ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]