നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉത്സാഹവും നിറഞ്ഞതായിരിക്കണം. ജീവിതം ഉത്സവമായിത്തീരണം. പക്ഷേ, ഇതിനു നമുക്കു കഴിയുന്നുണ്ടോ? ജീവിതത്തെക്കുറിച്ചു് ആരോടു ചോദിച്ചാലും ദുഃഖത്തിന്‍റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണു നമുക്കു ദുഃഖമുണ്ടാകുന്നതു്. ഈ മമത വച്ചുകൊണ്ടിരിക്കുന്നതു മൂലം നമുക്കെന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നും നമുക്കെന്തെങ്കിലും കിട്ടുവാനുണ്ടോ? ഇവിടെയിരിക്കുന്ന മക്കളെല്ലാവരും, ഇവിടെയിരുന്നുകൊണ്ടു വീട്ടുകാരെക്കുറിച്ചു ചിന്തിച്ചാല്‍ അതുകൊണ്ടു് അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ? സമയമത്രയും നഷ്ടമായതു മാത്രം മിച്ചം.

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തിലിരിക്കുമ്പോഴും നമ്മള്‍ ഒറ്റയാണു്. ഒറ്റയ്ക്കിരിക്കുമ്പോഴും ഒറ്റയാണു്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണു കഴിയുന്നതു്. മറ്റൊരാളുടെ ചിരിയിലാണു് ഇന്നു നമ്മുടെ ജീവിതം. മറ്റൊരാളോടുള്ള ദേഷ്യത്തിലാണു് ഇന്നു നമ്മുടെ ജീവിതം. ഒരാള്‍ ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ഒരുപക്ഷേ ആത്മഹത്യ ചെയ്യുവാനും മടിക്കില്ല. അതല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാടു്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ടു മറ്റൊന്നായിക്കൊണ്ടിരിക്കുകയാണു്. ഒരു നിമിഷംപോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധം കൊണ്ടുവരാന്‍ , കര്‍മ്മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണു ധ്യാനം.