പല മക്കളും ചോദിക്കാറുണ്ടു്,  “ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു്, സ്വാതന്ത്ര്യത്തോടെ അവനവന്‍റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ലേ, ഈ ശരീരം തന്നിരിക്കുന്നതു സുഖിക്കാനല്ലേ” എന്നു്. ശരിയാണു്! ശരീരം തന്നിരിക്കുന്നതു സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണു്. റോഡുണ്ടാക്കിയിരിക്കുന്നതു വാഹനങ്ങള്‍ ഓടിക്കാനാണു്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ചു വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. ശ്രദ്ധയില്ലാതെ ഇഷ്ടത്തിനു നടന്നാല്‍ അപകടമുണ്ടാകും.  എല്ലാത്തിനും അതിന്‍റേതായ ധര്‍മ്മമുണ്ടു്. ധര്‍മ്മം വിട്ടു് എന്തു ചെയ്താലും – വാക്കായാലും പ്രവൃത്തിയായാലും നമ്മുടെ വ്യക്തിത്വമാണു് അവിടെ നഷ്ടമാകുന്നതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചില്ലെങ്കില്‍, നമ്മുടെ വ്യക്തിത്വംതന്നെ നമ്മളില്‍ നിന്നും നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത വരദാനമാണു് ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നതു്,..വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍, നഷ്ടമാകുന്നത് നമ്മുടെ ജീവിതംതന്നെയായിരിക്കും. അതനാല്‍ നമ്മുടെ ഓരോ കര്‍മ്മത്തിന്‍റെ പിന്നിലെയും ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. കാരണം വിവേകം നിറഞ്ഞ കര്‍മ്മത്തില്‍കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വതവിജയം കണ്ടെത്താന്‍ സാധിക്കൂ.