ചോദ്യം : ഇവിടെ താമസിക്കുന്ന ബ്രഹ്മചാരികള്‍ക്കു് എല്ലാവര്‍ക്കും സാക്ഷാത്കാരം കിട്ടുമോ?

അമ്മ: ഇവിടുത്തെ മക്കള്‍ രണ്ടുരീതിയില്‍ വന്നിട്ടുള്ളവരാണു്. ഭൗതികകാര്യങ്ങളില്‍ പൂര്‍ണ്ണവൈരാഗ്യം വന്നിട്ടു സ്വയം തീരുമാനം എടുത്തു വന്നവരുണ്ടു്. അവരെക്കണ്ടിട്ടു് അതനുകരിച്ചു തുടക്കത്തിലെ ആവേശംമൂലം നില്ക്കുന്നവരുമുണ്ടു്. ശ്രമിച്ചാല്‍ അവര്‍ക്കും സംസ്‌കാരം ഉള്‍ക്കൊണ്ടു നീങ്ങാം. ചീത്തസ്വഭാവത്തില്‍ കഴിഞ്ഞിരുന്നവര്‍പോലും സത്സംഗംകൊണ്ടു നല്ല മാര്‍ഗ്ഗത്തിലേക്കു വന്നിട്ടില്ലേ? വാല്മീകി കൊള്ളയും കൊലയും ചെയ്തു നടന്നിരുന്ന കാട്ടാളനായിരുന്നു. സത്സംഗവും അതനുസരിച്ചുള്ള ശ്രമവുംമൂലം ആദി കവിയായി, മഹര്‍ഷിയായി. പ്രഹ്‌ളാദന്‍ രാക്ഷസകുലത്തിലായിരുന്നിട്ടുകൂടി സത്സംഗംകൊണ്ടു ഭഗവത്ഭക്തന്മാരില്‍ അഗ്രഗണ്യനായി. തുടക്കത്തിലെ ആവേശംകൊണ്ടാണു വരുന്നതെങ്കിലും ഇവിടുത്തെ തത്ത്വങ്ങള്‍ ഗ്രഹിച്ചു്, അതിനെ ഉള്‍ക്കൊണ്ടും ജീവിതത്തില്‍ പകര്‍ത്തിയും ജീവിക്കാന്‍ ശ്രമിച്ചാല്‍ മാറിവരാം. വയറിങ് നടത്തുന്ന ഒരാളുമായുള്ള നിരന്തര സഹകരണംകൊണ്ടു പ്രത്യേകപഠനം കൂടാതെതന്നെ വയറിങ് ജോലികള്‍ എല്ലാം പഠിക്കാന്‍ കഴിയുന്നില്ലേ? കൂടെനിന്നു കണ്ടില്ലായിരുന്നെങ്കില്‍ പഠിക്കാന്‍ കഴിയില്ല. അതു പോലെ ആശ്രമത്തിലെ സാമീപ്യംകൊണ്ടും സഹകരണംകൊണ്ടും കാലക്രമത്തില്‍ നന്നാകാം. സംസ്‌കാരത്തെ ഉണര്‍ത്തിക്കൊണ്ടുവരാം. വളരെനാളത്തെ സഹകരണംകൊണ്ടും മാറ്റമൊന്നും സംഭവിക്കുന്നില്ല എങ്കില്‍, അവരവരുടെ പൂര്‍വ്വജന്മകര്‍മ്മഫലം എന്നു കണ്ടാശ്വസിക്കാം. വേറെ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഒരു ഗ്രാമത്തില്‍, ഒരു സന്ന്യാസി ആലിന്റെ ചുവട്ടില്‍ വന്നിരുന്നു ദിവസവും ജപധ്യാനങ്ങള്‍ ചെയ്യുമായിരുന്നു. ഗ്രാമവാസികള്‍ അദ്ദേഹത്തിനു പഴങ്ങളും പലഹാരങ്ങളും കാണിക്കവച്ചു വേണ്ട ശുശ്രൂഷകളും നല്കി. ഇതു ദിവസവും കാണാറുണ്ടായിരുന്ന ഒരു യുവാവു കരുതി ‘ഇങ്ങനെ ഒരു സന്ന്യാസിയായാല്‍ ജീവിക്കാന്‍ പ്രയാസമുണ്ടാകില്ല’ എന്നു്. അയാള്‍ അടുത്തൊരു ഗ്രാമത്തില്‍പ്പോയി സന്ന്യാസവസ്ത്രവും ധരിച്ചു് ഒരു ആല്‍ച്ചുവട്ടിലിരുന്നു ജപ ധ്യാനങ്ങള്‍ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ പൂജിക്കുവാനായി ആളുകളുടെ വരവാരംഭിച്ചു. മധുരപലഹാരങ്ങളും പഴങ്ങളും ധാരാളമെത്തി. സ്വാമിയെ കാണുവാന്‍ വരുന്നവരുടെ കൂട്ടത്തില്‍ സുന്ദരികളായ അനേകം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ കാണാനില്ല. ആള്‍ ഒരു പെണ്‍കുട്ടിയെയുംകൊണ്ടു സ്ഥലം വിട്ടു. അനുകരിക്കാന്‍ മാത്രമായി വരുന്നവര്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ല, പൂര്‍ണ്ണഅര്‍പ്പണവും വിശ്വാസവും ഉള്ളവര്‍ മാത്രം രക്ഷപ്പെടും. അല്ലാത്തവര്‍ അവരുടെ വഴിക്കു പോകും. അവരെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ഇതൊരു യുദ്ധക്കളമാണു്. ഇവിടെ ജയിക്കാമെങ്കില്‍ അവനു ലോകത്തെ മുഴുവന്‍ കീഴടക്കാം. പ്രപഞ്ചത്തെ മുഴുവന്‍ ചൊല്പടിക്കു നിര്‍ത്താം.