ഈശ്വരനോടുള്ള കടമ

അമ്മ എപ്പോഴും പറയാറുള്ളതാണു്, നമ്മള്‍ ക്ഷേത്രത്തില്‍ച്ചെന്നു കൃഷ്ണാ…, കൃഷ്ണാ… എന്നു വിളിച്ചു മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കും. എന്നാല്‍, വാതില്ക്കല്‍ നില്ക്കുന്ന ഭിക്ഷക്കാരന്‍ ‘വിശക്കുന്നേ പട്ടിണിയാണേ’ എന്നുപറഞ്ഞു നിലവിളിച്ചാല്‍ക്കൂടി തിരിഞ്ഞുനോക്കില്ല. ‘ഛേ, മാറിനില്ക്കു്’ എന്നു പറഞ്ഞു പോരുന്നതല്ലാതെ അവരുടെ നേരെ ദയയോടുകൂടി ഒന്നുനോക്കുവാന്‍പോലും തയ്യാറാകുന്നില്ല.

കഷ്ടപ്പെടുന്നവര്‍ക്കു സഹായം

ഒരു ഗുരുവിനു് ഒരു ശിഷ്യനുണ്ടായിരുന്നു. എന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതു് ആ ശിഷ്യനു തീരെ ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ഗുരു ഒരുദിവസം ഭിക്ഷക്കാരന്റെ വേഷത്തില്‍ ശിഷ്യന്റെ വീട്ടില്‍ച്ചെന്നു. ശിഷ്യന്‍ ആ സമയം ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പാലും പഴവുംകൊണ്ടു നൈവേദ്യം സമര്‍പ്പിക്കുകയാണു്. ഗുരു ‘ഭിക്ഷ എന്തെങ്കിലും തരണേ’ എന്നു യാചിച്ചു. ‘ഇവിടെ ഒന്നും തരാനില്ല’ എന്നു പറഞ്ഞു ശിഷ്യന്‍ യാചകവേഷത്തില്‍ നില്ക്കുന്ന ഗുരുവിനെ ആട്ടിപ്പായിച്ചു. ഗുരു തന്റെ വേഷങ്ങള്‍ മാറ്റി. ഗുരുവിന്റെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ ശിഷ്യന്‍ സങ്കടം സഹിക്കാനാവാതെ ആ പാദങ്ങളില്‍ നമസ്‌കരിച്ചു. മക്കളേ, നമ്മള്‍ ഓരോരുത്തരും ആ ശിഷ്യനെപ്പോലെയാണു്. ചായത്തിനെ സ്നേഹിക്കും. ചൈതന്യത്തിനെ സ്നേഹിക്കുകയില്ല. ചിത്രത്തിനു പാലും പാല്പായസവും നിവേദിക്കും. ഭിക്ഷക്കാരനു് അഞ്ചു പൈസ കൂടി നല്കില്ല. അവര്‍ക്കു പണം വാരിക്കോരി കൊടുക്കണമെന്നല്ല പറയുന്നതു്. ധര്‍മ്മം ചെയ്യുന്നതും ശ്രദ്ധിച്ചു വേണം. പണം നല്കിയാല്‍ മിക്ക ഭിക്ഷക്കാരും കള്ളിനും കഞ്ചാവിനുമാണു് അതു ചെലവഴിക്കുന്നതു്. അതുകൊണ്ടു് അവര്‍ക്കു് ആഹാരം നല്കാം, വസ്ത്രം നല്കാം, നല്ല വാക്കു പറയാം ഈശ്വരനോടുള്ള കടമ അതാണു്. അതിനാല്‍ മക്കളേ, നിങ്ങള്‍ വിശക്കുന്നവര്‍ക്കു ഭക്ഷണവും കഷ്ടപ്പെടുന്നവര്‍ക്കു സഹായവും എത്തിക്കുക.

ഈശ്വരന്‍ എല്ലായിടവും നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിനു പ്രത്യേകിച്ചു് എന്തു നല്കുവാനാണു്. അവിടുത്തോടുള്ള പ്രേമവും ഭക്തിയും സാധുക്കളോടുള്ള കരുണയാണു്. മക്കളേ, അമ്മയുടെ സന്ദേശം ദുഃഖിക്കുന്നവര്‍ക്കു് ആശ്വാസം എത്തിക്കുക, സാധുക്കള്‍ക്കു ധര്‍മ്മം ചെയ്യുക എന്നുള്ളതാണു്. സാധുക്കളുടെ നേരെ ചീറിക്കൊണ്ടു ചെല്ലുന്നതു ഭക്തിയല്ല. അന്യരെ ദ്രോഹിച്ചും പരദൂഷണം പറഞ്ഞും എത്ര പ്രാര്‍ത്ഥിച്ചാലും യാതൊരു പ്രയോജനവുമില്ല. ആരെങ്കിലും സമീപത്തു വന്നാല്‍ അവര്‍ക്കു സമാധാനം കിട്ടുന്ന നല്ല വാക്കു പറയുക; അവരെ നോക്കി പുഞ്ചിരിക്കുക. ഗൗരവഭാവം വിട്ടു വിനയം കാണിക്കുക. അവരില്‍നിന്നു തെറ്റുവന്നാല്‍ക്കൂടി പരമാവധി ക്ഷമിക്കുക. പ്രാര്‍ത്ഥനയുടെ വിവിധമുഖങ്ങളാണിവ. ഇങ്ങനെയുള്ളവരുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കൈക്കൊള്ളും. മറിച്ചു്, മറ്റുള്ളവരോടു ദ്വേഷിച്ചിട്ടും മറ്റുള്ളവരെ ചവിട്ടി മാറ്റിയിട്ടും പോയി കോടി നാമം ജപിച്ചാലും എത്ര തീര്‍ത്ഥാടനം നടത്തിയാലും ഈശ്വരനെ നമുക്കു കിട്ടില്ല. പാത്രം കഴുകാതെ പാലൊഴിച്ചാല്‍ പാലു ചീത്തയാവുക മാത്രമേയുള്ളൂ. നല്ല കര്‍മ്മങ്ങളാണു മനസ്സിന്റെ വൃത്തി.

സാധുക്കളോടു കരുണ

അതിനാല്‍, മക്കളോടു് അപേക്ഷിക്കുകയാണു്, ആജ്ഞാപിക്കുകയല്ല ആജ്ഞാപിക്കാന്‍ അമ്മ ശക്തയല്ല ഏതെങ്കിലും ഒരു ദുശ്ശീലം അല്ലെങ്കില്‍ ആഡംബരം ഒഴിവാക്കാനായി മക്കള്‍ പ്രതിജ്ഞ എടുക്കുക. നമ്മള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ ഫലമുളവാക്കണമെങ്കില്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുവാനും ദുഃഖിതര്‍ക്കാശ്വാസം പകരാനുമുള്ള ഒരു മനസ്സിനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയുള്ളതായിരിക്കണം നമ്മുടെ ശ്രമം ഓരോന്നും. ‘വിശക്കുന്നവനു ഭക്ഷണമാണു നല്‌കേണ്ടതു്, ഭള്ളല്ല’ എന്നു പറയുന്നതു നമ്മുടെ മനസ്സിനെ വിശാലമാക്കുവാന്‍ വേണ്ടിയാണു്. ഒരു വിഷമസന്ധിയില്‍ നമ്മളെ ആശ്വസിപ്പിക്കുവാന്‍ എത്തിയവരുടെ മുഖം നാം എന്നെന്നും ഓര്‍ക്കും. നമ്മുടെ കൈ നമ്മുടെ കണ്ണില്‍ത്തട്ടി കണ്ണു മുറിഞ്ഞാലും, നമ്മള്‍ കൈ മുറിച്ചു മാറ്റില്ല. അതേ കൈകൊണ്ടു കണ്ണിനെ തലോടും. കാരണം, ‘എന്റെ കണ്ണാണു്, എന്റെ കൈയാണു്.’ മക്കളേ, അതുപോലെ അന്യരുടെ തെറ്റുകള്‍ ക്ഷമിച്ചു് അവരെ പരമാവധി സ്നേഹിക്കാനുള്ള ഒരു മനസ്സു് നമുക്കുണ്ടാകണം. അതാണു് ഈശ്വരനോടുള്ള സ്നേഹം. അവര്‍ക്കുള്ളതാണു് ഈശ്വരന്റെ കൃപ.

ചില മക്കള്‍ വന്നു് അമ്മയോടു പറയാറുണ്ടു് ‘അമ്മേ, എനിക്കു് ഇന്നയിന്ന പ്രയാസങ്ങളുണ്ടു്, അമ്മ ഒന്നു സങ്കല്പിക്കണം’ എന്നു്. ഈ പറയുന്നവരുതന്നെ കടവു കടന്നാല്‍ ഷാപ്പിലേക്കു നടക്കുന്നതു കാണാം. മറ്റു ചിലരാകട്ടെ കുടിച്ചിട്ടായിരിക്കും വരിക. അമ്മയ്ക്കു് അവരോടു ദേഷ്യമില്ല, അവരുടെ അവകാശത്തെ അമ്മ ചോദ്യം ചെയ്യുന്നതുമില്ല. അവര്‍ക്കുവേണ്ടിയും അമ്മ സങ്കല്പിക്കുന്നു. എന്നാല്‍, അതിന്റെ ഫലം അവര്‍ക്കു സ്വീകരിക്കുവാന്‍ കഴിയുന്നില്ല. അവരുടെ മനസ്സു് പാറപോലെയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു് അവരുടെ ജീവിതം.