നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മളിലെ ‘ഞാന്‍’ ഭാവമാണു്. എന്നാല്‍ ഈ ‘ഞാനി’നെ നമുക്കൊന്നെടുക്കാനോ, കൊടുക്കാനോ കഴിയില്ല. പിന്നെ എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്നു ചോദിച്ചാല്‍ അതിനൊരു വഴിയേയുള്ളൂവിനയഭാവം. വിനയത്തില്‍ക്കൂടിയേ ‘ഞാന്‍’എന്ന ഭാവത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കൂ. ”ഞാന്‍ യജമാനന്‍” എന്നു പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ ഈ ‘ഞാന്‍ ഭാവ’ത്തിനു ദാസനായി മാറുകയാണു്. ജീവിതത്തിന്റെ ആനന്ദം നുകരാന്‍ നമുക്കു് ഇന്നു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതും ഞാനെന്ന ഭാവവും അവനവനെക്കുറിച്ചുള്ള ചിന്തകളുമാണു്. തന്നെ മറന്നു് അന്യനെ സ്‌നേഹിക്കാന്‍ നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ ഭാവം മാറാതെ ജീവിതാനന്ദം അനുഭവിക്കാന്‍ പറ്റുകയില്ല. കണ്ണുകള്‍ ഇല്ലാത്തതു മൂലം അന്ധത ബാധിച്ചവരെ പിന്നെയും നയിക്കാം. കണ്ണില്ലെങ്കിലും അവര്‍ പ്രേമം നിറഞ്ഞ ഒരു ഹൃദയത്തിനുടമയാകാം. എന്നാല്‍ അഹങ്കാരത്തിന്റെ അന്ധത ബാധിച്ചാല്‍ നാം പരിപൂര്‍ണ്ണമായും അന്ധകാരത്തിലാകും. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണു്. എന്നാല്‍ ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിനു് ഒരു അര്‍പ്പണവസ്തുവായി ത്തീരുന്നു. അന്യരില്‍ ഈശ്വരഭാവം കാണാന്‍ കഴിയുമ്പോള്‍ നമ്മളില്‍ വിനയം തനിയേ ഉണ്ടാകും. അഹങ്കാരം ഇല്ലാതാകാന്‍ ഏറ്റവും ആവശ്യം ഈ വിനയമാണു്. താന്‍ യജമാനനാണെന്നല്ല, ദാസനാണെന്നു കരുതുന്നവനാണു പ്രേമത്തിന്റെ ലോകത്തില്‍ പ്രഭുവാകുന്നതു്.