സ്വാമി തുരീയാമൃതാനന്ദ പുരി

കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നു
നീളെനിഴൽ,വെയിലെന്നപോലെ
കാലവും മൃത്യുവുമൊന്നിച്ചുപോകുന്നു
വാക്യവുമർത്ഥവുമെന്നപോലെ!

ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്ന
തത്ത്വമറിഞ്ഞവർക്കത്തലില്ല;
മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽ
ജീവിതത്തിന്റെ തുടക്കമത്രെ!

കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂ
കാലത്തിനൗദാര്യശീലമില്ല;
കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിത
കാലം നിലനിന്നു മാഞ്ഞുപോകും!

കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലും
കർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!
കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,
കർമ്മത്തിനൊത്തപോ,ലത്രതന്നെ!

ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതും
കാലനേത്രത്തിലുലാവുകില്ല;
കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലം
കർമ്മികൾക്കെത്തിപ്പുകാലദൗത്യം!

കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാം
ശത്രുവും മിത്രവും കർമ്മജാലം
മൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാം
കർമ്മജാലത്തിൻ ഫലസ്വരൂപം!

വാഗതീതപ്പൊരുളാകുമനന്താത്മ
ചേതനമാത്രമെന്നോർക്ക നമ്മൾ!
വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ
‘ആത്മാവുബ്രഹ്‌മ’മെന്നാഗമോക്തി!

കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാം
കാലം നിയന്ത്രിച്ചാൽ മൃത്യു മായും
കാലവും മൃത്യുവും ‘സങ്കല്പ’മാണെന്നു
കാണുകിൽ ദർശനം പൂർണ്ണമാകും!