ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ.

പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. അവിടെ സ്നേഹത്തിൻ്റെയും ശാന്തിയുടെയും അന്തരീക്ഷം നിലനിന്നിരുന്നു. കാരണം, അവര്‍ ആത്മീയത മനസ്സിലാക്കിയിരുന്നു. ജീവിതം എന്തെന്നും എന്തിനുവേണ്ടിയെന്നും അവര്‍ക്കറിയാമായിരുന്നു. അവര്‍ ജീവിതം പടുത്തുയര്‍ത്തിയിരുന്നതു് ആദ്ധ്യാത്മികതയിലായിരുന്നു. എന്നാല്‍ ഇന്നവയൊക്കെ വെറും മുത്തശ്ശിക്കഥകളായി മാറിയിരിക്കുന്നു.

ഇന്നു് ഒരു കുടുംബത്തില്‍ മൂന്നുപേരുണ്ടെങ്കില്‍ മൂന്നുപേരും ഒരു സമുദ്രത്തിലെ മൂന്നു ദ്വീപില്‍ കഴിയുന്നതുപോലെയാണു ജീവിക്കുന്നതു്. ഓരോരുത്തര്‍ക്കും അവരവരുടെതായ രീതിയുണ്ടു്. തമ്മില്‍ യാതൊരു യോജിപ്പുമില്ല. ആദ്ധ്യാത്മികത അറിഞ്ഞിരുന്നാല്‍, ഈ അവസ്ഥ നമ്മുടെ കുടുംബങ്ങളില്‍നിന്നെങ്കിലും ഒഴിവാക്കുവാന്‍ കഴിയും. ഹൃദയത്തെ ഹൃദയത്തോടടുപ്പിക്കുന്ന തത്ത്വമാണു് ആദ്ധ്യാത്മികത.

സമുദ്രത്തില്‍ നീന്താന്‍ പഠിച്ചവന്‍ സമുദ്രത്തിലെ തിരകളില്‍ നീന്തിരസിക്കും. ഓരോ തിരയും അവനു് ആനന്ദമരുളും. എന്നാല്‍ നീന്തലറിയാത്തവനാണെങ്കില്‍ തിരകളുടെ അടിയേറ്റു് മറിഞ്ഞുവീഴും. ഇതുപോലെ, ആദ്ധ്യാത്മികത അറിഞ്ഞവന്‍, ജീവിതത്തിലെ ഓരോ പ്രതിബന്ധത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടും. ഓരോ സാഹചര്യത്തെയും പ്രതിബന്ധത്തെയും പുഞ്ചിരിയോടെ നേരിടുക എന്നൊരു തത്ത്വമാണു് ആദ്ധ്യാത്മികത.

ആദ്ധ്യാത്മികതത്ത്വം മനസ്സിലാക്കാത്തവരാകട്ടെ ഒരു നിസ്സാരകാര്യമുണ്ടായാല്‍ മതി തകര്‍ന്നുപോകും. ഒരിടത്തു നില്ക്കുമ്പോള്‍, അറിയാതെയാണു് അമിട്ടു പൊട്ടുന്നതെങ്കില്‍, ഭയന്നു ഞെട്ടും. എന്നാല്‍ അറിഞ്ഞുകൊണ്ടു നിന്നാല്‍ ഞെട്ടിത്തളരില്ല. സാഹചര്യങ്ങളുടെ മുന്നില്‍ പതറില്ല. ചിലര്‍ക്കൊരു ധാരണയുണ്ടു്, ആദ്ധ്യാത്മികതയെന്നാല്‍ അന്ധവിശ്വാസമാണെന്നു്. പക്ഷേ, ആദ്ധ്യാത്മികത അന്ധകാരത്തെ അകറ്റുന്ന ആദര്‍ശമാണു്.

ചെറുപ്പക്കാര്‍ക്കു ശരിയായ തത്ത്വം പറഞ്ഞുകൊടുക്കാതെ പലരും അവരുടെ മനസ്സിനെ വഴിതെറ്റിക്കുകയാണു ചെയ്യുന്നതു്. ചിലര്‍ ചോദിക്കും, വിശക്കുന്നവനു മതം ഭക്ഷണമല്ലല്ലോ എന്നു്. ശരിയാണു്, പക്ഷേ, അമ്മ ചോദിക്കട്ടെ, സുഭിക്ഷമായി ഭക്ഷണം കഴിച്ചു് എയര്‍ക്കണ്ടീഷന്‍ മുറിയില്‍ വിശ്രമിക്കുന്നവരും വിമാനവും കപ്പലുമൊക്കെയുള്ളവരും വിഷം കുത്തിവച്ചും സ്വയം വെടിവച്ചും ട്രെയിനിൻ്റെ കീഴില്‍ തലവച്ചും ഫാനില്‍ കെട്ടിത്തൂങ്ങിയും മറ്റും ആത്മഹത്യ ചെയ്യുന്നതെന്തിനാണു്?

അപ്പോള്‍ ഈ ഭക്ഷണത്തില്‍നിന്നും ആഡംബരത്തില്‍നിന്നും നേടിയ സുഖത്തിനും അപ്പുറം മറ്റെന്തോ ഒന്നു് ഉള്ളതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നതു്. അപ്പോള്‍ നമ്മള്‍ സ്വീകരിക്കേണ്ടതു്, ജീവിതത്തില്‍ പകര്‍ത്തേണ്ടതു് എന്താണു്? മനസ്സമാധാനം തരുന്ന ആ തത്ത്വം. അതു് ആദ്ധ്യാത്മികമാര്‍ഗ്ഗംതന്നെ. മക്കളേ, ഈ വീടും സ്വത്തും മറ്റും സമ്പാദിക്കുന്നതും സ്ഥാനമാനങ്ങള്‍ നേടുന്നതും കഷണ്ടിത്തലയ്ക്കു ചീപ്പു ശേഖരിക്കുന്നതുപോലെയാണു്. ഇതിനര്‍ത്ഥം വെറുതെയിരിക്കണമെന്നല്ല, കര്‍മ്മം ചെയ്യാതെ അലസരായിട്ടിരിക്കണമെന്നുമല്ല. കര്‍മ്മം ചെയ്യുന്നതു്, അതിൻ്റെ മര്‍മ്മം മനസ്സിലാക്കി വേണം, ബന്ധമില്ലാതെ ആയിരിക്കണം.

മക്കളേ, നമ്മളെല്ലാം ഒരേ ആത്മാവിൻ്റെ വിവിധരൂപങ്ങള്‍ മാത്രമാണു്. ഒരേ മിഠായി പല റാപ്പറുകളില്‍ പൊതിഞ്ഞിരിക്കുന്നതു പോലെ. പച്ച റാപ്പറില്‍ പൊതിഞ്ഞ മിഠായി, ചുവന്ന റാപ്പറിലെ മിഠായിയെ നോക്കി പറയും, ‘ഞാന്‍ വേറെ, നീ വേറെ’ എന്നു്. ചുവപ്പു നീലയെ നോക്കിപ്പറയും, ‘ഞാന്‍ വേറെ, നീ വേറെ’ എന്നു്. പൊതിഞ്ഞിരിക്കുന്ന റാപ്പര്‍ പൊളിച്ചു നോക്കിയാല്‍, എല്ലാം ഒന്നുതന്നെ. ഈയൊരു വ്യത്യാസമാണു നമ്മളിലും നിലനില്ക്കുന്നതു്. എന്നാല്‍ ഇതു മനസ്സിലാക്കാതെ, ബാഹ്യതയില്‍ ഭ്രമിച്ചു്, എന്തെല്ലാം പ്രശ്‌നങ്ങളാണു ലോകത്തില്‍ നടക്കുന്നതു്.

എന്തുകൊണ്ടു് ഈ യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല എന്നുചോദിച്ചാല്‍ നമ്മിലെ കുഞ്ഞുഹൃദയം നഷ്ടമായി. ഇതുമൂലം ആത്മസത്തയെ അറിയാന്‍ കഴിയുന്നില്ല, ബ്രഹ്മാനുഭൂതി നുകരാന്‍ സാധിക്കുന്നില്ല. അമ്മ കുഞ്ഞുഹൃദയം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, വിവേകത്തോടുകൂടിയ ഹൃദയമാണു്. ചിലര്‍ ചോദിക്കും കുഞ്ഞുങ്ങള്‍ക്കു വിവേകമില്ലല്ലോ എന്നു്. അവരുടെ വിശ്വാസവും ഭാവനാശക്തിയുമാണു ഇവിടെ അര്‍ത്ഥമാക്കുന്നതു്.

ഒരു കുട്ടി ഒരു കല്ലെടുത്തുവച്ചിട്ടു് ഇതു സപ്രമഞ്ചം എന്നുപറഞ്ഞാല്‍ ആ കുട്ടിക്കു് അതു സപ്രമഞ്ചംതന്നെയാണു്. അതിൻ്റെ മുന്നില്‍ ഒരു കമ്പും പിടിച്ചു വാളേന്തിയ രാജാവിനെപ്പോലെ നില്ക്കുന്ന അവൻ്റെ ഭാവം താന്‍ രാജാവാണെന്നുതന്നെയാണു്. അവൻ്റെ വര്‍ത്തമാനവും ഭാവവും എല്ലാം അതേമട്ടിലാണു്. താനിരിക്കുന്നതു കല്ലിലാണെന്നോ; കൈയിലുള്ളതു വാളല്ല വടിയാണെന്നോ, അവന്‍ ചിന്തിക്കുന്നില്ല. അവനെ സംബന്ധിച്ചു് അവൻ്റെ കൈയിലുള്ളതു യഥാര്‍ത്ഥ വാളുതന്നെ. ഈയൊരു ഭാവനാശക്തിയും വിശ്വാസവും നിഷ്കളങ്കതയും നമുക്കു നഷ്ടമായി. പകരം അസൂയയുടെയും കുശുമ്പിൻ്റെയും ഒരു പ്രതിരൂപം മാത്രമായി മാറിയിരിക്കുന്നു.

ഈ നിഷ്കളങ്കത നിറഞ്ഞ ഹൃദയവും വിവേകം നിറഞ്ഞ ബുദ്ധിയും ആണു് ആത്മീയജീവിക്കു് അവശ്യംവേണ്ടതു്. അതുണ്ടെങ്കിലേ അനുഭൂതി നുകരാന്‍ കഴിയൂ. അങ്ങനെയുള്ളവൻ്റെ ജീവിതത്തിലേക്കു ദുഃഖത്തിനോ നിരാശയേ്ക്കാ കടന്നുചെല്ലാന്‍ സാദ്ധ്യമല്ല. മക്കളേ, ശാന്തി അനുഭവിക്കണമെങ്കില്‍ നിഷ്‌കളങ്കഹൃദയം കൂടാതെ പറ്റില്ല. നിഷ്‌കളങ്കഹൃദയത്തിലേ ഈശ്വരനു വസിക്കുവാന്‍ സാധിക്കൂ.