മിതത്വം പാലിക്കുക
ഇവിടെ വരുന്ന മിക്ക മക്കള്‍ക്കും എത്തിക്കഴിഞ്ഞാല്‍ തിരിയെ പോകുന്നതിനെക്കുറിച്ചാണു ചിന്ത. പോകേണ്ട ബസ്സിനെക്കുറിച്ചാണു് ആലോചന. അമ്മയെക്കാണുന്ന ഉടനെ എങ്ങനെയെങ്കിലും ഒന്നു നമസ്‌കരിച്ചിട്ടു തിരിയെപ്പോകുവാനാണു ധൃതി. ‘അമ്മേ, വീട്ടിലാരുമില്ല. ഉടനെപ്പോകണം, ബസ്സിന്റെ സമയമായി’ ഇതാണു പലര്‍ക്കും പറയുവാനുള്ളതു്. സമര്‍പ്പണം വായകൊണ്ടു പറയേണ്ടതല്ല; പ്രവൃത്തിയിലാണു കാണേണ്ടതു്. ഇവിടെ വരുന്ന ഒരു ദിവസമെങ്കിലും പൂര്‍ണ്ണമായി ആ തത്ത്വത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുവാന്‍ കഴിയുന്നില്ല.
അമ്മയെക്കണ്ടാല്‍ത്തന്നെ മുന്നില്‍ നിരത്തുന്ന ആവശ്യങ്ങളുടെയും ആവലാതികളുടെയും കൂട്ടത്തില്‍ ഈശ്വരദര്‍ശനത്തിനുള്ള ഉപായം അന്വേഷിക്കുന്നവര്‍ വിരളം. ഭൗതികകാര്യങ്ങളെക്കുറിച്ചു ചോദിക്കരുതെന്നല്ല ഇതിനര്‍ത്ഥം. അവ ശാശ്വതമല്ലെന്നു മക്കള്‍ അറിയണം. ഊണും ഉറക്കവും വിട്ടു ഭൗതികകാര്യങ്ങള്‍ക്കു പിന്നാലെ ഇത്രനാളും പാഞ്ഞിട്ടും അവയ്ക്കു ദുഃഖം നല്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം മക്കള്‍ മറക്കരുതു്. അതിനാല്‍ ഇനിയെങ്കിലും ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പോകുമ്പോള്‍ അല്പസമയമെങ്കിലും പൂര്‍ണ്ണമായി ഈശ്വരനുവേണ്ടി സമര്‍പ്പിക്കുക. ബന്ധങ്ങളെയും ബന്ധനങ്ങളെയും ആ സമയമെങ്കിലും മാറ്റിനിര്‍ത്തൂ.
ഒരു രാജാവു വാനപ്രസ്ഥത്തിനു പോകുവാന്‍ തയ്യാറായി. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പ്രജകള്‍ക്കു നല്കുവാന്‍ തീരുമാനിച്ചു. ഓരോരുത്തരും ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം നല്കി. ഒരു യുവാവു വന്നു തന്റെ ദുരിതങ്ങള്‍ വിവരിച്ചു. രാജാവു കുറെ സമ്പത്തു യുവാവിനു നല്കി. എന്നാല്‍ യുവാവിനു് അതൊന്നും മതിയായില്ല. കാരണം കൊട്ടാരത്തിലേക്കു പോകുമ്പോള്‍ ഭാര്യ പറഞ്ഞിരുന്നു, ‘എത്ര കിട്ടുമോ അത്രയും വാങ്ങിക്കൊണ്ടേ വീട്ടിലേക്കു വരാന്‍ പാടുള്ളൂ’ എന്നു്.
യുവാവിന്റെ അത്യാഗ്രഹം കണ്ടിട്ടു് അയാളെ വേണ്ടത്ര തൃപ്തിപ്പെടുത്താന്‍ രാജാവു പറഞ്ഞു, ”ഇവിടെ പവിഴം വിളയുന്ന ഒരു നദിയുണ്ടു്, അതു നിനക്കു സ്വന്തമാക്കാം.” യുവാവിനു സന്തോഷമായി. രാജാവു തുടര്‍ന്നു, ”പക്ഷേ, ഒരു കരാറുണ്ടു്, നിനക്കു പന്ത്രണ്ടു മണിക്കൂര്‍ സമയം തരും. അതിനുള്ളില്‍ എത്ര ദൂരം വള്ളത്തില്‍ തുഴഞ്ഞുപോയിട്ടു തിരിച്ചെത്താമോ, അത്രയും സ്ഥലം നിനക്കു സ്വന്തമാക്കാം. അതിലെ പവിഴവും. പക്ഷേ, ഒരു സെക്കന്‍ഡു താമസിച്ചാല്‍ ഒന്നും കിട്ടില്ല.” യുവാവു സമ്മതിച്ചു.
തുഴച്ചില്‍ കാണുവാന്‍ ഇരുകരകളിലും ജനങ്ങള്‍ തിങ്ങിക്കൂടി. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല, പവിഴം വിളയുന്ന നദി മുഴുവന്‍ സ്വന്തമാക്കണമെന്നു ഭാര്യയും സുഹൃത്തുക്കളും അയാളെ ഉപദേശിച്ചു. അത്രയും സമ്പത്തിനുടമയായാലുള്ള നേട്ടങ്ങളെക്കുറിച്ചും അവര്‍ വിവരിച്ചു. യുവാവിനു് ആവേശമായി. അയാള്‍ തുഴയാന്‍ തുടങ്ങി. ആറു മണിക്കൂര്‍ തുഴഞ്ഞുകഴിഞ്ഞു. അത്യാഗ്രഹംമൂലം കുറേക്കൂടി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ടുപോയി.
പുറപ്പെട്ട സ്ഥലത്തെത്തുവാന്‍ ഇനി നാലു മണിക്കൂര്‍ മാത്രമാണുള്ളതു്. എട്ടുമണിക്കൂര്‍ തുഴഞ്ഞ ദൂരമാണു് അത്രയും സമയംകൊണ്ടു തീര്‍ക്കേണ്ടതു്. തിരികെയുള്ള തുഴച്ചില്‍ വളരെ വേഗതയിലായി. ഭാര്യയും സുഹൃത്തുക്കളും ആവേശം പകര്‍ന്നു, ‘ഒരു സെക്കന്‍ഡു താമസിച്ചാല്‍ ചെയ്ത പ്രയത്‌നം മുഴുവന്‍ വെറുതെയാകും, തുഴയൂ, വേഗം തുഴയൂ’ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തിരിച്ചെത്തേണ്ട സമയം അടുത്തു തുടങ്ങി. പിന്നിടേണ്ട ദൂരമോ വളരെയധികവും! സര്‍വ്വശക്തിയും സംഭരിച്ചു തുഴഞ്ഞു.
തുഴഞ്ഞു തുഴഞ്ഞു നെഞ്ചിനു വേദനയായി. എന്നിട്ടും തുഴയല്‍ നിര്‍ത്തിയില്ല. ഒരു കൈ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു്, മറുകൈകൊണ്ടു തുഴച്ചില്‍ തുടര്‍ന്നു. ക്ഷീണം വര്‍ദ്ധിച്ചു. രക്തം ഛര്‍ദ്ദിച്ചു. എന്നിട്ടും സമ്പത്തിനോടുള്ള ആസക്തിമൂലം തുഴച്ചില്‍ നിര്‍ത്തിയില്ല. അവസാനം നിശ്ചിതസമയത്തിനു് ഒരു സെക്കന്‍ഡു മുന്‍പേ ആളു തിരിച്ചെത്തി. ഭാര്യയും സുഹൃത്തുക്കളും ആഹ്‌ളാദത്താല്‍ മതിമറന്നു നൃത്തം ചവുട്ടി. എന്നാല്‍ യുവാവാകട്ടെ അവിടെത്തന്നെ തളര്‍ന്നുവീണു് അന്ത്യശ്വാസം വലിച്ചു.
ഭര്‍ത്താവു മരിച്ചുകഴിഞ്ഞപ്പോള്‍, ശവം വീട്ടിലേക്കു കൊണ്ടു പോകുന്നതായി പ്രശ്‌നം. ദൂരം വളരെ കൂടുതലുണ്ടു്. വാഹനം എന്തെങ്കിലും വേണം. ഭാര്യ പറഞ്ഞു, ‘എന്തായാലും ഭര്‍ത്താവു മരിച്ചു, ശവം കൊണ്ടുപോകണമെങ്കില്‍ വണ്ടി വിളിക്കണം. എനിക്കു് ഈ കുട്ടികളെ വളര്‍ത്തേണ്ടതുണ്ടു്. വണ്ടി വിളിക്കാനുള്ള പണം എന്റെ കൈയിലില്ല. ഇവിടെ എവിടെയെങ്കിലും അടക്കിയാല്‍ മതി.’ അവിടെ ആറടി മണ്ണില്‍ എല്ലാം തീര്‍ന്നു. അവിഹിതസമ്പത്തു നേടാന്‍ പ്രേരിപ്പിച്ച സുഹൃത്തുക്കളോ ഭാര്യയോ കുട്ടികളോ സമ്പത്തോ ഒന്നും കൂടെ ചെന്നില്ല.
മക്കളേ, ഇതാണു ജീവിതം. ഒരു സെക്കന്‍ഡുപോലും മനസ്സിനു് ഏകാന്തത കൊടുക്കാതെ ബന്ധുക്കളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ഊണും ഉറക്കവും വെടിഞ്ഞു ചിന്തിച്ചും അതു നേടുന്നതിനുവേണ്ടി ഏതു ദുഷ്പ്രവൃത്തിയും ചെയ്യുവാന്‍ മടിക്കാതെയും ജീവിക്കുന്നു. എന്നാല്‍ അവസാനം ഇതുവല്ലതും കൂടെ വരുന്നുണ്ടോ? ഇല്ല. ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടി ആഗ്രഹം ഉയരുമ്പോള്‍ മുതല്‍ ദുഃഖമാണു്. അവ സാധിച്ചാലും ദുഃഖം കാത്തുനില്ക്കുന്നു. കാരണം, അവയൊന്നും ശാശ്വതമല്ല. ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകുകതന്നെ ചെയ്യും.
ശാശ്വതശാന്തിയുടെ ഉറവിടം ഈശ്വരന്‍ മാത്രമാണു്. ഭൗതിക വിഷയങ്ങള്‍ ശാശ്വതമല്ല എന്നറിഞ്ഞു് ആ രീതിയില്‍ ജീവിതം നയിക്കുമ്പോള്‍ ദുഃഖം ഒഴിവാക്കാന്‍ കഴിയുന്നു. സ്വത്തു വേണ്ടെന്നോ ഭൗതികത വേണ്ടെന്നോ അമ്മ പറയുന്നില്ല. അവയൊക്കെ ആവശ്യത്തിനു മാത്രമാകട്ടെ; ജീവിക്കാന്‍വേണ്ടി മാത്രം. നിത്യം എന്താണെന്നു മനസ്സിലാക്കി, സമാധാനം തരുന്നതു് എന്താണെന്നറിഞ്ഞു് അതിനുവേണ്ടി പ്രയത്‌നം ചെയ്യൂ. ഭൂമിയില്‍ തന്നെയാണു സ്വര്‍ഗ്ഗവും നരകവും. അതു സൃഷ്ടിക്കുന്നതു മനസ്സാണു്. അതിനാല്‍ ആ മനസ്സിനെ നിയന്ത്രിക്കുവാനാണു മക്കള്‍ പഠിക്കേണ്ടതു്. പിന്നെ ദുഃഖിക്കേണ്ടി വരില്ല, ആനന്ദം, ആനന്ദം, ആനന്ദം മാത്രം.