നീനാ മാര്‍ഷല്‍ – (2013)

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു് ഈ സംഭവം നടന്നതു്. എന്നാലും ഇപ്പോഴും അതെൻ്റെ ഓര്‍മ്മകളില്‍ പുതുമയോടെ നിറഞ്ഞുനില്ക്കുന്നു. അന്നു ഞാന്‍ ആശ്രമത്തിലെ അന്തേവാസിയായിട്ടു് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും; എയിംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു് ഏകദേശം അഞ്ചു വര്‍ഷവും. എൻ്റെ പാസ്പോര്‍ട്ടു് എങ്ങനെയോ നഷ്ടപ്പെട്ടു പോയതുകൊണ്ടു പുതിയതു് ഒരെണ്ണം വാങ്ങാനായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയിലേക്കു പോയതായിരുന്നു ഞാന്‍.

രാത്രി ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള ഒരു ട്രെയിനിലാണു ഞാന്‍ തിരിച്ചുവന്നതു്. എൻ്റെ മുന്നിലെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരുന്നിരുന്നു. അദ്ദേഹം സ്ഥലത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒരു പ്രാസംഗികനായിരുന്നു എന്നു് അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. എൻ്റെ അടുത്തിരുന്നിരുന്ന ഒരു സ്ത്രീ എനിക്കു് ഒരു കപ്പു ചായ നീട്ടി. ഞാന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”വേണ്ട, കുറച്ചു മുന്‍പു കുടിച്ചു.”

ഞാന്‍ മലയാളം സംസാരിക്കുന്നതു കേട്ടപ്പോള്‍ മുന്‍പിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ കണ്ണുകള്‍ അദ്ഭുതംകൊണ്ടു വിടര്‍ന്നു. ”നിങ്ങള്‍ അമ്മയുടെ ആശ്രമത്തില്‍നിന്നു വരികയാണോ?” അദ്ദേഹം അന്വേഷിച്ചു. എൻ്റെ വെള്ളവസ്ത്രം കണ്ടപ്പോള്‍ അദ്ദേഹം ഊഹിച്ചിരിക്കണം. ”അതെ, അമ്മയെ അറിയാമോ?”ഞാന്‍ ചോദിച്ചു.

എന്നെ നേരിടാന്‍വേണ്ടി അദ്ദേഹം നിവര്‍ന്നിരുന്നു. ”എനിക്കമ്മയെ വിശ്വാസമൊന്നുമില്ല.” പരിഹാസത്തോടെ അദ്ദേഹം തുടര്‍ന്നു, ”ഞാനൊരു ചോദ്യം ചോദിച്ചോട്ടേ?”

അദ്ദേഹത്തിൻ്റെ ചോദ്യം ചെയ്യല്‍ രാത്രി മുഴുവന്‍ നീണ്ടു നിന്നു. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ‘മംഗ്ലീഷി’ലാണു ഞങ്ങള്‍ സംസാരിച്ചതു്. ചുറ്റുമുള്ളവര്‍ക്കു് അതൊരു നല്ല കാഴ്ചയായിരുന്നു. പാശ്ചാത്യയായ ഒരു ബ്രഹ്‌മചാരിണിയും ഒരു കമ്മ്യൂണിസ്റ്റ് വാഗ്മിയുമായുള്ള വാക്തര്‍ക്കം പലരും ഉറങ്ങാതെ, കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാധാരണഗതിയില്‍ അങ്ങനെ ഒരു അവസ്ഥയില്‍ ഞാന്‍ വിരണ്ടു പോയേനെ. എല്ലാവരും കേട്ടുകൊണ്ടിരിക്കെ ഒരു അപരിചിതനോടു് ഒറ്റയ്ക്കു തര്‍ക്കിക്കേണ്ടി വരികയാണെങ്കില്‍, ഞാനതു നേരിടാതെ ഒഴിഞ്ഞു മാറിയേനെ. എന്നാല്‍ അന്നു് ആ രാത്രിയില്‍ അമ്മയുടെ കാരുണ്യത്തിൻ്റെ ഒരു നേര്‍ത്ത നൂല്‍വെട്ടം എന്നിലേക്കു് ഒഴുകിയെത്തുന്നതു ഞാന്‍ അനുഭവിച്ചറിഞ്ഞു. ഒരിക്കലും ക്ഷോഭത്തിനടിമപ്പെടാതെ, ശാന്തമായ ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ വാക്ശരങ്ങളെ നേരിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല.

എന്നെ മനഃപൂര്‍വ്വം തളര്‍ത്തണം എന്നുദ്ദേശിച്ചുകൊണ്ടുതന്നെയാണു് അദ്ദേഹം സംസാരിച്ചിരുന്നതു്. ഏതു മതത്തില്‍പ്പെട്ടവരെയും തര്‍ക്കിച്ചു തോല്പിക്കാന്‍ വേണ്ടിയായിരിക്കണം, എല്ലാ മതത്തിൻ്റെയും ഗ്രന്ഥങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നോടു ചോദിച്ച ചോദ്യങ്ങളൊന്നും സത്യത്തില്‍ എനിക്കു് ഓര്‍മ്മയില്ല. അവയ്ക്കു മറുപടി പറഞ്ഞിരുന്നതു ഞാനല്ലല്ലോ. എന്നാല്‍ അദ്ദേഹത്തിൻ്റെ ഓരോ ചോദ്യത്തിനും എന്നില്‍നിന്നു വന്ന മറുപടി കേട്ടപ്പോള്‍ അവസാനം കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതുതന്നെയാണു് അമ്മ പ്രവര്‍ത്തിച്ചു കാണിക്കുന്നതു് എന്നു് അദ്ദേഹം സമ്മതിച്ചു.

ഈശ്വരനെ മാറ്റിനിര്‍ത്തിയാല്‍, അദ്ദേഹം പറഞ്ഞ നീതിശാസ്ത്രവും ജീവിതമൂല്യങ്ങളും അമ്മയുടെ ഉപദേശങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അമ്മയുടെ ആദ്ധ്യാത്മികേപദേശങ്ങള്‍ വളരെ പ്രായോഗികമാണു്, ഏതു നാട്ടിലെയും ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പിന്‍തുടരാന്‍ കഴിയുന്നവയാണു്.

അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കും ഉന്നയിച്ച തര്‍ക്കങ്ങള്‍ക്കുമെല്ലാം വളരെ ആധികാരികമായും വ്യക്തമായും ഞാന്‍ മറുപടി പറഞ്ഞു എന്നതു മാത്രമല്ല അദ്ഭുതം. എനിക്കു് അതിനു മുന്‍പു് അറിവില്ലായിരുന്ന കാര്യങ്ങള്‍പ്പോലും ഞാന്‍ പറഞ്ഞു കളഞ്ഞു! പറയുന്ന വസ്തുതകളെല്ലാം മഹാത്മാഗാന്ധിയെയും സനാതനധര്‍മ്മത്തിലെ മറ്റു മഹാത്മാക്കളെയും ഉദ്ധരിച്ചു ഞാന്‍ ന്യായീകരിക്കുന്നതു കേട്ടപ്പോള്‍ കേള്‍ക്കുന്നവര്‍ എല്ലാവരും അദ്ഭുതത്തോടെ എന്നെ ഉറ്റുനോക്കുന്നതു ഞാന്‍ അറിഞ്ഞു. സത്യം പറയാമല്ലോ, അവരെക്കാള്‍ അദ്ഭുതം എനിക്കായിരുന്നു. അമ്മയുടെ മകള്‍ എന്ന നിലയില്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയിരിക്കുമ്പോഴും ഇതൊന്നും എൻ്റെ കഴിവല്ല എന്ന പൂര്‍ണ്ണബോദ്ധ്യമുള്ളതുകൊണ്ടു് ഉള്ളിൻ്റെയുള്ളില്‍ വിനയത്തോടെയും എളിമയോടെയും ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. എനിക്കു് ഇറങ്ങേണ്ട സമയമായി. അതുവരെ എന്നോടു തര്‍ക്കിച്ചുകൊണ്ടിരുന്നയാള്‍ പുഞ്ചിരിയോടെ പറഞ്ഞു, ”ജീവിതത്തില്‍ ആദ്യമായാണു് എൻ്റെ എതിരാളിയുടെ വാദങ്ങള്‍ ഞാന്‍ സമ്മതിച്ചുകൊടുക്കുന്നതു്.” തുടര്‍ന്നു് അദ്ദേഹം രാത്രി മുഴുവന്‍ ഉറങ്ങാതെ ഞങ്ങളുടെ തര്‍ക്കം ശ്രദ്ധിച്ചിരുന്നവരോടു പറഞ്ഞു, ”അവരുടെ അഭിപ്രായങ്ങള്‍ ശരിയാണു് എന്നു സമ്മതിച്ചുകൊടുക്കുന്നതില്‍ എനിക്കു സന്തോഷമുണ്ടു്.”

എല്ലാവരും കൈയടിച്ചു. ഞാന്‍ പറഞ്ഞു, ”എനിക്കിതൊക്കെ പറയാന്‍ കഴിഞ്ഞതു് അമ്മയുടെ അനുഗ്രഹംകൊണ്ടു മാത്രമാണു്. ഞാനൊരു ഉപകരണം മാത്രം. ഒരു പൊട്ടിയ സംഗീതോപകരണംകൊണ്ടുപോലും മഹത്തായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്ന സംഗീതജ്ഞനെപ്പോലെയാണു് അമ്മ.”

ആശ്രമത്തിലേക്കു തിരിച്ചെത്തിയപ്പോഴും ഒരേസമയം അദ്ഭുതവും സന്തോഷവുമുണര്‍ത്തിയ ഈ സംഭവമായിരുന്നു എൻ്റെ മനസ്സില്‍. അന്നു ദര്‍ശനമില്ലാത്ത ദിവസമായിരുന്നു. അമ്മ പതിവുപോലെ മക്കളുടെകൂടെ ധ്യാനിക്കാനായി ഹാളിലേക്കു വന്നു. ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ അന്നു പതിവിനു വിപരീതമായി ധ്യാനത്തിനുശേഷം അമ്മ സംസാരിക്കാന്‍ തുടങ്ങി.

”നമഃശിവായ മക്കളേ! ഇന്നു മക്കളുടെ ചോദ്യങ്ങള്‍ക്കു് ഉത്തരം പറയുന്നതിനു പകരം അമ്മ മക്കളോടു ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുകയാണു്. നിങ്ങള്‍ക്കു് എന്താണു പറയാനുള്ളതെന്നു് അമ്മ കേള്‍ക്കട്ടെ. നിങ്ങള്‍ ബസ്സിലോ ട്രെയിനിലോ ഒരു യാത്ര പോകുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ മുന്‍പില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണു് ഇരിക്കുന്നതെന്നു വിചാരിക്കൂ. അയാള്‍ മക്കളോടു് ഇങ്ങനെ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്താണു മറുപടി പറയുക?” തുടര്‍ന്നു് അമ്മ തലേ ദിവസം ഞാന്‍ ട്രെയിനില്‍ കണ്ട മനുഷ്യന്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ ഓരോന്നും വിട്ടുപോകാതെ വഴിവഴിയായി ചോദിച്ചു.

ഞാന്‍ ഒരു ബിംബം കണക്കെ അമ്മയെ നോക്കിയിരുന്നു. എനിക്കു് ഒന്നും ശബ്ദിക്കാനാകുന്നില്ല. പലരും പല ഉത്തരങ്ങളും പറയുന്നുണ്ടു്. അമ്മ കുറച്ചുനേരം മക്കള്‍ പറയുന്നതു കേട്ടിരുന്നു. പിന്നെ പറഞ്ഞു, ”മക്കളു പറയുന്നതു ശരിതന്നെ. പക്ഷേ, ഇതും കൂടി പറഞ്ഞാല്‍ കൂടുതല്‍ നന്നാകും.”

എന്നിട്ടു് അമ്മ ഞാന്‍ തലേ ദിവസം പറഞ്ഞ ന്യായങ്ങളെല്ലാം വിട്ടുപോകാതെ പറഞ്ഞു. ഞാന്‍ അപ്പോഴും ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണു്. അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഒരക്ഷരംപോലും മറുപടി പറയാന്‍ പറ്റുന്നില്ല. ഞാന്‍തന്നെയാണു തലേദിവസം നിന്നെക്കൊണ്ടു് ഇതെല്ലാം പറയിച്ചതു് എന്നു് എനിക്കു സ്പഷ്ടമാക്കിത്തരികയായിരുന്നോ അമ്മ?

പിന്നീടു് അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തേക്കു് ഓടിച്ചെന്നു, എനിക്കു ട്രെയിനിലുണ്ടായ അനുഭവത്തെപ്പറ്റി പറഞ്ഞു. അമ്മ പുരികമുയര്‍ത്തി, കണ്ണു വിടര്‍ത്തി അദ്ഭുതഭാവത്തോടെ എല്ലാം കേട്ടിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ നിഷ്‌കളങ്കതയോടെ ചോദിച്ചു, ”ആണോ മോളേ!” •
(വിവ: പത്മജ ഗോപകുമാര്‍)