പ്രാര്‍ത്ഥന

ആശ്രമത്തില്‍ എത്ര വര്‍ഷം വന്നാലും അമ്മയെ എത്ര തവണ ദര്‍ശിച്ചാലും എത്ര പ്രാര്‍ത്ഥിച്ചാലും പ്രയോജനപ്പെടണമെങ്കില്‍ നല്ല കര്‍മ്മംകൂടി ചെയ്യുവാന്‍ തയ്യാറാകണം. മനസ്സിനകത്തുള്ള ഭാരം ഇറക്കിവച്ചുകൊള്ളൂ. എന്നാല്‍, വന്നയുടനെ തിരിച്ചു പോകുന്നതിനെക്കുറിച്ചാണു പലരുടെയും ചിന്ത. അതെന്തു സമര്‍പ്പണമാണു്? മക്കളുടെ ദുഃഖം കാണുമ്പോള്‍ അമ്മ വിഷമിക്കാറുണ്ടു്. എന്നാല്‍, പല മക്കളുടെ കാര്യത്തിലും അമ്മയുടെ ഹൃദയം ഉരുകാറില്ല. മനസ്സു പറയും ”അവന്‍ സ്വാര്‍ത്ഥനാണു്, മിഥ്യാകാര്യങ്ങള്‍ക്കു വേണ്ടി എത്ര പണവും ശക്തിയും നഷ്ടമാക്കുന്നു. ഒരു സ്വാര്‍ത്ഥത പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത അവര്‍ക്കുവേണ്ടി എന്തിനു സങ്കല്പിക്കണം.” അതാണു ചില മക്കളുടെ കാര്യങ്ങള്‍ സാധിക്കാതെ പോകുന്നതു്, സ്വാര്‍ത്ഥജീവിതം നയിക്കുന്നവരില്‍ എങ്ങനെ കാരുണ്യം ചൊരിയുവാന്‍ കഴിയും?

പ്രാര്‍ത്ഥന

മക്കളുടെ നല്ല കര്‍മ്മവും പ്രാര്‍ത്ഥനയുമാണു് അമ്മയുടെ സങ്കല്പത്തെ സഫലമാക്കുന്നതു്. അല്ലാതെ അമ്മ സങ്കല്പിച്ചാലും അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയില്ല. ടി.വി. സ്റേറഷനില്‍നിന്നും പരിപാടികള്‍ സംപ്രേഷണം ചെയ്താലും നമ്മുടെ വീട്ടിലുള്ള ടി.വി. അതിനനുസരിച്ചു ട്യൂണ്‍ ചെയ്താലേ പരിപാടികള്‍ കാണുവാന്‍ പറ്റുകയുള്ളു. അതുപോലെ വേണ്ട പ്രയോജനം ലഭിക്കണമെങ്കില്‍, മക്കള്‍ മനസ്സിനെ ഈശ്വരന്റെ ലോകവുമായി ട്യൂണ്‍ ചെയ്യണം. നിങ്ങള്‍ ഒരു ചുവടെങ്കിലും പരമാത്മാവിന്റെ ലോകത്തിലേക്കു് അടുക്കുവാന്‍ നോക്കുക; അപ്പോള്‍ അറിയാറാകും പരമാത്മാവു് എത്ര അടി നിങ്ങളുടെ അടുത്തേക്കു വരുന്നുണ്ടെന്നു്. സ്വാര്‍ത്ഥത വെടിഞ്ഞു്, നല്ല കര്‍മ്മങ്ങളനുഷ്ഠിച്ചു്, ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു് ഒരു ദുഃഖവുമുണ്ടാകില്ല. കുചേലന്റെ കഥ കേട്ടിട്ടില്ലേ. അതൊന്നും വെറും കഥകളല്ല, അനുഭവമാണു്. അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങള്‍!

നിറഞ്ഞ പ്രേമത്തോടും ഭക്തിയോടുംകൂടി വേണം മക്കള്‍ പ്രാര്‍ത്ഥിക്കുവാന്‍. ഹൃദയം ഉരുകി പ്രാര്‍ത്ഥിക്കണം. കരച്ചില്‍ ദുര്‍ബ്ബലതയെന്നു പറയാറുണ്ടു്. ഈശ്വരദര്‍ശനത്തിനായി കണ്ണീര്‍ വാര്‍ക്കുന്നതു ദുര്‍ബ്ബലതയല്ല. മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്റെ ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. മനസ്സിനെ വിശാലമാക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണിതു്. അതു മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുന്നു. അതിലൂടെ ശക്തി നേടുകയാണു ചെയ്യുന്നതു്. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയുന്നതാണു് ദുര്‍ബ്ബലത. അതു ശക്തി നഷ്ടമാക്കുന്നു. നാളെ സാധിക്കേണ്ട കാര്യങ്ങളെക്കുറിച്ചോര്‍ത്തു് ഇന്നേ ഇരുന്നു കരയുന്നതാണു ദുര്‍ബ്ബലത. കാര്യം സാധിക്കേണ്ട സമയം ആളു കരഞ്ഞു തളര്‍ന്നു രോഗംമൂലം കിടപ്പിലായിരിക്കും. മുറിവുണ്ടായാല്‍ മരുന്നുവയ്ക്കണം, പകരം കരഞ്ഞു കൊണ്ടിരിക്കുന്നതു ദുര്‍ബ്ബലതയാണു്.

ചിലരുണ്ടു്, കുട്ടിയുടെ കല്യാണത്തെക്കുറിച്ചോര്‍ത്തു് ആധിയാണു്. അങ്ങനെ ഉറക്കം നഷ്ടമാകുമ്പോള്‍ ഉറക്കഗുളിക കഴിക്കും. അവസാനം കുട്ടിയുടെ കല്യാണസമയം ആ വ്യക്തി ആശുപത്രിയിലായിരിക്കും. ഇങ്ങനെ ദുര്‍ബ്ബലരായ എത്രയോപേരെ അമ്മ കാണുന്നു. ചിലര്‍ക്കു വീടുവയ്ക്കാത്തതിനെക്കുറിച്ചോര്‍ത്താണു ദുഃഖം. വീടുപണി കഴിയുമ്പോള്‍ നടന്നു കാണുവാന്‍കൂടി കെല്പില്ല ഹാര്‍ട്ടറ്റാക്കു്. ഇങ്ങനെ അനേക കാര്യങ്ങളേക്കുറിച്ചാലോചിച്ചു് ഉന്മേഷവും ഉണര്‍വും ആരോഗ്യവും നഷ്ടമാക്കുന്നവരാണു് ഇന്നധികവും. അതാണു ദുര്‍ബ്ബലത. ഈശ്വരനുവേണ്ടി കണ്ണീര്‍ പൊഴിക്കുമ്പോഴാകട്ടെ, ഉന്മേഷവും ഉണര്‍വ്വും ശാന്തിയും ലഭിക്കുന്നു.

പരമാത്മാവിനോടു ശരണാഗതി അടയുക

ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും മരിച്ച ശേഷമുള്ള ഒരു സ്വര്‍ഗ്ഗത്തിനു വേണ്ടിയല്ല. ‘ഗുരുകുലങ്ങളും ഗുരുക്കന്മാരും അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണു്, അവയൊക്കെ ഭ്രാന്തന്മാര്‍ക്കുള്ളതാണു്,’ എന്നൊക്കെ ചിലര്‍ പറഞ്ഞു പരത്താറുണ്ടു്. അവര്‍ വാസ്തവം എന്തെന്നു് അറിയുന്നില്ല. അതിനുള്ള ബുദ്ധി അവര്‍ക്കു നഷ്ടമായിരിക്കുന്നു. വാസ്തവത്തില്‍ അവരുടെ മനസ്സിനാണു വൈകല്യം. മനസ്സിന്റെ ദുര്‍ബ്ബലതയെ എങ്ങനെ അതിജീവിക്കാം, എങ്ങനെ ജീവിതത്തില്‍ താളംതെറ്റാതെ നോക്കാം എന്നു പഠിപ്പിക്കുകയാണു ഗുരുക്കന്മാര്‍ ചെയ്യുന്നതു്. അതിനുള്ള കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. കമ്പിയില്ലാതെ കെട്ടിടം വാര്‍ത്താല്‍ ഉടനെ ഉടഞ്ഞുവീഴും. കെട്ടിടത്തിനു് ഉറപ്പു നല്കുന്ന ആ കമ്പിപോലെയാണു് ഈശ്വരവിശ്വാസം. അതു നമ്മുടെ ദുര്‍ബ്ബലമായ മനസ്സിനെ ശക്തമാക്കുന്നു, ബലം പകരുന്നു.

ഈശ്വരവിശ്വാസമുണ്ടെങ്കില്‍ മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരഞ്ഞുതളര്‍ന്നു ഭ്രാന്തരാകേണ്ടി വരുന്നില്ല. പത്രങ്ങളില്‍ നോക്കിയാല്‍ കാണാം ദിവസവും എത്രയെത്ര ആളുകളാണു് ആത്മഹത്യ ചെയ്യുന്നതെന്നു്. പലരുടെയും മരണത്തിനു കാരണം ആരോഗ്യത്തിന്റെയോ സമ്പത്തിന്റേയോ കുറവല്ല, മനസ്സിന്റെ ദുര്‍ബ്ബലത ഒന്നു മാത്രമാണു്. ശരിയായ ഈശ്വരവിശ്വാസത്തിലൂടെ മനസ്സിന്റെ ദുര്‍ബ്ബലത നീങ്ങിക്കിട്ടുന്നു. മനസ്സു് ശാന്തമാകുന്നു. നിസ്സാരകാര്യങ്ങള്‍ക്കുമുന്നില്‍ തളര്‍ന്നു വീഴാതെ അവയെ അതിജീവിക്കുവാന്‍ സാധിക്കുന്നു. അതിനാല്‍ മക്കളേ, പരമാത്മാവിനോടു ശരണാഗതി അടയുക. ഈശ്വരനോടു പൂര്‍ണ്ണസമര്‍പ്പണം വയ്ക്കുക, ഒരു നല്ല മനസ്സിനുടമയാകുക, ദുഃഖിക്കേണ്ടി വരികയില്ല. വേണ്ടതെല്ലാം എത്തിക്കൊള്ളും. അങ്ങനെ സംഭവിക്കുന്നില്ലായെങ്കില്‍ അമ്മയോടു പറയുക. സംഭവിക്കാതിരിക്കില്ല. കാരണം അമ്മയുടെ ഇത്രനാളത്തെ അനുഭവത്തില്‍നിന്നുമാണു പറയുന്നതു്.