ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു.
ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം.
ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’
അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി ഇടയ്ക്കു വന്നു കയറി. കുടിച്ചു ലക്കുകെട്ടു നില്ക്കുന്ന ആൾക്കു കുട്ടിയെന്നുണ്ടോ? ഒരു ചവിട്ട്. ആ കുഞ്ഞിൻ്റെ ഒരു കാലൊടിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതുകഴിഞ്ഞിട്ടും ഭർത്താവിൻ്റെ കുടിക്കു കുറവില്ല. ആ മോളൊറ്റയ്ക്കാണു കുട്ടിയുടെ കാര്യവും വീട്ടുകാര്യവും എല്ലാം നോക്കുന്നത്. ഭർത്താവിൻ്റെ കുടി മാറാൻ അമ്മ അനുഗ്രഹിക്കണമെന്നും പറഞ്ഞുകൊണ്ടാണു് എഴുത്ത്.
ഭക്തൻ: ഈ വരുന്ന കത്തുകൾ എല്ലാം അമ്മ വായിക്കുമോ? ഇന്നുതന്നെ ഒരു കെട്ടുണ്ടല്ലോ?
അമ്മ: അവരുടെ കണ്ണീരോർക്കുമ്പോൾ വായിക്കാതിരിക്കാൻ കഴിയുമോ? ചിലതിനൊക്കെ അമ്മതന്നെ മറുപടി എഴുതും. വളരെയധികം കത്തുകളുണ്ടെങ്കിൽ ചിലതിനു മറുപടി എഴുതാൻ അമ്മ പറഞ്ഞു കൊടുക്കും. എല്ലാം വായിച്ചു മറുപടി എഴുതുന്ന കാര്യം വലിയ കഷ്ടമാണ്. ചില കത്തുകൾ പത്തും പന്ത്രണ്ടും പേപ്പറുകൾ കാണും. വായിക്കാൻകൂടി സമയം തികയാറില്ല. മിക്ക ദിവസവും രാത്രി കത്തുവായിച്ചു തീരുമ്പോൾ നേരം വെളുക്കാറാകും. വല്ലതും കഴിക്കുമ്പോഴും ഒരു കൈയിൽ എഴുത്തായിരിക്കും. ചിലപ്പോൾ മറുപടി എഴുതാനുള്ളതു പറഞ്ഞുകൊടുക്കുന്നതു കുളിക്കുന്ന സമയമായിരിക്കും.
മോനിതെല്ലാം മുറിയിൽ കൊണ്ടുവയ്ക്ക്. പിന്നീടു വായിക്കാം. അമ്മ കത്തുകളെല്ലാം ഒരു ബ്രഹ്മചാരിയെ ഏല്പിച്ചു.