ചോദ്യം : ധ്യാനസമയത്തു ജപം നടത്തണമെന്നുണ്ടോ? എങ്ങനെ ധ്യാനസമയത്തു മനസ്സിനെ ധ്യാനരൂപത്തില്‍ ബന്ധിക്കുവാന്‍ സാധിക്കും?
അമ്മ: ധ്യാനിക്കുന്ന സമയത്തു ജപിക്കണമെന്നില്ല. ഇഷ്ടദേവതയുടെ രൂപം പാദാദികേശം കേശാദിപാദം ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരിക്കണം. ഇഷ്ടമൂര്‍ത്തിയെ പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. ഇഷ്ടമൂര്‍ത്തി നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള് പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. അവിടുത്തെ മടിയില്‍ കയറി ഇരിക്കുന്നതായും അവിടുത്തേക്കു് ഉമ്മ നല്‍കുന്നതായും മനസ്സില്‍ കാണാം. അവിടുത്തെ മുടി ചീകി ഒതുക്കിക്കൊടുത്തു കൊണ്ടിരിക്കുന്നതായും അല്ലെങ്കില്‍ അവിടുന്നു നമ്മുടെ മുടി കോതിമിനുക്കുന്നതായോ സങ്കല്പിക്കാം. ഇങ്ങനെയൊക്കെ ഭാവനചെയ്യുന്നതു ഇഷ്ടമൂര്‍ത്തിയില്‍ മനസ്സിനെ ബന്ധിക്കുന്നതിനാണു്.
”അമ്മേ, അമ്മേ, എന്നെ നയിക്കൂ; അച്ഛാ അച്ഛാ; എന്നെ നയിക്കൂ; നിത്യത്തിന്റെ പ്രകാശമേ എന്നെ നയിക്കൂ; കാരുണ്യത്തിന്റെ ദേവതേ എന്നെ നയിക്കൂ” എന്നിങ്ങനെ അവിടുത്തെ രൂപം കണ്ടുകൊണ്ടു പറയണം. മനസ്സു് ഒരു സെക്കന്‍ഡുകൊണ്ടു് എത്രയോ ദൂരമാണു സഞ്ചരിക്കുന്നതു്. അങ്ങനെയുള്ള മനസ്സിനെ എങ്ങും വിടാതിരിക്കാനാണു് ഈ ക്രിയകളൊക്കെ നമ്മള് ചെയ്യുന്നതു്. വേദാന്തത്തില്‍ ഇതൊന്നും കാണില്ലായിരിക്കാം. പക്ഷേ, ഇതില്‍ക്കൂടിയേ വേദാന്തത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ അനുഭവതലത്തില്‍ കൊണ്ടുവരാന്‍ കഴിയൂ.