തുക്കളില്‍നിന്നും തിരിഞ്ഞു മാറാന്‍ പറ്റുകയുള്ളൂ. അതാണു് അമ്മയുടെ മാര്‍ഗ്ഗം.

ചെറുപ്പക്കാരില്‍ ചിലര്‍ ആശ്രമങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ രജനീഷിൻ്റെ ആശ്രമത്തെക്കുറിച്ചാണു ചിന്തിക്കുന്നതു്. രജനീഷിൻ്റെ ആശ്രമമെന്നു പറഞ്ഞാല്‍, അതു വിദേശികള്‍ക്കു വേണ്ടിയുള്ളതാണു്. അവരുടെ ലോകത്തിലേക്കദ്ദേഹം ഇറങ്ങിച്ചെന്നു. ലഹരികള്‍ക്ക് അടിമപ്പെട്ടിരുന്നവരോടാണു് അദ്ദേഹം ഉപദേശിച്ചതു്. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു കൊണ്ടാണു ചെയ്തതു്, രഹസ്യമായിട്ടല്ല. പക്ഷേ, ഇതൊക്കെ അനുഭവിച്ചുകൊണ്ടു് അതില്‍ നിന്നും വിരക്തിനേടാന്‍ പ്രയാസമാണു്. പറ്റുകയില്ലയെന്നാണു് അമ്മ പറയുന്നതു്. അനുഭവിച്ചുള്ള വിരക്തി താത്കാലികം മാത്രമാണു്. ശാശ്വതമല്ല. അതിനാല്‍ അവയുടെ മുന്നില്‍ വൈരാഗ്യമെടുക്കണം.

ഋഷിമാരില്‍നിന്നും വ്യത്യസ്തമായ രീതിയിലാണു് അദ്ദേഹം ഉപദേശിക്കുന്നതെന്നു മാത്രം. പക്ഷേ, ഇന്നു പലരും നമ്മുടെ ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ള ഈ മാര്‍ഗ്ഗത്തെയല്ല നോക്കുന്നതു്, അദ്ദേഹം പറഞ്ഞിട്ടുള്ളതിനെയാണു്. അതുവച്ചാണു് ആശ്രമങ്ങളെ വിലയിരുത്തുന്നതു്. അതിനാല്‍ ഇവിടെയുള്ള കുഞ്ഞുങ്ങളുടെ അദ്ധ്വാനവും ത്യാഗവും കാണാന്‍, ഈ കുറ്റം പറയുന്നവര്‍ക്കു കണ്ണില്ല.

പടിഞ്ഞാറന്‍രാജ്യത്തു പോയാലും നമ്മുടെ കുഞ്ഞുങ്ങള്‍തന്നെ അദ്ധ്വാനിക്കുന്നു. അവര്‍തന്നെ ഭക്ഷണം പാകം ചെയ്യുന്നു. കാരണം, വെളിയില്‍നിന്നും ഭക്ഷണം വാങ്ങണമെങ്കില്‍ പത്തു്, അന്‍പതു ഡോളര്‍ വേണ്ടിവരും. സ്വയം അദ്ധ്വാനിച്ചു് അതും ലാഭമാക്കി, ആ പണവും ഇവിടെ കൊണ്ടുവന്നു സേവനത്തിനു് ഉപയോഗിക്കുകയാണു്. അതിനാല്‍ നമ്മള്‍ സിനിമ കണ്ടും വാരിക വായിച്ചും അഭിപ്രായം പറയുവാന്‍ നില്ക്കാതെ വാസ്തവം എന്തെന്നു് അന്വേഷിക്കണം. അതാണു വേണ്ടതു്.

ഇന്നു ലോകത്തു മൂന്നുതരം ആളുകളുണ്ടു്. ഒന്നാമത്തെ കൂട്ടര്‍ ഏറ്റവും പാവങ്ങളാണു്. അവര്‍ക്കു ഒന്നുമില്ല. ഇവിടെ വരുന്ന പലരെയും അമ്മയ്ക്കറിയാം. സ്വന്തമായി ഒരു നല്ല ഉടുവസ്ത്രം കൂടിയില്ല. മറ്റുള്ളവരുടെ വസ്ത്രം വാങ്ങി ഉടുത്തുകൊണ്ടാണവര്‍ വരുന്നതു്. വീടുമേയാന്‍ പണമില്ലാതെയും രോഗത്തിനു ചികിത്സിക്കാന്‍ കാശില്ലാതെയും ഫീസടയ്ക്കാന്‍ കഴിവില്ലാതെയും എത്രയോ കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നു. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുന്നു എന്നതു് അവര്‍ക്കു കൂടിയറിയില്ല.

രണ്ടാമതൊരു തരക്കാരുണ്ടു്. കുറച്ചു പണമുണ്ടു്. സ്വന്തം കാര്യങ്ങള്‍ ഒരുവിധം നടന്നു പോകും. മറ്റുള്ളവരോടു്, കഷ്ടപ്പെടുന്നവരോടു് അനുകമ്പയുണ്ടു്. പക്ഷേ, ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല. മൂന്നാമത്തെ തരക്കാര്‍ ഇങ്ങനെയല്ല. അവര്‍ക്കു ജീവിക്കാന്‍ വേണ്ടതിൻ്റെ നൂറിരട്ടി സ്വത്തുണ്ടു്, ഇവര്‍ക്കു ബുദ്ധിയുണ്ടു്. ബിസിനസ്സു് ചെയ്യുന്നു. പണം സമ്പാദിക്കുന്നു. പക്ഷേ, അതു സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മാത്രം ചെലവാക്കുന്നു. എന്നാല്‍ സാധുക്കളോടു കരുണയില്ല.

അവരാണു് ഏറ്റവും വലിയ ദരിദ്രര്‍. നരകം അവര്‍ക്കു വേണ്ടിയുള്ളതാണു്. കാരണം, ഈ പാവങ്ങളുടെ കഷ്ടപ്പാടിനു കാരണക്കാര്‍ അവരാണു്. പാവങ്ങളുടെ സമ്പത്താണു് ഇവര്‍ കൈയടക്കിവച്ചിരിക്കുന്നതു്. മക്കളേ, ഒന്നു ചിന്തിക്കണം, ഈ സാധുക്കളോടു കാണിക്കുന്ന കാരുണ്യമാണു് ഈശ്വരനോടുള്ള കടമ. അമ്പലത്തിനു വലത്തിട്ടിട്ടു് ‘കൃഷ്ണാ, മുകുന്ദാ, മുരാരേ’ എന്നു വിളിക്കുന്നതല്ല ഭക്തി. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ട സഹായം ചെയ്യുന്നതാണു യഥാര്‍ത്ഥ ഭക്തി.

ഒരു യാചകന്‍ കൈനീട്ടിയാല്‍ അവനോടു് ഈച്ചയെയാട്ടുന്നതുപോലെ കാണിക്കുന്ന സംസ്‌കാരമാണു പലരിലും കാണുന്നതു്. സാധുക്കളോടുള്ള കാരുണ്യം വരാതെ, കഷ്ടപ്പെടുന്നവരോടു കരുണ കാട്ടാതെ എത്ര ജപവും ധ്യാനവും നടത്തിയാലും യാതൊരു ഫലവുമില്ല. ക്ഷേത്രങ്ങളില്‍ എത്ര വഴിപാടു നടത്തിയാലും സ്വര്‍ഗ്ഗത്തിലെത്തില്ല. ജീവിതത്തില്‍ ശാന്തി ലഭിക്കാന്‍ പോകുന്നില്ല.