ഡോ: ടി.വി. മുരളീവല്ലഭന്‍ (2011)
അമ്മയെന്ന പദം സുന്ദരവും സുതാര്യവും പൂര്‍ണ്ണവുമാണു്. ദുഃഖമയമായ ജീവിതസാഗരത്തില്‍ സുഖത്തിൻ്റെയും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും തുരുത്തുകള്‍ കാണിച്ചുതരുന്നതു് അമ്മയാണു്. കപടലോകത്തില്‍, ആത്മാര്‍ത്ഥമായ ഹൃദയത്തിലൂടെ ലോകത്തിൻ്റെ സുതാര്യതയെ പരിചയപ്പെടുത്തുന്നതു് അമ്മയാണു്.
‘ഓം’ എന്ന പ്രണവ മന്ത്രത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന പദമാണ് അമ്മ. ശബ്ദശാസ്ത്രപ്രകാരം അ, ഉ, മ്, എന്ന മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നാണു് ‘ഓം’ രൂപപ്പെടുന്നതു്. അമ്മയെന്ന വാക്കിലും, അ, മ എന്ന അക്ഷരങ്ങളാണുള്ളതു്. ശബ്ദപ്രപഞ്ചത്തിൻ്റെ പൂര്‍ണ്ണത എങ്ങനെയാണോ പ്രണവ(ഓം)ത്തില്‍ അടങ്ങിയിരിക്കുന്നതു്, അതേപോലെ ജീവിതത്തിൻ്റെ പൂര്‍ണ്ണതയും അമ്മയില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നു. ദേഹമാതാവിൻ്റെ മക്കള്‍ കുടുംബത്തിലൊതുങ്ങുമ്പോള്‍, ലോകമാതാവു മനുഷ്യരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ലോകമാതാവില്‍ നിന്നു പ്രപഞ്ചമാതാവായി ഉയരുമ്പോള്‍, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും ജന്തുക്കളും കാടും കടലും മലയും പുഴയും മണ്ണും വിണ്ണുമെല്ലാം അമ്മയുടെ മക്കളാകുന്നു. ഇവിടെയാണു് ‘ഓം’ ശബ്ദപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നപോലെ, ‘അമ്മ’ ദൃശ്യപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നതു്. ഈ അവസ്ഥയില്‍ അമ്മ മാതൃസ്ഥാനവും ഗുരുസ്ഥാനവും അലങ്കരിക്കുന്നു. ഇവിടെ അമ്മ ഗുരു എന്ന നിലയില്‍ ശിഷ്യരെ സത്യത്തിലേക്കു നയിക്കുകയും ‘അമ്മ’ എന്ന നിലയില്‍ മക്കളെ സത്യത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നു.
അമ്മയും പ്രകൃതിയും
മക്കളുടെ വികൃതികളും കുസൃതികളും ഇഷ്ടവും അനിഷ്ടവും സ്‌നേഹവും ദേഷ്യവുമെല്ലാം മനസ്സിലാക്കി അവരുടെ ഉയര്‍ച്ചയില്‍ ആനന്ദവും തകര്‍ച്ചയില്‍ ദുഃഖവും തോന്നുന്ന ഒരു സാധാരണ അമ്മയുടെ സ്‌നേഹവും ത്യാഗവും നമുക്കു് ഊഹിക്കുവാന്‍ കഴിയും. എന്നാല്‍ സമസ്ത ജീവജാലങ്ങളുടെയും മലകളുടെയും പുഴകളുടെയും കാറ്റിൻ്റെയും കടലിൻ്റെയും അമ്മയായ ‘അമ്മ’യ്ക്കുള്ള സ്‌നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ആഴവും പരപ്പും അളവുകള്‍ക്കപ്പുറമാണു്. പ്രപഞ്ചസ്പന്ദനം തൊട്ടറിയുന്ന അമ്മയ്ക്കു കിളികളുടെ കളകളാരവവും ഇലകളുടെ മര്‍മ്മരവും തിരമാലകളുടെ തിമര്‍പ്പും തൻ്റെ കുട്ടികളുടെ ആട്ടവും പാട്ടുമായി മാത്രമേ തോന്നുകയുള്ളൂ. പ്രകൃതിയുടെ താളം സ്‌നേഹമായും പ്രപഞ്ചത്തിൻ്റെ ലയം ത്യാഗമായും കരുതുന്ന അമ്മയുടെ മുന്‍പില്‍നിന്നും മക്കള്‍ക്കു ലഭിക്കുന്ന പ്രസാദമാണു് ഏകത്വബോധം. മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നുള്ള ബോധം. അമ്മയുടെ പല പ്രഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നതു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണു്. ഈ ബന്ധത്തെ അവഗണിച്ചു കൊണ്ടുള്ള മനുഷ്യൻ്റെ വികസനമോഹമാണു് ഇന്നു നാം അനുഭവിക്കുന്ന എല്ലാ കെടുതികള്‍ക്കും കാരണം.
അല്പശാസ്ത്രവും അര്‍ത്ഥവിദ്യയും
17, 18, 19 നൂറ്റാണ്ടുകളിലാണു് ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും വിപ്ലവകരമായി വളര്‍ന്നതു്. ജീവിതത്തിൻ്റെ എല്ലാ തലങ്ങളെയും ഇവയുടെ വളര്‍ച്ച സ്പര്‍ശിച്ചിട്ടുണ്ടു്. ഈ വളര്‍ച്ചയുടെ തുടക്കം കുറിച്ചതു ബേക്കണ്‍, ന്യൂട്ടണ്‍, ദക്കാര്‍ത്തെ തുടങ്ങിയ മഹാരഥന്മാരായിരുന്നു. പ്രകൃതിയെ അടിമയാക്കുവാനും ഒരു വേട്ടക്കാരനെപ്പോലെ പിന്‍തുടര്‍ന്നു സത്യത്തെ ഞെക്കിപ്പിഴിഞ്ഞെടുക്കുവാനുമാണു ബേക്കറിൻ്റെ ശാസ്ത്രബോധം മനുഷ്യനെ പഠിപ്പിച്ചതു്. ഐസക്ക് ന്യൂട്ടനാകട്ടെ പ്രകൃതിയെ വെറുമൊരു യന്ത്രമായി കണക്കാക്കി. ഒരു യന്ത്രത്തിനു കേടുപറ്റിയാല്‍ ഒന്നെങ്കില്‍ അതു നന്നാക്കി എടുക്കുകയോ അല്ലെങ്കില്‍ കേടുപറ്റിയ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാം. (repairing/replacement). ഇതേപ്രകാരം പ്രകൃതിയ്‌ക്കെന്തെങ്കിലും ദോഷം സംഭവിച്ചാല്‍തന്നെ മനുഷ്യസംഭാവനയായ ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ചു് അതു നന്നാക്കിയെടുക്കുകയോ കേടായ ഭാഗം മാറ്റിവയ്ക്കുകയോ ചെയ്യാമെന്നു ന്യൂട്ടണും മനുഷ്യരെ വിശ്വസിപ്പിച്ചു.
ദക്കാര്‍ത്തെയാകട്ടെ, ഭാഗിക ചിന്താപദ്ധതിയെ പ്രോത്സാഹിപ്പി ച്ചു. പ്രകൃതിയെത്തന്നെ പരസ്പര ബന്ധമില്ലാത്ത പല ഭാഗങ്ങളായി കാണാനാണു് അദ്ദേഹം വെമ്പല്‍ കൊണ്ടതു്. ഇതിൻ്റെ ഫലമായി ശരീരവും മനസ്സും പ്രകൃതിയും മനുഷ്യനും പരസ്പരബന്ധമില്ലാത്ത വ്യത്യസ്തഘടകങ്ങളായി നിലകൊള്ളുന്നു. മനുഷ്യകേന്ദ്രീകൃത വീക്ഷണമുള്ള പാശ്ചാത്യ ദൈവ ശാസ്ത്രം കൂടി ചേര്‍ന്നപ്പേള്‍ ആധുനിക വികസന മാതൃകകള്‍ പ്രകൃതിയില്‍നിന്നു വളരെ അകന്നു പോയി. മനുഷ്യൻ്റെ ആര്‍ത്തിയെ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടിയാണു് ഈ പ്രകൃതിയും ഇതിലെ വിഭവങ്ങളുമെന്നു തെറ്റിദ്ധരിച്ചു് അതിനെ പരമാവധി ചൂഷണം ചെയ്തു്, ഇന്നു ഭൂമി വാസയോഗ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.
മുകളില്‍ പറഞ്ഞ വീക്ഷണങ്ങളെല്ലാം ആധുനികശാസ്ത്രസാങ്കേതികവിദ്യയുടെയും സമ്പദ് വ്യവസ്ഥിതിയുടെയും അമരത്തിരിക്കുന്നിടത്തോളം കാലം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പ്രതിസന്ധികളായിക്കൊണ്ടിരിക്കും. സോഷ്യലിസ്റ്റു സമ്പദ്‌വ്യവസ്ഥിതി തന്നെ തകര്‍ന്നുപോയതു് അതില്‍ നിന്നുതന്നെ ഉരിത്തിരിഞ്ഞുവന്ന പ്രതിസന്ധികൊണ്ടാണെന്നു ന മുക്കറിയാം. ഇപ്പോഴത്തെ മുതലാളിത്തവ്യവസ്ഥിതിയുടെ അടിസ്ഥാനപ്രശ്‌നങ്ങളും ആര്‍ത്തിയും ചൂഷണവും അമിതോപഭോഗവുമാണു്. അധികാരത്തിൻ്റെ അഹങ്കാരവും അഴിമതിയും ഭരണവര്‍ഗ്ഗത്തിൻ്റെ ധൂര്‍ത്തും ആവിഷ്‌കാരസ്വാതന്ത്ര്യത്തിൻ്റെ അടിച്ചമര്‍ത്തലുമൊക്കെ സോഷ്യലിസ്റ്റു വ്യവസ്ഥിതിയെ തകര്‍ത്തെങ്കില്‍, ആര്‍ത്തിയും അമിതോപഭോഗവും ലാഭക്കൊതിയും ധൂര്‍ത്തുമൊക്കെയാണു മുതലാളിത്ത വ്യവസ്ഥിതിയുടെ ഇന്നത്തെ പ്രതിസന്ധികള്‍. ഇരു വ്യവസ്ഥിതികളിലും ഉണ്ടായ ഭീകരമായ പരിസ്ഥിതിപ്രശ്‌നങ്ങളുടെ മൂലകാരണം മനുഷ്യമനഃസ്ഥിതിയുടെ സംസ്‌കാരശൂന്യതയാണെന്നു് ആധുനിക സാമൂഹ്യശാസ്ത്രഗവേഷകര്‍ ഏറെക്കുറെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.
(തുടരും…)