ഭാരതീയ വികസന മാതൃക

ചിരപുരാതനമെങ്കിലും നിത്യനൂതനമായ ഒരു വികസനദർശനം ഭാരതത്തിനുണ്ടു്. സഹസ്രാബ്ദങ്ങളിലൂടെ രൂപമെടുത്ത ഈ ദർശനം പണ്ടത്തെ വേദേതിഹാസങ്ങളിലെന്നപോലെത്തന്നെ ഇന്നത്തെ അമൃതഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നു. അമ്മയുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും ശ്രദ്ധിച്ചാൽ വികസന സങ്കല്പത്തെക്കുറിച്ചു നമുക്കു സമഗ്രമായൊരു ചിത്രം ലഭിക്കും. സാമൂഹ്യശാസ്ത്രത്തിലെയും ഭൗതിക ശാസ്ത്രത്തിലെയും ഗവേഷകർ അല്പമൊന്നു് അഹങ്കാരംവിട്ടു് അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചാൽ ലോകത്തിൻ്റെ വികസനത്തിനു് ഒരു ശാശ്വത മാതൃക നല്കാൻ സാധിക്കും.

മതവിശ്വാസവും പ്രകൃതിസംരക്ഷണവും

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും തമ്മിലുള്ളതു പോലെയാണെന്നു് അമ്മ പറയുന്നു. അംശവും പൂർണ്ണവും പോലെയുള്ള പരസ്പരബന്ധമാണു മനുഷ്യനും പ്രകൃതിയും തമ്മിൽ. പ്രകൃതിയുടെ ഭാഗമാണു മനുഷ്യൻ. മനുഷ്യൻ്റെ നിലനില്പിനു പ്രകൃതി അനിവാര്യമാണു്. ഈ മനുഷ്യപ്രകൃതി ബന്ധത്തിൻ്റെ ആഖ്യാനമാണു പുരാണേതിഹാസങ്ങൾ. ഇണപ്പക്ഷികളിലൊന്നിനു് അമ്പേറ്റപ്പോൾ പിടഞ്ഞതു മുനിഹൃദയം! ഒരു പക്ഷിയുടെ വേദനയുമായി താദാത്മ്യം പ്രാപിക്കുന്ന തലത്തിലേക്കു മനുഷ്യൻ ഉയരുന്നതിൻ്റെ ഉദാഹരണങ്ങൾ ഏതെങ്കിലും ഭൗതികസാമൂഹ്യശാസ്ത്രഗ്രന്ഥങ്ങളിൽ ലഭ്യമല്ല. അതു മതഗ്രന്ഥങ്ങളിലും അവയുടെ പ്രചോദനത്താൽ എഴുതപ്പെട്ട സാഹിത്യകൃതികളിലും മാത്രമേ കാണാൻ കഴിയൂ. ഭാരതത്തിൽ നിലനില്ക്കുന്ന മതവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യപ്രകൃതി ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളാണു്.

ഭൂതയജ്ഞം

ഭാരതത്തിലെ ശ്രേഷ്ഠമായ പഞ്ചയജ്ഞങ്ങളിൽ ഒന്നാണു ഭൂതയജ്ഞം. ഇതിൻ്റെ ഭാഗമായി എല്ലാ ജീവജാലങ്ങളെയും പരമാത്മസ്വരൂപത്തിൻ്റെ ഭാഗമായിക്കണ്ടു സേവിക്കുവാനാണു് അമ്മ ഉപദേശിക്കുന്നതു്. സസ്യങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം കൊടുക്കുന്ന മതപരമായ പല ചടങ്ങുകളും ഭാരതത്തിലുണ്ടു്. മാത്രമല്ല, ഇവയൊക്കെ പലപ്പോഴും പരിഗണിക്കപ്പെടുന്നതു പല ദേവീദേവന്മാരുടെയും ജീവിതവുമായി ബന്ധപ്പെട്ടതുകൊണ്ടാണു്. വൃക്ഷായുർവ്വേദവും മൃഗചികിത്സയുമൊക്കെ മതഗ്രന്ഥങ്ങളുടെ ഭാഗമായാണു ഭാരതത്തിൽ വികസിച്ചതു്. ഓരോ മനുഷ്യൻ്റെയും ജന്മനക്ഷത്രത്തിനനുസരിച്ചുള്ള സസ്യങ്ങളും ജന്തുക്കളും പക്ഷികളും മൃഗങ്ങളുമൊക്കെ ഏതൊക്കെ എന്നു നിജപ്പെടുത്തുകയും അവയെ സംരക്ഷിക്കണമെന്നു നിഷ്‌കർഷിക്കുകയും ചെയ്ത ഭരതീയ ഋഷിപാരമ്പര്യത്തിൻ്റെ പാദങ്ങളിൽ, ആധുനിക ജൈവ വൈവിധ്യ ശാസ്ത്രജ്ഞർ സാഷ്ടാംഗം പ്രണമിക്കണം. കാരണം, ഇന്നു പ്രതിദിനം 50 – 100 ജീവി വർഗ്ഗങ്ങൾ ഭൂമുഖത്തുനിന്നു് അ പ്രത്യഷമാകുന്നതു തടയാൻ തത്രപ്പെടുന്ന ആധുനികശാസ്ത്രജ്ഞർക്കു്, മതവിശ്വാസത്തിൽ കൂടിയുള്ള ഭാരതത്തിൻ്റെ ജൈവ വൈവിധ്യ സംരക്ഷണം ഒരു മാർഗ്ഗദർശനമായിരിക്കും. ‘2010‘ ഐക്യരാഷ്ട്രസഭ ജൈവവൈവിധ്യ വർഷമായാണു് ആചരിച്ചതു്. അമ്മയുടെ ‘മനുഷ്യനും പ്രകൃതിയും’ എന്ന പുസ്തകം അന്താരാഷ്ട്ര ജൈവവൈവിധ്യ ബോർഡിൻ്റെ ശ്രദ്ധയിൽകൊണ്ടു വരുന്നതു് ഈ അവസരത്തിൽ വളരെ ഉചിതമായിരിക്കും.

പഞ്ചമാതാ’ സങ്കല്പം

ഭാരതത്തിലെ ഓരോ വിശ്വാസവും ആചാരവും സങ്കല്പവും പ്രകൃതിസംരക്ഷണത്തെ മുൻനിർത്തിയാണു്. ഇതിനു് ഉത്തമ ഉദാഹരണമായി അമ്മ എടുത്തു കാണിക്കുന്നതു് ‘പഞ്ചമാതാ’ സങ്കല്പത്തെയാണു്. ദേഹമാതാ, ഗോമാതാ, ദേശമാതാ, ഭൂമാതാ, വേദമാതാ എന്നീ അഞ്ചു മാതാസങ്കല്പങ്ങൾ എങ്ങനെയാണു പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതു് എന്നു നോക്കാം.

നമുക്കു ജന്മം നല്കിയ മാതാവിനോടടുത്തു നില്ക്കുന്നതു ഗോമാതാവാണു്. മുലപ്പാലിനു ശേഷം കുട്ടികൾ മുഖ്യമായി ആശ്രയിക്കുന്നതു പശുവിൻപാലിനെയാണല്ലോ. മാത്രമല്ല, ഒരു കാർഷികവ്യവസ്ഥിതിയിൽ ‘പശുകുടുംബ’ത്തിൻ്റെ പ്രാധാന്യം വളരെ കൂടുതലാണു്. പശുവിൻ്റെ അഞ്ചു് ഉല്പന്നങ്ങളായ ‘പഞ്ചഗവ്യം’ മനുഷ്യജീവിതത്തിൽ പരമപ്രധാനസ്ഥാനം അലങ്കരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഒരു കുടുംബത്തിലെ അമ്മയുടെ സ്ഥാനമാണു് ഒരു ഗ്രാമത്തിൽ പശുവിനുള്ളതു്. ദേഹമാതാവിനെയും ഗോമാതാവിനെയും നിലനിർത്തുന്നതും ദേശമാതാവിനെ ഉൾക്കൊള്ളുന്നതും ഭൂമാതാവാണു്. ഭൂമിദേവിയെന്നും ഭൂമാതായെന്നുമൊക്കെയുള്ള സംബോധനകളിൽ നിന്നുതന്നെ ഭാരതത്തിൽ ഭൂമിക്കും പ്രകൃതിക്കും നാം നല്കിയിരുന്ന പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കും. അഥർവ്വ വേദത്തിലെ അറുപത്തിനാലു സൂക്തങ്ങൾ ഭൂമിയെക്കുറിച്ചുള്ളതാണെന്നു് അറിയുമ്പോഴാണു്, പൗരാണിക ഭാരതീയരുടെ പരിസ്ഥിതിബോധം കൂടുതൽ വ്യക്തമാകുന്നതു്.

ഐക്യരാഷ്ട്രസഭ ഭൂമിയെ സംരക്ഷിക്കാൻ വേണ്ടി ഒരു ‘Earth Charter‘ തന്നെ തയ്യാറാക്കിയിട്ടുണ്ടു്. അതിൻ്റെ പത്താമതു വാർഷികം ഈ വരുന്ന നവംബറിൽ അഹമ്മദാബാദിൽവച്ചു് ആഘോഷിക്കാൻ പോകുന്നു. ഇതിനൊക്കെ രൂപം നല്കുന്ന ഭാരതീയരുൾപ്പെടെയുള്ള വിദഗ്ധരാരും നമ്മുടെ പ്രകൃതിസങ്കല്പം മനസ്സിലാക്കുന്നില്ല എന്നതു ദുഃഖകരമായ സത്യമാണു്. പ്രകൃതി സംരക്ഷണത്തിൽ ലോകരാഷ്ട്രങ്ങൾക്കു മാതൃകയാകാൻ ഏറ്റവും യോഗ്യതയുള്ള രാഷ്ട്രം ഭാരതമാണു്. താത്വികമായും പ്രായോഗികമായും ഉള്ള ഈ അർഹത എത്ര കാലത്തേക്കു് ഉണ്ടാകുമെന്നുള്ളതു് അറിഞ്ഞുകൂടാ. കാരണം, പുതിയ പഠനങ്ങളനുസരിച്ചു് ആഗോളതലത്തിൽ അമേരിക്കയെയും യൂറോപ്പിനെയുമൊക്കെ പിൻതള്ളി ചൈനയും ഭാരതവും മലിനീകരണത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ പോകുന്നു. യൂറോഅമേരിക്കൻ രാഷ്ട്രങ്ങളിലെ ജനസംഖ്യയുടെ മൂന്നിരട്ടിയോളം വരുന്ന ഭാരതം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ വികസനത്തിൻ്റെ പേരിൽ മത്സരിച്ചു മലിനീകരണം നടത്തിയാൽ, ഭൂമിയുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നർത്ഥം.

ലോകത്തിലെ വികസന വിദഗ്ധർ ഹരിതശാസ്ത്രസാങ്കേതിക വിദ്യ(Green Technology)യിലൂടെയും ഹരിതനയങ്ങളിൽ (Green Policies) കൂടിയുമാണു പ്രകൃതിയെ സംരക്ഷിക്കാമെന്നു പ്രതീക്ഷിക്കുന്നതു്. ഈ രണ്ടു മാർഗ്ഗങ്ങളും പ്രധാനമെങ്കിലും അവയോടൊപ്പം മനുഷ്യമനസ്സുകളെക്കൂടി ഹരിതമയമാക്കുന്ന പദ്ധതികൾകൂടി ചേർന്നെങ്കിൽ മാത്രമേ പ്രകൃതിസംരക്ഷണം പൂർണ്ണമാകൂ. ഈ അവസരത്തിൽ വളരെ പ്രസക്തമായ ചില ഉപദേശങ്ങൾ അമ്മ നല്കുന്നു.

”മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാൽ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഇന്നത്തെ മനോഭാവം തുടർന്നാൽ അധികം താമസിയാതെ അതു മനുഷ്യൻ്റെതന്നെ നാശത്തിനു കാരണമാകും.” (അമൃതവാഹിനി പേജു് -186)

”മനുഷ്യൻ ജീവരാശിയുടെ ഭാഗമാണു്. അവൻ്റെ നിലനില്പിനു് ആവശ്യമായതു പ്രകൃതിയിൽ നിന്നെടുക്കാം. എന്നാൽ, അതു പ്രകൃതിയുടെ താളലയം തകർക്കാനിടയാക്കാതെ നോക്കേണ്ട ഉത്തരവാദിത്വവും അവനുണ്ടു്.” (അമൃതവാഹിനി പേജു്-87)

സർവ്വനാശത്തിൽനിന്നും സർവ്വനേട്ടങ്ങളിലേക്കു മനുഷ്യരാശിയെ നയിക്കാൻ ഈ ഉപദേശങ്ങൾ ഉപകാരപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഡോ: ടി.വി. മുരളീവല്ലഭൻ (2011)