ചോദ്യം : ജോലി ചെയ്യുമ്പോള്‍ എങ്ങനെ മന്ത്രം ജപിക്കാനും രൂപം സ്മരിക്കാനും കഴിയും? മന്ത്രം മറന്നുപോകില്ലേ?
അമ്മ: മക്കളേ, നമ്മുടെ ഒരു സഹോദരനു് അസുഖമായി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നു കരുതുക. നമ്മള്‍ ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കിലും ആ സഹോദരനെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ കഴിയുമോ? ഏതു ജോലി ചെയ്യുമ്പോഴും അവനെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും. ‘അവനു ബോധം വീണ്ടുകിട്ടിക്കാണുമോ? സംസാരിക്കുമോ? അസുഖം കുറഞ്ഞുകാണുമോ? എന്നവനു വീട്ടില്‍വരാന്‍ കഴിയും?’ എന്നിങ്ങനെ സഹോദരന്‍ മാത്രമായിരിക്കും മനസ്സില്‍. എന്നാല്‍ ജോലികളും നടക്കും. ഇതേപോലെ ഈശ്വരനെ നമ്മുടെ ഏറ്റവുമടുത്ത ബന്ധുവായും സ്വന്തമായും കരുതി അതനുസരിച്ചു ജീവിച്ചാല്‍ ഏതു ജോലി ചെയ്യുമ്പോഴും ഈശ്വരനെ സ്മരിക്കാനും മന്ത്രം ജപിക്കാനും പ്രയാസമുണ്ടാകില്ല.