ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണ്. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണു്. കണ്ണടച്ചു് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും, ചിന്തകളെക്കുറിച്ചും ബോധം നിലനിര്‍ത്തുന്നതാണു ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വാക്കായി പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നതു്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപംകൊണ്ടു വളര്‍ന്നു് ഒരു വലിയ നദി പോലെ നമ്മളില്‍നിന്നും പ്രവഹിക്കുന്നു. പിന്നെ അതു നമ്മുടെ കൈയിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്നു് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണു്. അതിനാല്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണു്. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിന്റെ ഗതി മാറ്റുക പ്രയാസമാണു്. അതിനാലാണു നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധ വേണമെന്നു പറയുന്നത്.

ഒരച്ചിനു കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടു കൂടിയതായിരിക്കും. അതുപോലെ മനസ്സിനെ ആദ്യം ശരിയാക്കിയില്ലെങ്കില്‍ അതില്‍നിന്നുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായി വരില്ല. അതിനാല്‍ ആദ്യം വേണ്ടത്, നമ്മുടെ മനസ്സിനെ വശത്താക്കുകയാണു്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗ്ഗം ധ്യാനമാണു്. നമ്മളിലെ നിശ്ശബ്ദതയെ നമ്മള്‍ അനുഭവിച്ചറിയുന്ന ഒരു തത്ത്വമാണു ധ്യാനം.