ചോദ്യം : എല്ലാറ്റിനും കാരണമായിരിക്കുന്നതു് ഈശ്വരനാണെങ്കില്‍ ഇന്നു കാണുന്ന അനേക രോഗങ്ങള്‍ക്കും കാരണം ഈശ്വരന്‍തന്നെയല്ലേ?

അമ്മ: ഈശ്വരനാണു് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്നു പറഞ്ഞുതന്നിട്ടുണ്ടു്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്കു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും. ടോണിക്കു് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണു്. എങ്ങനെ അതു കഴിക്കണം എന്നു ഡോക്ടര്‍ പറയുന്നതു ശ്രദ്ധിക്കാതെ ഒറ്റയടിക്കു മുഴുവനും കുടിക്കുകയാണെങ്കില്‍ ഉള്ള ആരോഗ്യം കൂടി നഷ്ടമാകും. റേഡിയോ ശരിക്കു ടൃൂൺ ചെയ്തില്ലെങ്കില്‍ അതില്‍നിന്നു പുറപ്പെടുന്ന ശബ്ദം കേള്‍ക്കുന്നതുതന്നെ അലര്‍ജിയായിത്തീരും. എന്നാല്‍ ശരിയായി ടൃൂൺ ചെയ്താല്‍ അതിലെ ഓരോ പാട്ടും സന്തോഷവും സംതൃപ്തിയും പകരും.

അതുപോലെ ജീവിതത്തിൻ്റെ മര്‍മ്മം അറിഞ്ഞു ജീവിക്കാത്തതുകൊണ്ടു മനുഷ്യന്‍ അസ്വസ്ഥനാകുന്നു. അപകടത്തില്‍ പതിക്കുന്നു. എന്നാല്‍ മര്‍മ്മം അറിഞ്ഞു ജീവിക്കുമ്പോള്‍ ആനന്ദം നേടുന്നു. സത്സംഗങ്ങളില്‍ക്കൂടിയോ, ഗുരുകുലങ്ങളില്‍നിന്നോ ജീവിതത്തിൻ്റെ ശരിയായ മര്‍മ്മം മനസ്സിലാക്കാന്‍ കഴിയും. സത്സംഗം ശ്രവിക്കുന്നതിലൂടെതന്നെ ജീവിതത്തിൻ്റെ പല പ്രശ്‌നങ്ങളും ഒഴിവാകും. എന്നാല്‍, അതില്‍ത്തന്നെ ജീവിക്കുന്ന ഗുരുക്കന്മാരുടെ സാമീപ്യത്തില്‍, അവരുടെ നിര്‍ദ്ദേശമനുസരിച്ചു ജീവിതം നയിച്ചാല്‍, ജീവിതം ആനന്ദം മാത്രമായിരിക്കും. ഒരിക്കലും അപകടത്തില്‍ച്ചെന്നു വീഴേണ്ടിവരില്ല. ഗുരുസാമീപ്യത്തിനോ, സത്സംഗത്തിനോ അവസരം ലഭിക്കാത്തവരുടെ ജീവിതം അധോഗതിതന്നെ.

ഇന്നു കാണുന്ന അനേകം രോഗങ്ങള്‍ക്കു കാരണം സ്വാര്‍ത്ഥത മൂലം മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ദുഷ്പ്രവൃത്തികളാണു്. വിഷം കലര്‍ന്നതും മായം ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങളാണു് ഇന്നു മനഷ്യന്‍ കഴിക്കുന്നതു്. മനുഷ്യന്‍ ശ്വസിച്ചാല്‍ മരിക്കത്തക്ക വീര്യമുള്ള മരുന്നുകളും വളങ്ങളുമാണു പച്ചക്കറികളും നെല്ലും മറ്റും നടുമ്പോള്‍ മുതല്‍ നല്കുന്നതു്. അങ്ങനെ കിട്ടുന്ന വിളവുകളാണു നമ്മള്‍ കഴിക്കുന്നതു്. കൂടാതെ അമിതലാഭത്തിനു വേണ്ടി ചേര്‍ക്കുന്ന മായവും. പിന്നെ എങ്ങനെ അസുഖം ഉണ്ടാകാതിരിക്കും? ഇതിനും പുറമെ കള്ളു്, കഞ്ചാവു് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലവും ധാരാളം രോഗങ്ങള്‍ ഉണ്ടാകുന്നു. രോഗത്തിനു ചികിത്സിക്കുവാന്‍ ചെന്നാല്‍ ശുദ്ധമായ മരുന്നു ലഭിക്കുവാനില്ല. അതിലും മായമാണു്. ഇങ്ങനെ മനുഷ്യൻ്റെ മനുഷ്യത്വം മറന്നുള്ള പ്രവൃത്തികളാണു രോഗങ്ങള്‍ ഇന്നിത്രയും പെരുകുവാനുള്ള കാരണം. അതിനു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല, ഈശ്വരന്‍ ആര്‍ക്കും രോഗം നല്കുന്നില്ല. ആരെയും കഷ്ടപ്പെടുത്തുന്നുമില്ല. ഈശ്വരൻ്റെ സൃഷ്ടിയില്‍ ഒന്നും അപൂര്‍ണ്ണമല്ല. മനുഷ്യനാണു് എല്ലാം വികൃതമാക്കുന്നതു്. ഈശ്വരൻ്റെ ഇച്ഛയ്ക്കനുസരിച്ചു ജീവിക്കണം. പ്രകൃതിയുടെ താളത്തിനനുസൃതമായി ജീവിക്കണം. എന്നാല്‍ ഇന്നത്തെ മിക്ക രോഗങ്ങളും ഒഴിവാക്കാം.