കാ.ഭാ. സുരേന്ദ്രന്‍

”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്.

യുവാക്കള്‍ പണ്ടത്തെതില്‍ നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പുതുതലമുറ ബാങ്കുകളും സ്വതന്ത്രവിപണിയും വമ്പന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങളുടെ വരവും ഒക്കെയായി പുതിയൊരു ലോകത്തിലേക്കാണു് ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നതു്. ആധുനിക സാങ്കേതികവിദ്യാഭ്യാസവും ഇഷ്ടമുള്ള ഉദ്യോഗവും കൈനി റയെ പണവും ‘ടാര്‍ജറ്റു്’ എത്തിക്കാനുള്ള കഠിനപ്രയത്‌നവും ഇന്നത്തെ തലമുറയുടെ സവിശേഷതയാണു്.

ഇതിനിടയില്‍ മതപ്രചാരകന്മാരും ‘കമ്പനി’ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് സാമ്രാജ്യവും സംഘടിതമായി നടപ്പാക്കിയ പാശ്ചാത്യാനുകരണശൈലി തലമുറകള്‍ കടന്നുപോന്നപ്പോഴേക്കും നമ്മെയെല്ലാം അപരന്മാരാക്കിയിരുന്നു. പടിഞ്ഞാറുനിന്നും വരുന്നതൊക്കെ പരിഷ്‌കൃതവും ഭാരതീയമായതൊക്കെ പ്രാകൃതവും എന്ന ധാരണ ഭൂരിപക്ഷം സാക്ഷരരെയും കീഴടക്കി. ഇന്നും ഇംഗ്ലീഷു് വിദ്യാഭ്യാസവും വേഷവും ജീവിതശൈലിയും ഒക്കെയാണല്ലോ നാം കൊണ്ടുനടക്കുന്നതു്. അഭിവാദ്യം, ആശംസ, ആഘോഷം എല്ലാം നമ്മെ സായ്പ്പിൻ്റെ വെറും പൊയ്മുഖങ്ങളാക്കി മാറ്റി. അങ്ങനെ മാറ്റിയതില്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്കും അഭ്യസ്തവിദ്യരെന്നു് അഭിമാനിക്കുന്ന പൗരജനങ്ങള്‍ക്കുംകൂടി പങ്കുണ്ടെന്ന കാര്യം മറക്കരുതു്.

ഇതെല്ലാം ഉദ്യോഗവും സമ്പത്തും നേടാനാണെന്നു നാം ന്യായം പറയുകയും ചെയ്യും. ഇതു മാറ്റിയെടുക്കാന്‍ കഴിഞ്ഞെങ്കിലേ ഭാരതത്തിനു നിലനില്പുള്ളൂ. ‘ഇന്നു നമ്മള്‍ കനകംകൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിൻ്റെ ആത്മീയ സംസ്‌കാരം കളഞ്ഞുകുളിക്കാതെ തന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയു’മെന്നു് അമ്മ പറയുന്നു. അമ്മയുടെ ഈ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറുണ്ടോ? ‘വെണ്ണനെയ്യു് വീട്ടില്‍വച്ചു് ഉരുക്കുനെയ്യു് തേടി’ അലയുന്ന മൂഢത്വം നാം ഉപേക്ഷിക്കണം. നമുക്കു സമ്പത്തു് ആര്‍ജ്ജിക്കാന്‍ മതം അഥവാ ആദ്ധ്യാത്മികത ഉപേക്ഷിക്കേണ്ട കാര്യമില്ല. കാരണം, ഇവിടെ മതവും സമ്പത്തും ശാസ്ത്രവുമൊന്നും പരസ്പരവിരുദ്ധങ്ങളല്ല.

നൂറ്റാണ്ടുകള്‍ക്കു മുന്‍പു യൂറോപ്പില്‍ ഉയര്‍ന്നുവന്ന വിശ്വാസമാണു മതവും ശാസ്ത്രവും വിരുദ്ധങ്ങളെന്നതു്. അതവിടെ ഏറെ കുഴപ്പങ്ങള്‍ക്കു കാരണമാവുകയും ഭയാനകമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, ഭാരതത്തില്‍ മറ്റുള്ളവര്‍ പറഞ്ഞുപോരുന്ന മതവിശ്വാസങ്ങള്‍ക്കല്ല മുന്‍ഗണന. ഇവിടെ ആദ്ധ്യാത്മികതയാണു മുന്നിട്ടുനിന്നതും പ്രചരിപ്പിച്ചു പോന്നതും. അതുകൊണ്ടാണു് ഇവിടെ വ്യത്യസ്ത മതങ്ങളുണ്ടായതും അനേകം ദൈവസങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതും. എല്ലാത്തിൻ്റെയും അടിത്തറ ആദ്ധ്യാത്മികദര്‍ശനമായിരുന്നു. അതുകൊണ്ടുതന്നെ ധനവും ഒരു ആരാധ്യവസ്തുവാണു്.

സമ്പത്തു് ആര്‍ജ്ജിക്കുന്നതിനു് ആദ്ധ്യാത്മികത തടസ്സമല്ല. തന്നെയല്ല, ആദ്ധ്യാത്മികതയിലൂന്നി നിന്നുകൊണ്ടു സമ്പത്തു് ആര്‍ജ്ജിച്ചാല്‍ അതു കലഹ കാരണമാവുകയില്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്നു യുവതലമുറ ധാരാളം പണം സമ്പാദിക്കുന്നുണ്ടെങ്കിലും അതില്‍ ആദ്ധ്യാത്മികസ്പര്‍ശം വളരെ കുറവെന്നു വിലയിരുത്തേണ്ടിവരും. പരിഹാരം, വളര്‍ന്നുവരുന്ന തലമുറയില്‍ ശരിയായ ജീവിത വീക്ഷണവും ശൈലിയും പകര്‍ന്നു നല്കുക എന്നതാണു്. ‘ചട്ടിയിലുള്ളതേ ചിരട്ടയില്‍ വരൂ’ എന്നൊരു ചൊല്ലുണ്ടു്. എന്താണോ നമ്മില്‍ ഉള്ളതു് അതേ പകര്‍ന്നു നല്കാന്‍ കഴിയൂ. അതു കൊണ്ടു് ആദ്യം മാതാപിതാക്കളാണു ഗൃഹപാഠം ചെയ്യേണ്ടതു്.

നല്ല അദ്ധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു മുന്‍പു വളരെയേറെ തയ്യാറെടുപ്പുകള്‍ നടത്തും. അത്തരക്കാരുടെ ക്ലാസ്സുകള്‍ ആനന്ദപ്രദവും ഒപ്പം വിജ്ഞാന പ്രദവുമായിരിക്കും. അവര്‍ക്കു കുട്ടികളെ ശരിയായി ചിന്തിപ്പിക്കാനും ഉത്തരം കണ്ടെത്താന്‍ പ്രാപ്തിയുള്ളവരാക്കാനും കഴിയും. അതേപോലെയാണു മാതാപിതാക്കളും. അവര്‍ ശരിയായാല്‍ കുട്ടികള്‍ ശരിയാകും. കുട്ടികള്‍ നേരെയായാല്‍ തലമുറ നേരെയാകും. തലമുറ നേരെയായാല്‍ നാടും നന്നാകും.”കൊച്ചു കുട്ടികളുടെ മനസ്സു് പുതിയതായി സിമൻ്റിട്ട തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തു തന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിൻ്റെ ആണിക്കല്ലു്.” അമ്മ നിര്‍ദ്ദേശിക്കുന്ന പരിഹാരവും ഒപ്പം മുന്നറിയിപ്പുമാണിതു്. അമ്മയുടെ ഈ വാക്കുകള്‍ അനുസരിച്ചാല്‍ നമുക്കു പുത്തന്‍ തലമുറയെപ്പറ്റി ഖേദിക്കേണ്ടി വരില്ല.

ഇന്നു ശരിയായ സംസ്‌കാരം പൊതുവിദ്യാഭ്യാസത്തില്‍നിന്നു പ്രതീക്ഷിക്കുക സാദ്ധ്യമല്ല. അതു കിട്ടരുതു് എന്നു മനഃപൂര്‍വ്വം ആരോ തീരുമാനിച്ചിട്ടുള്ളതുപോലെ തോന്നും ‘വിദഗ്ദ്ധരുടെ’ പദ്ധതികളും നിര്‍ദ്ദേശങ്ങളും കണ്ടാല്‍. ‘ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളംപോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. അതു രാഷ്ട്രീയത്തിൻ്റെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും. ‘ഇന്നു വിദ്യാലയങ്ങളിലും കലാലയങ്ങളിലുമെല്ലാം സൗഹൃദവും സന്മനസ്സുമല്ല സൃഷ്ടിക്കപ്പെടുന്നതു്. കാരുണ്യവും സഹാനുഭൂതിയുമല്ല ഉറവെടുക്കുന്നതു്. സമരസതയും സമന്വയവുമല്ല വളര്‍ത്തുന്നതു്. പോരാടുവാനാണു്, ആരോടെല്ലാമോ യുദ്ധം ചെയ്യാനാണു നയിക്കപ്പെടുന്നതു്.

പാഠ്യക്രമവും ശീര്‍ഷാസനത്തിലാണു്. ‘ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നു വച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരുപ്പിനുവേണ്ടി കാലു മുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കമ്പ്യൂട്ടര്‍പോലെയായിത്തീര്‍ന്നിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടുപോയിരിക്കുന്നു.’ അമ്മ ചൂണ്ടിക്കാണിച്ച ഈ നഷ്ടഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. പരിഹാരവും അമ്മ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. ‘വ്യക്തിമനസ്സു് മാറ്റിയെടുക്കണം. മാറ്റം വ്യക്തി മനസ്സില്‍നിന്നു് ആരംഭിച്ചാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം നടത്താന്‍ കഴിയും.’

ശരിയായ വ്യക്തിനിര്‍മ്മാണമാണു നടക്കേണ്ടതു്. ഈ വ്യക്തി മനസ്സിനെ പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതുകൊണ്ടാണു് അമ്മ ആവര്‍ത്തിച്ചു പറയുന്നതു്, കുട്ടികളുടെ മനസ്സില്‍ പതിയുന്ന പാടുകള്‍ ശ്രദ്ധിക്കണമെന്നു്. നല്ല കാഴ്ചയാണു കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അവരുടെ ഭാവനയും നല്ലതായിരിക്കും. കേള്‍ക്കുന്നതെല്ലാം നല്ലതാണെങ്കില്‍ കുട്ടി പറയുന്നതും നല്ല വാക്കുകളായിരിക്കും. ‘കണ്ടതും കേട്ടതുമാണു ജീവിതം.’ അങ്ങനെയല്ലേ ഒരു നരേന്ദ്രന്‍ സ്വാമി വിവേകാനന്ദനായതു്. അങ്ങനെയല്ലേ ഒരു കൊച്ചു ശിവന്‍ ഛത്രപതി ശിവജിയായതു്. അങ്ങനെയല്ലേ ഒരു നാണു നാരായണഗുരു സ്വാമിയായതു്; ഒരു കുമാരു മഹാകവി കുമാരനാശാനായതു്. മക്കള്‍ മാറാന്‍ അമ്മ മാറുക. അമ്മമാര്‍ക്കു മാറാന്‍ ‘അമ്മ’യെ അനുസരിക്കുക. ആരാധന മാത്രം പോരാ. അനുസരണവും വേണം.